ന്യൂഡല്‍ഹി: ഇന്ത്യയ്ക്കുവേണ്ടി കളിച്ചിരുന്ന കാലത്തെ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോനിയും ഐപിഎല്ലില്‍ തന്റെ ടീമായിരുന്ന രാജസ്ഥാന് റോയല്‍സിന്റെ ക്യാപ്റ്റനായിരുന്ന രാഹുല്‍ ദ്രാവിഡും വേണ്ട സമയത്ത് തന്നെ പിന്തുണച്ചില്ലെന്ന് ശ്രീശാന്ത്. അതില്‍ നിരാശയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രാജസ്ഥാന് റോയല്‍സിന്റെ കളിക്കാരനായിരുന്നപ്പോഴാണ് ഞാന്‍ അറസ്റ്റിലായത്. അന്ന് എന്റെ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ് ആയിരുന്നു. എന്നെക്കുറിച്ച് എല്ലാം അറിയാമായിരുന്ന ദ്രാവിഡ് പിന്തുണച്ചില്ല. ഇന്ത്യന്‍ ടീം ക്യാപ്റ്റനായിരുന്ന ധോനിയ്ക്ക് താന്‍ വളരെ വികാരപരമായി മെസേജ് അയച്ചിരുന്നു. എന്നാല്‍ അദ്ദേഹവും പിന്തുണച്ചില്ല-റിപ്പബ്ലിക് ടിവിയ്ക്ക് നല്കിയ അഭിമുഖത്തില്‍ ശ്രീശാന്ത് പറഞ്ഞു.
തനിക്കൊപ്പം ഇന്ത്യന്‍ ടീമിലുണ്ടായിരുന്ന പത്തോളം മുന്‍നിര താരങ്ങള്‍ക്കെതിരെ തെളിവുകളുണ്ടെന്ന് പൊലീസ് പറഞ്ഞിരുന്നു. എന്നാല്‍ ആ പേരുകള്‍ പുറത്തുവന്നാല്‍ ഇന്ത്യന്‍ ടീമിനെയാകെ ബാധിക്കുമായിരുന്നു. ഇന്ത്യന്‍ ടീം രാജ്യത്തിന്റെ ടീമല്ല. അത് ബിസിസിഐ എന്ന സ്വകാര്യ ഏജന്‍സിയുടെ ടീം മാത്രമാണ്-ശ്രീശാന്ത് തുറന്നടിച്ചു.
ഇനി ക്രിക്കറ്റ് കളിക്കാന്‍ അനുമതി ലഭിച്ചാല്‍ മറ്റൊരു രാജ്യത്തിന് വേണ്ടിയായിരിക്കും താന്‍ കളിക്കുകയെന്നും ശ്രീശാന്ത് അഭിമുഖത്തില്‍ പറഞ്ഞു.