തിരുവനന്തപുരം: നോട്ടു നിരോധനം പൂര്‍ണ്ണ വിജയമാണെന്ന് ബിജെപി ദേശീയ സമിതിയംഗം പി.കെ.കൃഷ്ണദാസ് 24 കേരളയോട് പറഞ്ഞു. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ അത് നിഴലിക്കാന്‍ സമയമെടുക്കും. 99 ശതമാനം ജനങ്ങളും നോട്ടുനിരോധനത്തിന്റെ ഗുണഭോക്താക്കളായി മാറിക്കൊണ്ടിരിക്കുകയാണ്. കൃഷ്ണദാസ് പറഞ്ഞു.
നോട്ടു നിരോധനം രാഷ്ട്രപുരോഗതിക്ക് അനിവാര്യമായ ഒരു തീരുമാനമായിരുന്നു. നോട്ടു നിരോധിക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ എടുത്ത തീരുമാനം ഗുണകരമായിരുന്നുവെന്നാണ് വര്‍ത്തമാനകാല വിശകലനത്തില്‍ തെളിയുന്നത്. കള്ളപ്പണം, കള്ളനോട്ട്, ഭീകരത എന്നിവ തുരത്താന്‍ ലക്ഷ്യമിട്ടാണ് സാമ്പത്തിക രംഗത്തെ വിപ്ലവകരമായ പരിഷ്ക്കരണം കൊണ്ട് വന്നത്.
കള്ളനോട്ടുകള്‍, കള്ളപ്പണം എന്നിവയെ ഈ സാമ്പത്തിക പരിഷ്ക്കരണ നടപടികള്‍ ബാധിച്ചിട്ടുണ്ട്. ഇന്ത്യന്‍ സമ്പദ്ഘടനയ്ക്ക് ഭീഷണിയായി നിലകൊണ്ട സമാന്തര സമ്പദ് വ്യവസ്ഥയെ ഈ സാമ്പത്തിക പരിഷ്ക്കരണ നടപടികള്‍ ബാധിച്ചിട്ടുണ്ട്. ബാങ്കിലുള്ള എല്ലാ അക്കൌണ്ടുകളും നിരീക്ഷിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്.
ബാങ്ക് അക്കൌണ്ടുകളിലെ പണം അക്കൌണ്ടബിള് ആയി മാറി. മുന്‍പ് അങ്ങിനെയായിരുന്നില്ല. ആളുകള്‍ ആദായ നികുതി അടയ്ക്കാന്‍ തുടങ്ങി. ഇന്ത്യയില്‍ ആദായനികുതി അടയ്ക്കുന്നവരില്‍ 10 ശതമാനം വര്‍ധനവ് വന്നു. ബാങ്ക് അക്കൌണ്ടുകള്‍ സര്‍ക്കാര്‍ വിശകലനത്തിനു വിധേയമാക്കികൊണ്ടിരിക്കുകയാണ്.
കള്ളപ്പണം കേന്ദ്ര സര്‍ക്കാര്‍ കണ്ടുകെട്ടുക തന്നെ ചെയ്യും. 17.92 ലക്ഷം ആളുകളുടെ അക്കൌണ്ടുകളെ സംബന്ധിച്ച് ആദായനികുതി വകുപ്പും ഡിആര്‍ഐയും മറ്റും പരിശോധിച്ചു കൊണ്ടിരിക്കുന്നുണ്ട്. കള്ളപ്പണം ബാങ്കില്‍ നിക്ഷേപിച്ച രണ്ടു ലക്ഷം കടലാസ് കമ്പനികളെ സര്‍ക്കാര്‍ നിരോധിച്ചിട്ടുണ്ട്.
കടുത്ത സാമ്പത്തിക പരിഷ്ക്കരണ നടപടികള്‍ വഴി സാമ്പത്തിക മേഖല മാലിന്യരഹിതമായി മാറ്റുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തത്. നരേന്ദ്രമോദി സര്‍ക്കാരിന്റെ വളരെ ധീരമായ തീരുമാനമായിരുന്നു ഇത്. വിദേശത്തെ കള്ളപ്പണം ഇന്ത്യയിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ കമ്മിഷനെ നിയോഗിച്ചിട്ടുണ്ട്.
അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ സാമ്പത്തിക പരിഷ്ക്കരണ നടപടികളുടെ ഗുണഫലം ജനങ്ങള്‍ക്ക് പൂര്‍ണമായി അനുഭവിക്കാന്‍ കഴിയും-പി.കെ.കൃഷ്ണ ദാസ് പറഞ്ഞു.