ന്യൂഡല്‍ഹി: കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവര്‍ക്ക് ആറുമാസത്തിനകം വധശിക്ഷ നല്‍കണമെന്ന് ഡല്‍ഹി വനിതാ കമ്മിഷന് അധ്യക്ഷ സ്വാതി മാലിവല്‍. ഡല്‍ഹിയില്‍ കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് ഉന്നതതല സമിതി രൂപീകരിക്കണം. കുറ്റക്കാരായവര്‍ക്ക് ആറു മാസത്തിനുള്ളില്‍ വധശിക്ഷയെന്ന നിയമം പ്രാബല്യത്തില്‍ വരണമെന്നും അവര്‍ ആവശ്യപ്പെട്ടു.
ഡല്‍ഹിയില്‍ ഏതാനും ദിവസങ്ങള്‍ക്കുമുന്‍പ് ഒന്നര വയസ്സുള്ള കുട്ടി പീഡനത്തിനിരയായി. ഒന്നര മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയാണ് കുട്ടിക്കു നടത്തേണ്ടിവന്നത്. ഇതിനു പിന്നാലെ മൂന്നു ദിവസം കഴിഞ്ഞ് ഏഴുവയസുകാരി കൂട്ടമാനഭംഗത്തിനിരയായി. പ്രായപൂര്‍ത്തിയാകാത്തവരാണ് കുട്ടികളെ പീഡിപ്പിച്ചത്. കുട്ടി ഇപ്പോഴും ഭീം റാവുഅംബേദ്കര് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുകയാണെന്നും അവര്‍ പറഞ്ഞു.
വധശിക്ഷ എന്ന ഭയത്തിലെങ്കിലും ഇത്തരം കുറ്റകൃത്യങ്ങളില്‍നിന്ന് ആളുകള്‍ പിന്മാറണമെന്നും ഇങ്ങനെയുള്ളവരുടെ മാനസികാവസ്ഥ ഇത്തരത്തില്‍ മാത്രമേ മാറ്റാനാകൂ എന്നും സ്വാതി പറഞ്ഞു. ഉന്നതതല സമിതി രൂപീകരിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ രണ്ടു വര്‍ഷമായി കേന്ദ്രസര്‍ക്കാരിനെ നിരവധിത്തവണ കണ്ടതായും ഇനി ഇക്കാര്യം ആവശ്യപ്പെട്ട് തെരുവിലിറങ്ങേണ്ടിവരുമെന്നാണ് തോന്നുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.