ഗെയില്‍ സമരം; സര്‍വ കക്ഷിയോഗത്തില്‍ പ്രധാന ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെന്ന് സമരസമിതി

0
41

കൊച്ചി: ഗെയില്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ വേണ്ടി സര്‍ക്കാര്‍ വിളിച്ച സര്‍വ കക്ഷിയോഗത്തില്‍ പ്രധാന ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെന്ന് സമരസമിതി.

ഗെയില്‍ പൈപ്പ്‌ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തു പരിഹരിക്കാന്‍ വ്യവസായമന്ത്രിയുടെ അധ്യക്ഷതയില്‍ കോഴിക്കോട് കലക്ടറേറ്റിലാണ് യോഗം ചേര്‍ന്നത്. പൈപ്പ് ലൈന്‍ കടന്നുപോകുന്ന പ്രദേശങ്ങളിലെ എംപിമാര്‍, എംഎല്‍എമാര്‍, നഗരസഭാ ചെയര്‍മാന്‍മാര്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍ എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.

സമര സമിതിയില്‍ നിന്ന് അബ്ദുല്‍ കരീം, ജി അക്ബര്‍ എന്നിവരാണ് സര്‍വ കക്ഷി യോഗത്തില്‍ പങ്കെടുത്തത്.

സര്‍വകക്ഷി യോഗത്തില്‍ സമവായമായെന്നും ഗെയില്‍ പൈപ്പ്‌ലൈനിന്റെ അലൈന്‍മെന്റില്‍ മാറ്റം വരുത്തില്ലെന്നും സംസ്ഥാന വ്യവസായ മന്ത്രി എസി മൊയ്തീന്‍ സര്‍വ കക്ഷി യോഗത്തിനു ശേഷം വ്യക്തമാക്കി.

പൈപ്പ് ഇടല്‍ പദ്ധതി നടപ്പാക്കുന്നത് മൂലം വീട് നഷ്ടപ്പെടുന്നവര്‍ക്ക് പുനരധിവാസ പാക്കേജ് നടപ്പാക്കുമെന്നും ഭൂമി എടുക്കുമ്പോള്‍ ഫെയര്‍ വാല്യൂവിന്റെ വിഷയം സര്‍ക്കാര്‍ ഗൗര പൂര്‍വ്വം പരിഗണിക്കുമെന്നും എസി മൊയ്തീന്‍ വ്യക്തമാക്കി. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നതിനും പ്രദേശവാസികളെ വിവരങ്ങള്‍ അറിയിക്കുന്നതിനും പഞ്ചായത്തില്‍ ഹെല്‍പ്പ് ലൈന്‍ സ്ഥാപിക്കും. നഷ്ടപരിഹാരം കാലതാമസമില്ലാതെ വിതരണം ചെയ്യും. കഴിഞ്ഞദിവസം സമരക്കാര്‍ക്കെതിരേ ഉണ്ടായ പൊലിസ് നടപടി മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തുമെന്ന് മന്ത്രിയും കലക്ടറും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ക്ക് ഉറപ്പ് നല്‍കി.

ജനവാസ കേന്ദ്രങ്ങളെ പദ്ധതിയില്‍ നിന്നും പൂര്‍ണമായും ഒഴിവാക്കുകയെന്നതും പൈപ്പ് ലൈന്‍ സ്ഥാപിക്കാന്‍ ഏറ്റെടുക്കുന്ന ഭൂമിയ്ക്ക് ഭൂവിലയുടെ നാലിരട്ടി നല്‍കണമെന്ന ആവശ്യവും സര്‍ക്കാര്‍ പരിഗണിച്ചില്ലെന്നും. സമര സമിതിയുടെ ആവശ്യങ്ങളും അംഗീകരിച്ചില്ലെന്ന് ചര്‍ച്ചയ്ക്കു ശേഷം യുഡിഎഫ് വ്യക്തമാക്കി.
ജനപ്രതിനിധികളും അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികളും മാത്രം യോഗത്തില്‍ പങ്കെടുത്താല്‍ മതിയെന്നായിരുന്നു തുടക്കത്തില്‍ സര്‍ക്കാര്‍ നിലപാട്.

സമരസമിതിയെ ഒഴിവാക്കിയ സര്‍ക്കാര്‍ തീരുമാനം വിവാദത്തിനിടയാക്കിയിരുന്നു. പിന്നീട് പല കോണുകളില്‍ നിന്നും ആക്ഷേപം ഉയര്‍ന്നതോടെ നിലപാട് സര്‍ക്കാര്‍ മയപ്പെടുത്തി. സമര സമിതിയില്‍ നിന്നും രണ്ട് പേരെ ക്ഷണിക്കാനായി വ്യവസായ മന്ത്രി കലക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.