അതെ, നോട്ട് നിരോധനം ഒരു സംഘടിത കൊള്ളയായിരുന്നു

0
90

കെ.ശ്രീജിത്ത്
‘നോട്ട് നിരോധനം ഒരു സംഘടിത കൊള്ളയാണ്. അത് സാധാരണക്കാരന്റെ കൈയ്യില്‍ നിന്നുള്ള നിയമപരമായ പിടിച്ചുപറിയാണ്. ജനം ബാങ്കില്‍ നിക്ഷേപിച്ച പണം അവരെ പിന്‍വലിക്കാന്‍ അനുവദിക്കാത്ത ഏതെങ്കിലും രാജ്യത്തിന്റെ പേര് പറയാന്‍ പ്രധാനമന്ത്രിയ്ക്ക് കഴിയുമോ?’

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് 2016 നവംബര്‍ 24ന് രാജ്യസഭയില്‍ നടത്തിയ പ്രസംഗത്തില്‍ നിന്നുള്ള വരികളാണിത്. ഇതുമാത്രമല്ല നോട്ട് നിരോധനം മൂലം രാജ്യത്തിന്റെ വളര്‍ച്ചാനിരക്ക് രണ്ട് ശതമാനം കുറയുമെന്നും അദ്ദേഹം തന്റെ പ്രസംഗത്തില്‍ പറഞ്ഞിരുന്നു. നോട്ട് നിരോധനം നടപ്പിലാക്കി ബുധനാഴ്ച ഒരു വര്‍ഷം തികയുമ്പോള്‍ രാജ്യം മുഴുവന്‍ ഓര്‍ക്കുന്നത് സാമ്പത്തിക വിദഗ്ധന്‍ കൂടിയായ മന്‍മോഹന്‍ സിങിന്റെ ഈ പ്രസംഗത്തെക്കുറിച്ചായിരിക്കും. മന്‍മോഹന്‍ സിങ് പറഞ്ഞതില്‍ നിന്ന് ഒരിഞ്ച് അങ്ങോട്ടോ ഇങ്ങോട്ടോ നോട്ട് നിരോധനം നമ്മളെ കൊണ്ടെത്തിച്ചിട്ടില്ല. അന്ന് അദ്ദേഹത്തിന്റെ ഈ പ്രസംഗം രാജ്യത്തെ മുഴുവന്‍ ഞെട്ടിച്ചിരുന്നു. കാരണം, പൊതുവെ അപൂര്‍വമായി മാത്രം വായ തുറക്കുന്ന മന്‍മോഹനില്‍ നിന്ന് ഇത്രമാത്രം കുറിക്കുകൊള്ളുന്ന, രാകിമിനുക്കിയ, രൂക്ഷമായ വാക്കുകള്‍ ഒരുപക്ഷേ ഈ രാജ്യം ഇതിനുമുമ്പ് കേട്ടിട്ടില്ല എന്നതായിരുന്നു.

‘നിങ്ങള്‍ ഇന്നുവരെ കാണാത്ത ഒരാളെ, ദരിദ്രരില്‍ ദരിദ്രനായ ഒരാളെ മനസിലോര്‍ത്തുവേണം ഒരു ഭരണാധികാരി എന്ത് തീരുമാനവുമെടുക്കാന്‍’ എന്ന് ഗാന്ധിജി പറഞ്ഞത് മറ്റെന്നത്തെക്കാളും യോജിക്കുക ഒരുപക്ഷെ ഈ സാഹചര്യത്തിലായിരിക്കും. നോട്ട് നിരോധനം ഏറ്റവുമധികം ബാധിച്ചത് ദരിദ്ര ജനവിഭാഗങ്ങളെയും സാധാരണക്കാരില്‍ സാധാരണക്കാരനെയും ചെറുകിട കച്ചവടക്കാരെയുമായിരുന്നു. ഇതില്‍ ചെറുകിട കച്ചവടക്കാര്‍ എന്നൊരു വിഭാഗം പൂര്‍ണമായും തുടച്ചുനീക്കപ്പെട്ടു. കള്ളപ്പണം തടയാനായിരുന്നു നോട്ട് നിരോധനമെന്നായിരുന്നു നരേന്ദ്ര മോദി അടക്കമുള്ളവരുടെ ന്യായം. എന്നാല്‍ 99 ശതമാനം വരുന്ന കറന്‍സിയും ബാങ്കുകളില്‍ തിരിച്ചെത്തിയതോടെ ഈ വാദം പൊളിഞ്ഞു. രാജ്യത്തെ സാമ്പത്തിക ഇടപാടുകള്‍ ഡിജിറ്റലാക്കാന്‍ വേണ്ടിയാണ് നോട്ട് നിരോധനം നടപ്പിലാക്കിയതെന്നായിരുന്നു പിന്നത്തെ വാദം. ഒരു നേരത്തെ ഭക്ഷണത്തിനുപോലും വകയില്ലാത്ത, ദരിദ്രമായ ചുറ്റുപാടുകളില്‍ ജീവിക്കുന്ന നല്ലൊരു വിഭാഗം ജനങ്ങളുള്ള ഈ രാജ്യത്ത്, ഒരുപക്ഷെ സാക്ഷരരോളം തന്നെ നിരക്ഷരരുള്ള ഒരു രാജ്യത്ത് ജനങ്ങളുടെ സാമ്പത്തിക ഇടപാടുകളെ എങ്ങിനെയാണ് പൂര്‍ണമായും ഡിജിറ്റലാക്കാന്‍ കഴിയുക എന്ന ചോദ്യത്തിന് മുന്നില്‍ അവര്‍ക്ക് ഉത്തരമില്ല.

പൂര്‍ണമായും പരാജയപ്പെട്ട ഒരു പദ്ധതിയെ ഇപ്പോഴും ‘വലിയ സംഭവമാക്കി’യാണ് നരേന്ദ്ര മോദി അവതരിപ്പിക്കുന്നത്. തെറ്റ് പറ്റി എന്ന് ഒരിക്കല്‍പ്പോലും അംഗീകരിക്കാന്‍ അദ്ദേഹം തയ്യാറായിട്ടില്ല. അദ്ദേഹത്തിന്റെ തുഗ്ലക്ക് പരിഷ്‌കാരം കൊണ്ട് 135 കോടി ജനങ്ങളുള്ള ഒരു രാജ്യം മുഴുവന്‍ ദുരന്തം അനുഭവിക്കുമ്പോഴും ഭരണാധികാരികളുടെ ധാര്‍ഷ്ട്യത്തിന് കുറവൊന്നും വന്നിട്ടില്ല. സ്വന്തം പാര്‍ട്ടിയിലെ പ്രമുഖ നേതാക്കള്‍ പോലും നോട്ട് നിരോധനത്തിനെതിരെ രംഗത്തുവന്നപ്പോഴും ഇതേ ധാര്‍ഷ്ട്യം തന്നെയാണ് അവര്‍ തുടരുന്നത്. നോട്ട് നിരോധനം പൂര്‍ണ പരാജയമാണെന്ന് മുന്‍ ധനമന്ത്രി യശ്വന്ത് സിന്‍ഹയും സുബ്രഹ്മണ്യം സ്വാമിയും ശത്രുഘ്‌നന്‍ സിന്‍ഹയും ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ ബിജെപി അംഗമല്ലാത്ത, എന്നാല്‍ മുമ്പ് വാജ്‌പേയി സര്‍ക്കാരില്‍ മന്ത്രിയായിരുന്ന അരുണ്‍ ഷൂരി ഏറെക്കാലമായി മോദി സര്‍ക്കാരിനെ നിശിതമായി വിമര്‍ശിച്ചുകൊണ്ടിരിക്കുന്ന പ്രമുഖനാണ്. നോട്ട് നിരോധനം മണ്ടത്തരമായിപ്പോയി എന്ന് അദ്ദേഹവും ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.

‘ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെടാത്ത ഒരാള്‍ക്ക് ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ അറിയില്ല’ എന്ന യശ്വന്ത് സിന്‍ഹയുടെ പരമാര്‍ശം ജെയ്റ്റിലെയെ സംബന്ധിച്ചിടത്തോളം കൃത്യമാണ്. ലോക്‌സഭയിലേയ്ക്ക് മത്സരിച്ച് തോറ്റ ജെയ്റ്റ്‌ലി ഒട്ടും താമസിയാതെ തന്നെ ധനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന രംഗം കണ്ട് ഞെട്ടിയ ജനം അദ്ദേഹം ‘നോട്ട് നിരോധനം’ പോലുള്ള മണ്ടന്‍ പരിഷ്‌കാരങ്ങള്‍ നടത്തിയില്ലെങ്കിലല്ലേ അത്ഭുതപ്പെടുള്ളൂ.

സാധാരണക്കാരന്‍ പണിയ്ക്ക് പോലും പോകാന്‍ കഴിയാതെ ദിവസങ്ങളോളം എടിഎം കൗണ്ടറുകള്‍ക്ക് മുന്നില്‍ ക്യൂ നിന്ന് ക്ഷീണിച്ച് അവശരാകുകയും ചിലര്‍ കുഴഞ്ഞുവീണ് മരിക്കുകയും ചെയ്തത് സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും ഭീതിദമായ കാഴ്ചകളിലൊന്നായിരുന്നു. മക്കളുടെ വിവാഹത്തിനോ മറ്റ് അത്യാവശ്യങ്ങള്‍ക്കോ സ്വന്തം പണം ബാങ്കുകളില്‍ നിന്ന് പിന്‍വലിക്കാന്‍ കഴിയാതെ ‘രാജ്യത്തിനുവേണ്ടി എല്ലാം സഹിച്ച’ ജനം, ഏത് രാഷ്ട്രീയ പാര്‍ട്ടിയും അതിന്റെ നേതാക്കളുമാണോ അതിനൊക്കെ കാരണം അവരുടെ തന്നെ നേതാക്കള്‍ കോടികള്‍ വരുന്ന കള്ളപ്പണം ഹവാല വഴി മെഡിക്കല്‍ കോഴയായി സ്വീകരിച്ചെന്ന വാര്‍ത്ത കേട്ട് ഞെട്ടിപ്പോയി. കോഴ വാങ്ങുമ്പോള്‍ കള്ളപ്പണമെന്നോ ഹവാലയെന്നോ വ്യത്യാസമില്ലെന്ന് കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ നേതാക്കള്‍ തന്നെ ജനത്തെ ബോധ്യപ്പെടുത്തി. അപ്പോള്‍ കൈവശം വെയ്ക്കാവുന്നതോ ബാങ്കില്‍ പിന്‍വലിക്കാവുന്നതോ ആയ പണത്തിന് പരിധികളില്ലായിരുന്നു.

കേരളത്തിലാകട്ടെ തോമസ് ഐസക്ക് എഴുതിയ നോട്ട് നിരോധനത്തെക്കുറിച്ചുള്ള പുസ്തകത്തിന്റെ പ്രകാശനം നടന്ന ചടങ്ങില്‍ എംടി വാസുദേവന്‍ നായര്‍ നടത്തിയ ചില പരാര്‍ശങ്ങളുടെ പേരില്‍ അദ്ദേഹത്തെ വ്യക്തിപരമായി തേജോവധം ചെയ്യുക കൂടി ചെയ്തു ഇവിടുത്തെ ബിജെപി നേതാക്കള്‍. നോട്ട് നിരോധനം നടപ്പിലാക്കിയ രാജ്യങ്ങള്‍ക്കെല്ലാം തകര്‍ച്ചയുടെ ചരിത്രമാണുള്ളതെന്ന അദ്ദേഹത്തിന്റെ പരാമര്‍ശം ബിജെപി നേതാക്കള്‍ക്ക് വലിയ പാതകമായിത്തോന്നുകയും അദ്ദേഹത്തെ നാട് മുഴുവന്‍ നടന്ന് ചീത്ത വിളിക്കുകയും ചെയ്തു.

ഇന്ന് രാജ്യം വളര്‍ച്ചാനിരക്ക് രണ്ട് ശതമാനം കുറഞ്ഞ് സാമ്പത്തിക പ്രതിസന്ധിയുടെ പടുകുഴിയില്‍ വീണുകിടക്കുമ്പോള്‍ മന്‍മോഹന്‍ സിങും എംടിയുമെല്ലാം പറഞ്ഞതിന്റെ പൊരുള്‍ ജനങ്ങള്‍ക്ക് മനസിലാകുന്നു. രാജ്യത്തെ കൊള്ളാവുന്ന സാമ്പത്തിക വിദഗ്ധരെല്ലാം പറയുന്നത് ഈ പ്രതിസന്ധി ഇവിടെയൊന്നും നില്‍ക്കില്ല എന്നാണ്. ഇതിന് ആരാണ് ഉത്തരവാദി? ഇപ്പോഴത്തെ പ്രതിസന്ധി പൂര്‍ണമായും മനുഷ്യനിര്‍മിതമാണ്. ഏകാധിപതികളായി വാഴുന്നതിനുവേണ്ടി നടപ്പിലാക്കുന്ന തുഗ്ലക്ക് പരിഷ്‌കാരങ്ങള്‍ മൂലം രാജ്യത്തിന് നഷ്ടമായിരിക്കുന്നത് ആയിരക്കണക്കിന് കോടി രൂപയാണ്. നോട്ട് നിരോധനം നടപ്പിലാക്കാനുണ്ടായ ചിലവ് കേട്ടാല്‍ സാധാരണക്കാരന് തല കറങ്ങും. ഭരണാധികാരികളുടെ തെറ്റായ നയങ്ങള്‍ മൂലം രാജ്യം പ്രതിസന്ധിയിലാകുമ്പോള്‍ അതിന്റെ ദുരന്തം അനുഭവിക്കുന്നത് സമൂഹത്തിന്റെ ഏറ്റവും താഴെത്തട്ടിലുള്ളവരാണ്. പക്ഷെ ഭരണാധികാരികള്‍ അപ്പോഴും അതൊന്നും വകവെയ്ക്കാന്‍ തയ്യാറാകാത്തത് അവര്‍ രാജ്യത്തെ പൗരന്‍മാരെ എത്ര പുച്ഛത്തോടെയാണ് കാണുന്നത് എന്നതിന്റെ ഉത്തമദൃഷ്ടാന്തമാണ്.