നോട്ട് നിരോധനം ഇന്ത്യന്‍ ജനജീവിതത്തിലെ കറുത്ത പാടായി നില്‍ക്കുന്നു: പന്ന്യന്‍ രവീന്ദ്രന്‍

0
91

നോട്ട് നിരോധനം തുണച്ചത് കോര്‍പ്പറേറ്റുകളെ

പൊതുമേഖലയെ സ്വകാര്യ മേഖല വിഴുങ്ങി

തിരുവനന്തപുരം: നോട്ട് നിരോധനം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് ഗുണം ചെയ്തില്ലാ എന്ന് മാത്രമല്ല അത് ഇന്ത്യന്‍ ജനജീവിതത്തിലെ കറുത്ത പാടായി ഇന്നും നിലനില്‍ക്കുന്നുവെന്നും സിപിഐ ദേശീയ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ 24 കേരളയോട് പറഞ്ഞു. കള്ളപ്പണം തിരിച്ചു പിടിക്കാനോ, സമാന്തര സമ്പദ് വ്യവസ്ഥ തകര്‍ക്കാനോ ഒന്നും നോട്ടു നിരോധനം വഴി സാധിച്ചിട്ടില്ല. കള്ളപ്പണം കള്ളപ്പണം പോലെ തന്നെ നില്‍ക്കുന്നു. പന്ന്യന്‍ പറഞ്ഞു.

നോട്ടു നിരോധനം രാജ്യമാകെ ജനജീവിതം പ്രതിസന്ധിയിലാക്കി. ആ പ്രതിസന്ധി ഇന്നും തുടരുന്നു. ആറുമാസം കൊണ്ട് എല്ലാം ശരിയാകും എന്ന് പറഞ്ഞു. ഇപ്പോള്‍ ഒരു വര്‍ഷം ആയി. ആ പ്രതിസന്ധി രൂക്ഷമായിരിക്കുന്നു. പകല്‍പോലെ യാഥാര്‍ഥ്യമായ കാര്യമാണിത്. കോടിക്കണക്കിന് ആളുകളുടെ ജീവിതം താറുമാറായി. ഇന്ത്യന്‍ ജനതയുടെ ജീവിതത്തില്‍ ഒരു കറുത്ത പാടായി മാറുകയാണ് നോട്ടുനിരോധനം ചെയ്തത് എന്ന് ഇപ്പോള്‍ വ്യക്തമാകുന്നു.

നോട്ടു നിരോധനം നടപ്പിലാക്കിയ അന്നത്തെ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ തന്നെ പറഞ്ഞു. നോട്ടു നിരോധനം ഫലവത്തായിരുന്നില്ലാ എന്ന്. ഫലവത്തായില്ലാ എന്ന് പറയുമ്പോള്‍ നോട്ടു നിരോധനത്തെ അത് നടപ്പിലാക്കിയ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ തന്നെ തള്ളിപ്പറയുകയാണ്. നോട്ടു നിരോധന കാര്യത്തില്‍ ഒരു മുന്നൊരുക്കങ്ങളും സര്‍ക്കാര്‍ നടത്തിയിട്ടില്ലായെന്ന് പിന്നീട് തെളിഞ്ഞു.

നോട്ടു പിന്‍വലിക്കാം. അപ്പോള്‍ പകരം നോട്ട് ഇറക്കണം. 1000, 500 രൂപയുടെ നോട്ടുകള്‍ സര്‍ക്കാര്‍ പിന്‍വലിച്ചു. ശരി അപ്പോള്‍ പകരം നോട്ടു വേണം. ആ നോട്ടു വന്നില്ല. രാജ്യത്ത് വിനിമയം നടത്താന്‍ പകരം നോട്ടു വേണം. പക്ഷെ പകരം നോട്ടു വന്നില്ല. വിനിമയത്തിനു കറന്‍സി ഇല്ലാതെ എന്ത് ചെയ്യും. ജനങ്ങള്‍ പ്രതിസന്ധിയിലേക്ക് മൂക്കുകുത്തി.

സ്വന്തം പെണ്മക്കളുടെ വിവാഹത്തിനു ബാങ്കിലിട്ട ധനം പോലും രക്ഷിതാക്കള്‍ക്ക് എടുക്കാന്‍ കഴിഞ്ഞില്ല. 24000 രൂപകൊണ്ട് വിവാഹം നടത്താന്‍ കഴിയുമോ? സര്‍ക്കാര്‍ ഒന്നിനും മറുപടി നല്‍കിയില്ല. മരുന്ന് വാങ്ങാന്‍ പോലും കാശ് എടുക്കാന്‍ കഴിഞില്ല. ലോകത്ത് ഇങ്ങിനെയൊരു സംഭവം വേറെയെവിടെയും വന്നില്ല. നോട്ടു നിരോധനം വന്നപ്പോള്‍ ഇടപാടുകള്‍ ഡിജിറ്റല്‍ ആക്കാന്‍ പേ ടിഎം വന്നു. പേ ടി എമ്മിനു സര്‍വീസ് ചാര്‍ജ് നല്‍കേണ്ടെ?

ഓരോ ഡിജിറ്റല്‍ ഇടപാടിനും സര്‍വീസ് ചാര്‍ജ് നല്‍കണം. സാധാരണക്കാരന്റെ കയ്യിലുള്ള ധനം അങ്ങിനെ തന്നെ സര്‍വീസ് ചാര്‍ജ് ആയി നല്‍കണം. എന്തുമാത്രം നഷ്ടമാണ് സാധാരണക്കാരന് അനുഭവിക്കേണ്ടി വരുന്നത്. സാധാരണക്കാരന്റെ കയ്യിലുള്ള ധനം സര്‍വീസ് ടാക്സ് ആയി സര്‍ക്കാര്‍ പിടിച്ചു പറിക്കുകയാണ്.ഇന്ത്യയിലെ ജനങ്ങള്‍ ആകെ വലഞ്ഞു.ലക്ഷക്കണക്കിന് ആളുകള്‍ നോട്ടിനു വേണ്ടി ക്യൂ നിന്നു. പലരും മരിച്ചു.

സ്വന്തം ധനം ബാങ്കില്‍ നിന്ന് എടുക്കാന്‍ വേണ്ടിയാണ് ജനങ്ങള്‍ ക്യൂ നിന്നത്. അല്ലാതെ പട്ടിണിക്കഞ്ഞിക്കുവേണ്ടിയല്ലല്ലോ? ജനങ്ങള്‍ അധ്വാനിച്ച് ബാങ്കിലിട്ട കാശിനാണ്‌ ഈ ക്യൂ നില്‍ക്കല്‍. നിരോധിച്ച നോട്ടുകള്‍ റിസര്‍വ് ബാങ്ക് തിരിച്ചെടുത്തു. ആ നോട്ടിന്റെ കൌണ്ടിംഗ് പോലും ഇതുവരെ നടന്നിട്ടില്ല. നടന്നിട്ടില്ലാ എന്ന് റിസര്‍വ് ബാങ്ക് ആണ് പറയുന്നത്. എന്തിനു വേണ്ടിയാണ് നോട്ടുനിരോധനം, അത് ഫലവത്തായോ എന്നൊന്നും സര്‍ക്കാര്‍ ഇതേവരെ പറഞ്ഞിട്ടില്ല.

നോട്ടു നിരോധനം കാരണം തകര്‍ന്ന ജനങ്ങള്‍ക്ക് മുകളിലേക്കാണ് സര്‍ക്കാര്‍ ജിഎസ്ടി കൂടി കൊണ്ട് വരുന്നത്. ജിഎസ്ടി വന്നതോടെ ചെറുകിട വ്യവസായങ്ങള്‍ അപ്രത്യക്ഷമായ അവസ്ഥയിലായി. റോ മെറ്റീരിയില്‍ പ്രശ്നവും, ടാക്സും കൂടി വന്നതോടെ ചെറുകിട വ്യവസായങ്ങളുടെ കഥ കഴിഞ്ഞു എന്ന് തന്നെ പറയേണ്ടി വരും. അത്ര വലിയ പ്രതിസന്ധിയാണ് ഈ മേഖലയില്‍ നിലനില്‍ക്കുന്നത്. തൊഴിലാളികള്‍ക്ക്, ജോലി നഷ്ടമായി എന്ന് മാത്രമല്ല, തൊഴില്‍ ദിനങ്ങള്‍ കൂടി കുറഞ്ഞു. അപ്പോള്‍ എന്ത് സംഭവിച്ചു. തൊഴിലാളിയുടെ ജീവിതം താറുമാറായി.

സ്വന്തം ധനം പോലും എടുക്കാന്‍ കഴിയാത്ത അവസ്ഥയും വന്നു. കള്ളപ്പണം വെള്ളപ്പണമാക്കാന്‍ സര്‍ക്കാര്‍ നല്‍കിയ ഔദ്യോഗിക അംഗീകാരമായിരുന്നു നോട്ടു നിരോധനം. ഇന്ത്യയിലെ കള്ളപ്പണം സര്‍ക്കാര്‍ വെള്ളപ്പണമാക്കി മാറ്റാന്‍ അനുമതി നല്‍കി. അതാണ്‌ നോട്ടുനിരോധനം വഴി നടന്നത്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ കോര്‍പ്പറേറ്റുകള്‍ അവരുടെ ആസ്തി വര്‍ധിപ്പിക്കുകയാണ് ചെയ്തത്. 9.6 ശതമാനം ആസ്തി വര്‍ദ്ധിപ്പിച്ചു എന്നാണു കണക്കുകള്‍ പറയുന്നത്.

ഇന്ത്യന്‍ ജനതയുടെ ഒരു ശതമാനത്തിന്റെ വരുമാനമാണ് ഈ രീതിയില്‍ വര്‍ദ്ധിച്ചത്. ഇന്ത്യന്‍ പ്രതിശീര്‍ഷ വരുമാനം താഴുകയാണ് ചെയ്തത്. സാമ്പത്തിക വളര്‍ച്ചയുടെ അനുപാതം താണു. ഫലത്തില്‍ നോട്ടു നിരോധനം തുണച്ചത് കോര്‍പ്പറേറ്റുകളെയാണ് എന്ന് കാണാന്‍ കഴിയും. പൊതുമേഖലയെ സ്വകാര്യമേഖല വിഴുങ്ങി. റെയില്‍വേ ബജറ്റ് കൂടി ഇല്ലാതായി.

റെയില്‍വേയില്‍ നടക്കുന്ന പോക്കുവരവുകള്‍ പൊതുജന ദൃഷ്ടിയില്‍ നിന്നും അപ്രത്യക്ഷമായി. പ്ലാനിംഗ് കമ്മിഷന്‍ തന്നെ ഇല്ലാതാക്കി. ജനാധിപത്യത്തിനു പകരം സ്വേച്ഛാധിപത്യപരമായ രീതികള്‍ വന്നു. അതിന്റെ ഉത്തമ ഉദാഹരണമായിരുന്നു റിസര്‍വ് ബാങ്കിനെപ്പോലും നോക്കുകുത്തിയാക്കിയുള്ള നോട്ടു നിരോധനം എന്ന പ്രധാനമന്ത്രിയുടെ തീരുമാനം. അതുവഴി രാജ്യത്തിന്റെ സാമ്പത്തിക മേഖല തന്നെ കുത്തഴിഞ്ഞു. പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.