ട്രംപിനു നേരെ അശ്ലീല ആംഗ്യം കാണിച്ച യുവതിയെ ജോലിയില്‍ നിന്ന് പുറത്താക്കി

0
45

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനു നേരെ അശ്ലീല ആംഗ്യം കാണിച്ച യുവതിയെ ജോലിയില്‍ നിന്ന് പുറത്താക്കി. അക്കിമ എല്‍എല്‍സി കമ്പനിയാണ് ജൂലി ബ്രിക്‌സ്മാന്‍ (50) എന്ന യുവതിയെ ജോലിയില്‍ നിന്ന് പിരിച്ചു വിട്ടത്. കമ്പനിയിലെ മാര്‍ക്കറ്റിങ് ഓഫീസറായിരുന്ന ജൂലിയെ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ച ചിത്രത്തിന്റെ അടിസ്ഥാനത്തിലാണ് പുറത്താക്കിയത്.

ഒക്ടോബര്‍ 28-ന് ട്രംപിന്റെ ഗോള്‍ഫ് റിസോര്‍ട്ടിന് സമീപത്തായാണ് സംഭവം നടന്നത്. ട്രംപിന്റെ വാഹനനവ്യൂഹത്തിന് സമീപത്തിലൂടെ സൈക്കിളില്‍ യാത്ര ചെയ്യുകയായിരുന്ന ജൂലി ട്രംപിനു നേരെ നടുവിരല്‍ ഉയര്‍ത്തി കാട്ടുകയായിരുന്നു. പിന്നീട് ഇവര്‍തന്നെ ഈ ചിത്രം ട്വിറ്ററിലും ഫെയ്‌സ്ബുക്കിലും പോസ്റ്റ് ചെയ്തു. ഇത് കാണാനിടയായ കമ്പനി മാനേജര്‍ ഇവര്‍ക്കെതിരെ നടപടി എടുക്കുകയായിരുന്നു. അമേരിക്കന്‍ സര്‍ക്കാരിനും സൈന്യത്തിനും വേണ്ടി ജോലി ചെയ്യുന്ന നിര്‍മാണ കമ്പനിയാണ് അക്കിമ എല്‍എല്‍സി.

ട്രംപിനെ കണ്ടപ്പോള്‍ രക്തം തിളച്ചതു കൊണ്ടാണ് പ്രതിഷേധിച്ചതെന്ന് ഡെമോക്രാറ്റുകാരിയായ ജൂലി പറയുന്നു. എന്നാല്‍ ജോലി സമയത്തല്ല ഫോട്ടോ പകര്‍ത്തിയതെന്നും പിന്നെ എന്തിനാണ് ജോലിയില്‍ നിന്ന് തന്നെ പിരിച്ചുവിട്ടതെന്നറിയില്ല എന്നും ജൂലി പറഞ്ഞു. ഇനിയും താന്‍ അത് ചെയ്യുമെന്നും ജൂലി വ്യക്തമാക്കി.