തിരുവനന്തപുരത്ത് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി

0
44

തിരുവനന്തപുരം: ക്രിക്കറ്റ് മത്സരത്തോടനുബന്ധിച്ച് ചൊവ്വാഴ്ച വൈകീട്ട് മൂന്നുമുതല്‍ 11 വരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. കഴക്കൂട്ടം-ശ്രീകാര്യം വരെയുള്ള ദേശീയപാതയിലൂടെ വൈകുന്നേരം 3 മുതല്‍ ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തും. ഈ റോഡില്‍ ഗതാഗതതടസ്സം ഉണ്ടാക്കുന്ന രീതിയിലോ മറ്റു വാഹനങ്ങള്‍ക്ക് കടന്നുപോകുന്നതിന് തടസ്സം ഉണ്ടാക്കുന്ന രീതിയിലോ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കുന്നതല്ല.

ക്രിക്കറ്റ് മത്സരം കാണാനെത്തുന്നവരുടെ വാഹനങ്ങള്‍ മാത്രമേ കഴക്കൂട്ടം-ശ്രീകാര്യം ദേശീയപാതയിലൂടെ 3 മുതല്‍ കടത്തിവിടുകയുള്ളൂ. ആറ്റിങ്ങല്‍ ഭാഗത്തുനിന്ന് ശ്രീകാര്യം ഭാഗത്തേക്കു വരുന്ന വാഹനങ്ങള്‍ കഴക്കൂട്ടത്തുനിന്നും ബൈപ്പാസ് റോഡിലൂടെ വന്ന് മുക്കോലയ്ക്കല്‍-കുളത്തൂര്‍-മണ്‍വിള-ചാവടിമുക്ക് വഴി പോകണം.

കഴക്കൂട്ടം ഭാഗത്തേക്ക് പോകേണ്ട ലൈറ്റ് വാഹനങ്ങള്‍ ചാവടിമുക്കില്‍ നിന്നും തിരിഞ്ഞ് എന്‍ജി. കോളേജ് മണ്‍വിള-കുളത്തൂര്‍-മുക്കോലയ്ക്കല്‍ വഴി പോകണം. ഉള്ളൂര്‍ ഭാഗത്തുനിന്ന് ആറ്റിങ്ങല്‍ ഭാഗത്തേക്ക് പോകേണ്ട വലിയ വാഹനങ്ങള്‍ ഉള്ളൂരില്‍നിന്ന് തിരിഞ്ഞ് ആക്കുളം വഴി കുഴിവിള ബൈപ്പാസിലെത്തി പോകണം.

അമ്പലത്തിന്‍കര മുസ്ലിം ജമാ അത്ത് ജങ്ഷന്‍-കുമഴിക്കര-സ്റ്റേഡിയം ഗേറ്റ് 1, 2, 3, 4 എല്‍.എന്‍.സി.പി.യുടെ പിറകുവശം-കുരിശടി ജങ്ഷന്‍ വരെയുള്ള റോഡില്‍ യാതൊരുവിധ പാര്‍ക്കിങ്ങുകളും അനുവദിക്കുന്നതല്ല. ഈ റോഡ് വണ്‍വേയാണ്.

കാര്യവട്ടം ജങ്ഷനില്‍നിന്ന് എല്‍.എന്‍.സി.പി.ഇ-കുരിശടി ജങ്ഷന്‍-പുല്ലാന്നിവിള വരെയുള്ള റോഡില്‍ യാതൊരുവിധ പാര്‍ക്കിങ്ങുകളും അനുവദിക്കുന്നതല്ല. പാര്‍ക്കിങ് സ്ഥലങ്ങള്‍ കാര്യവട്ടം യൂണിവേഴ്സിറ്റി കാമ്പസ് (എല്ലാത്തരം വാഹനങ്ങളും). ഗവ. കോളേജ് കാര്യവട്ടം (കാര്‍, ടുവീലര്‍), ബി.എഡ് സെന്റര്‍ കാര്യവട്ടം (കാര്‍, ടു വീലര്‍), എന്‍.എന്‍.സി.പി.ഇ ഗ്രൗണ്ട് (കാര്‍), കാര്യവട്ടം-തൃപ്പാദപുരം റോഡിന്റെ ഒരുവശം (ബസുകള്‍), അമ്പലത്തിന്‍കര മുസ്ലിം ജമാ അത്ത് ഗ്രൗണ്ട് (ടുവീലര്‍), ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം പാര്‍ക്കിങ് ഗ്രൗണ്ട് (ടുവീലര്‍).

ട്രാഫിക്കുമായി ബന്ധപ്പെട്ട പരാതികളും നിര്‍ദേശങ്ങളും താഴെപ്പറയുന്ന ഫോണ്‍ നമ്പരുകളില്‍ അറിയിക്കാവുന്നതാണ്. ഫോണ്‍ നമ്പര്‍: 0471-2558731, 2558732.