ഇന്ത്യ-ന്യൂസിലാന്‍ഡ് ട്വന്റി-20 ഫൈനല്‍ ഇന്ന്; തിരുവനന്തപുരത്ത് മഴയ്ക്ക് സാധ്യത

0
38

തിരുവനന്തപുരം: തിരുവനന്തപുരത്ത് ട്വന്റി-20 പരമ്പരയുടെ ഫൈനല്‍ മത്സരം ഇന്ന് നടക്കും. സമനിലയില്‍ നില്‍ക്കുന്ന ഏത് ടീമിനും ഇന്ന് ജയിച്ചാല്‍ പരമ്പര സ്വന്തമാക്കാം. വൈകിട്ട് ഏഴിന് കാര്യവട്ടം സ്പോര്‍ട്സ് ഹബ് സ്റ്റേഡിയത്തിലാണ് മത്സരം.

തലസ്ഥാനനഗരം ഒന്നടങ്കം കാത്തിരിക്കുന്ന ദിവസമാണിത്. എന്നാല്‍ മഴ കളി മുടക്കുമോയെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. രാവിലെ മുതല്‍ തന്നെ കാര്‍മേഘങ്ങള്‍ മൂടിയ അന്തരീക്ഷമാണ് നഗരത്തിലുള്ളത്. ഔട്ട്ഫീല്‍ഡും പിച്ചും ഉള്‍പ്പെടെയുള്ളവ പൂര്‍ണമായും മൂടിയിട്ടിരിക്കുകയാണ്. കനത്ത മഴ പെയ്താലും വെള്ളക്കെട്ടുണ്ടാകാത്ത വിധത്തിലാണു സ്റ്റേഡിയം നിര്‍മിച്ചിരിക്കുന്നത്.

തലസ്ഥാനത്ത് മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ റിപ്പോര്‍ട്ട്. ഉച്ചയ്ക്കുശേഷം 2.30 മുതല്‍ കാര്യവട്ടവും സമീപപ്രദേശങ്ങളും മഴയുടെ പിടിയിലായേക്കും. 10 മില്ലിമീറ്റര്‍ വരെ മഴയാണു പ്രതീക്ഷിക്കുന്നത്. മല്‍സരം ആരംഭിക്കുന്ന രാത്രി ഏഴു മണിയോടെ ജില്ലയുടെ മറ്റു ഭാഗങ്ങളില്‍ മഴ ശമിക്കുമെങ്കിലും നഗരത്തില്‍ തുടരുമെന്നാണ് റിപ്പോര്‍ട്ട്.

കോച്ച് രവി ശാസ്ത്രിയുടെയും ക്യാപ്റ്റന്‍ വിരാട് കൊഹ്ലിയുടെയും നേതൃത്വത്തില്‍ പിച്ച് പരിശോധിച്ച ശേഷമേ അന്തിമ ഇലവനെ തീരുമാനിക്കൂ. കഴിഞ്ഞ കളിയില്‍ അഞ്ചു സ്പെഷലിസ്റ്റ് ബോളര്‍മാരുമായാണ് ഇന്ത്യ ഇറങ്ങിയത്. അതിന്റെ ഫലം കിട്ടിയില്ല. അതുകൊണ്ടുതന്നെ നാലു ബോളര്‍മാരും ഹാര്‍ദിക് പാണ്ഡ്യയും എന്ന പഴയ ഫോര്‍മാറ്റിലേക്കു തിരിയെപ്പോകാനുള്ള സാധ്യതയുണ്ട്. കഴിഞ്ഞ കളിയില്‍ അരങ്ങേറ്റം കുറിച്ച മുഹമ്മദ് സിറാജിന് ഒരു അവസരംകൂടി ലഭിക്കുമോ എന്നു കാത്തിരുന്നു കാണേണ്ടിവരും. മലയാളിവേരുകളുള്ള ശ്രേയസ്സ് അയ്യര്‍ അന്തിമ ഇലവനില്‍ തുടരുമെന്നാണു സൂചന.

ഒരു കളി തോറ്റ ശേഷം തിരിച്ചുവന്ന് ഏകദിന പരമ്പര നേടിയ ഇന്ത്യക്ക് ട്വന്റി -20യില്‍ അതേ നാണയത്തിലാണ് ന്യൂസിലാന്റ് മറുപടി നല്‍കിയത്. കഴിഞ്ഞ രണ്ട് കളികളിലും ആദ്യം ബാറ്റ് ചെയ്തവര്‍ക്കായിരുന്നു ജയം. റണ്‍സൊഴുകുമെന്ന് കരുതുന്ന കാര്യവട്ടത്തെ പിച്ചിലും ടോസ് നേടുന്നവര്‍ ബാറ്റിങ് തെരഞ്ഞെടുക്കും.

മഴ പെയ്താല്‍ കുറഞ്ഞ ഓവറെങ്കിലും കളിക്കാന്‍ തന്നെയാണ് പദ്ധതി. അങ്ങനെ വന്നാല്‍ കൂറ്റനടിക്കാരായ കിവികള്‍ക്കാകും സാധ്യത. മുന്‍നിര ബൗളര്‍മാര്‍ പരാജയപ്പെട്ടിടത്ത് വിക്കറ്റ് വീഴ്ത്താനാകുന്ന ഒരു അഞ്ചാം ബൗളറുടെ അഭാവവും ഇന്ത്യക്ക് വെല്ലുവിളിയാണ്.