നോട്ട് നിരോധനം താറുമാറാക്കിയ സമ്പദ് വ്യവസ്ഥയിലേക്ക് ജിഎസ് ടി പതിച്ചത് ചൂടുവെള്ളം പോലെ: സി.പി.ജോണ്‍

0
174

തിരുവനന്തപുരം: നോട്ട് നിരോധനം ഒരു സാമ്പത്തിക ദുരന്തമാണെന്ന് നോട്ടു നിരോധനം നടപ്പായ കഴിഞ്ഞ നവംബര്‍ എട്ടിന് തന്നെ താന്‍ പ്രതികരിച്ചിരുന്നുവെന്ന് സിഎംപി ജനറല്‍ സെക്രട്ടറി സി.പി.ജോണ്‍ 24 കേരളയോട് പറഞ്ഞു. നോട്ടു നിരോധനം ഒരു സാമ്പത്തിക ദുരന്തമായി മാറുമെന്നു അന്ന് ആരും പറയാന്‍ തയ്യാറായിരുന്നില്ല. ഇന്ത്യയിലെ ഉന്നത നേതാക്കള്‍ ആരും തന്നെ ഇതൊരു സാമ്പത്തിക ദുരന്തമാകുമെന്ന് കണക്കുകൂട്ടിയിരുന്നില്ല. സി.പി.ജോണ്‍ പറഞ്ഞു.

ഇപ്പോള്‍ നോട്ടു നിരോധനം ഇന്ത്യന്‍ സമ്പദ്ഘടനയ്ക്ക് ഏല്‍പ്പിച്ച ആഘാതത്തിനു പുറമേയാണ് ജിഎസ് ടികൂടി കടന്നു വന്നിരിക്കുന്നത്. അപ്പോള്‍ ദുരന്തം പൂര്‍ത്തിയായിരിക്കുന്നു. നോട്ടു നിരോധനത്തിനു പകരം ആ അധ്വാനം ജിഎസ്ടിക്ക് വേണ്ടിയാണ് ഉപയോഗിക്കേണ്ടിയിരുന്നത്. ജിഎസ്ടി വളരെ വേഗത്തില്‍ നടപ്പിലാക്കി. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് ഒരു വര്‍ഷം മുന്‍പേയാണ് ജിഎസ് ടി നടപ്പിലാക്കേണ്ടിയിരുന്നത്. കാരണം അതില്‍ തിരുത്തല്‍ വരുത്താന്‍ ഒരു വര്‍ഷം ആവശ്യമായി വരും. മാറ്റങ്ങള്‍ക്ക് കൂടുതല്‍ സമയം എടുക്കും.

നോട്ടു നിരോധനം കാരണം താറുമാറായ സമ്പദ് വ്യവസ്ഥയ്ക്ക് മുകളിലേക്കാണ് ചൂടുവെള്ളം പോലെ ജിഎസ് ടി വീണിരിക്കുന്നത്. നോട്ടു നിരോധനവും, ജിഎസ്ടിയും കാരണം ചെറുകിട വ്യവസായം അപ്രത്യക്ഷമായ അവസ്ഥയാണ്. പെരുമ്പാവൂരിലെ പ്ലൈവുഡ് വ്യവസായം പൂട്ടിക്കഴിഞ്ഞിരിക്കുന്നു. പല പല റെസ്റ്റോറന്റുകളും ഷട്ടര്‍ ഇട്ടു തുടങ്ങി.

ഈ റെസ്റ്റോറന്റുകളിലെ ജീവനക്കാരെ നിര്‍ബന്ധിത അവധിക്ക് വിടുകയാണ്. ഹോസ്പിറ്റലുകളെയും ഈ നടപടികള്‍ ബാധിച്ചിട്ടുണ്ട്. ഭൂമിയുടെ ക്രയവിക്രയവും വല്ലാതെ കുറഞ്ഞു.75 ശതമാനം ഭൂമി ഇടപാടുകളും സ്തംഭിച്ചിരിക്കുകയാണ്. കാര്‍ഷിക വിളകളെയും പരിഷ്ക്കരണ നടപടികള്‍ ബാധിച്ചു. വിളകള്‍ എടുക്കാന്‍ ആളില്ലാത്ത അവസ്ഥ വന്നു.

കള്ളപ്പണത്തിനു പകരം കള്ളനോട്ടാണ് തിരിച്ചു കൊണ്ട് വന്നത്. നോട്ടുകള്‍ കളര്‍ ഫോട്ടോസ്റ്റാറ്റുകള്‍ വഴിപോലും എടുത്ത് ഉപയോഗിക്കപ്പെട്ടു. നമ്മള്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന നോട്ടുകള്‍ റിസര്‍വ് ബാങ്ക് എന്ത് ചെയ്തു? അതവര്‍ എടുത്ത് പ്ലൈവുഡ് കമ്പനികള്‍ക്ക് നല്‍കി.

നമ്മള്‍ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന നോട്ടുകള്‍ മെഷീന്‍ വഴി മുറിച്ച് കഷണങ്ങള്‍ ആക്കിയാണ് റിസര്‍വ് ബാങ്ക് പ്ലൈവുഡ്‌ കമ്പനികള്‍ക്ക് നല്‍കിയത്. നോട്ടുകൊണ്ട് പ്ലൈവുഡ് ഉണ്ടാക്കിയ ആദ്യത്തെ സര്‍ക്കാര്‍ ആണിത്. നോട്ടുനിരോധനം നടപ്പിലാക്കേണ്ട ഒരു സാമ്പത്തിക പ്രതിസന്ധിയും ഇന്ത്യയില്‍ ഉണ്ടായിരുന്നുമില്ല. സി.പി.ജോണ്‍ പറഞ്ഞു.