തിരുവനന്തപുരം: സ്വന്തം നാട്ടില്‍ അന്താരാഷ്ട്ര ക്രിക്കറ്റ് മല്‍സരം നടന്നിട്ടും കളി കാണാനാകാതെ ക്രിക്കറ്റ് താരം ശ്രീശാന്ത്. നിലവില്‍, ഒത്തുകളി ആരോപണത്തിന്റെ പേരില്‍ ബിസിസിഐയുടെ വിലക്കിലാണ് ശ്രീശാന്ത്. തനിക്ക് കളി കാണുന്നതിന് വിലക്ക് ഇല്ലായിരുന്നെങ്കില്‍ താന്‍ ഗ്യാലറിയില്‍ എത്തുമായിരുന്നെന്നും താരം പറഞ്ഞു.
‘എന്റെ നാട്ടില്‍ നടക്കുന്ന മത്സരം കാണാന്‍ അതിയായ ആഗ്രഹമുണ്ട്. പക്ഷേ ഞാനിപ്പോഴും ബിസിസിഐയുടെ വിലക്കിലാണ്. മത്സരം കാണാന്‍ വരെ തന്നെ അനുവദിക്കുന്നില്ല. ഇത് നിരാശയുണര്‍ത്തുന്നതാണ്. പക്ഷേ കുഴപ്പമില്ല, മറ്റ് പല കാര്യങ്ങളുമായി ഞാനീ ദിവസങ്ങളില്‍ തിരക്കിലായിരിക്കും. ക്രിക്കറ്റിന്റെ ഭാഗമല്ലാതിരിക്കുമ്പോള് കളിയെ പിന്തുടരുക എന്നത് എളുപ്പമുള്ള കാര്യമല്ല.’ ശ്രീശാന്ത് പറയുന്നു.
കളി കാണാനാകില്ലെങ്കിലും ശ്രീശാന്ത് ഇന്ത്യന്‍ ടീമിന് എല്ലാ ആശംസകളും നേരുകയാണ്. അവര്‍ പരമ്പര വിജയിക്കുമെന്നും കേരളം ഏറ്റവും നല്ല മത്സരത്തിന് വേദിയാകുമെന്നുമാണ് ഞാന്‍ കരുതുന്നത്. ഇതിനു ശേഷം സംസ്ഥാനത്തിനു ഒരുപാട് മത്സരങ്ങള്‍ ലഭിക്കുമെന്നും നമുക്ക് വിശ്വസിക്കാം. താരം പറഞ്ഞു.
ബിസിസിഐ ശ്രീശാന്തിനേര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് നേരത്തെ കേരളാ ഹൈക്കോടതി റദ്ദാക്കിയിരുന്നു. തന്റെ വിലക്കു ശരിവെച്ച ഹൈക്കോടതി തീരുമാനത്തിനെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും താരം പറയുന്നു. തന്റെ സ്വപ്നങ്ങളെ വിട്ടുകളയാന്‍ ഒരുക്കമല്ലെന്നാണ് ശ്രീശാന്ത് പറഞ്ഞിരിക്കുന്നത്.
ഒത്തുകളി ആരോപണത്തിന്റെ പേരില്‍ ബിസിസിഐയുടെ നടപടി സ്വാഭാവിക നീതിയുടെ നിഷേധമാണെന്നും വിലക്കിനാധാരമായ കാരണം ഇല്ലാതായതിനാല്‍ നടപടി തുടരാനാകില്ലെന്നും ചൂണ്ടിക്കാട്ടിയാണ് അന്ന് കോടതി വിലക്ക് റദ്ദാക്കിയത്. എന്നാല്‍ ഈ വിധിക്കെതിരെ ബിസിസിഐ അപ്പീല്‍ നല്‍കുകയും ഹൈക്കോടതി വീണ്ടും താരത്തിന് വിലക്ക് ഏര്‍പ്പെടുത്താനുള്ള ബിസിസിഐയുടെ തീരുമാനത്തിന് അംഗീകാരം നല്‍കുകയുമായിരുന്നു.
ഐപിഎല്ലില്‍ രാജസ്ഥാന് റോയല്‍സിന്റെ താരമായിരുന്ന ശ്രീ 2013 ലെ കുപ്രസിദ്ധമായ ഐപിഎല്‍ വാതുവെപ്പ് കേസില്‍ കുടുങ്ങുന്നതോടെയാണ് ക്രിക്കറ്റ് കരിയര്‍ പാതിവഴിയില്‍ അവസാനിപ്പിക്കേണ്ടി വന്നത്. 2013 സെപ്തംബറില്‍ ശ്രീയെ ക്രിക്കറ്റില്‍ നിന്ന് ബിസിസിഐ ആജീവനാന്തം വിലക്കുകയായിരുന്നു.
പിന്നീട് കേസില്‍ ശ്രീയെ കോടതി കുറ്റവിമുക്തനാക്കിയെങ്കിലും വിലക്ക് മാറ്റാന്‍ ബിസിസിഐ തയ്യാറായിരുന്നില്ല. ഇന്ത്യക്കായി 27 ടെസ്റ്റും 53 ഏകദിനവും കളിച്ചിട്ടുളള ശ്രീശാന്ത് കേരളം ഇന്ത്യയ്ക്ക് സമ്മാനിച്ചിട്ടുളള ഏറ്റവും മികച്ച ക്രിക്കറ്റ് താരമാണ്. ഏകദിനത്തില്‍ 75 വിക്കറ്റും ടെസ്റ്റില്‍ 87 വിക്കറ്റും ശ്രീ അന്താരാഷ്ട്ര ക്രിക്കറ്റില്‍ സ്വന്തമാക്കിയിട്ടുണ്ട്.