നോട്ട് നിരോധനം മണ്ടത്തരമായിരുന്നുവെന്ന് പ്രധാനമന്ത്രി സമ്മതിക്കണം: മന്‍മോഹന്‍ സിങ്

0
30

ന്യൂഡല്‍ഹി: നോട്ടുകള്‍ അസാധുവാക്കിയ നടപടി വലിയ മണ്ടത്തരമായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മതിക്കണമെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. ബ്ലൂംബര്‍ഗ് ക്വിന്റിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. നോട്ടുനിരോധന വിഷയത്തില്‍ രാഷ്ട്രീയം മാത്രം ചര്‍ച്ച ചെയ്യുന്നത് ഇനിയെങ്കിലും അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് അസമത്വം വര്‍ദ്ധിക്കുകയാണ്. സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങളില്‍ നോട്ടുനിരോധനം വരുത്തിയ തകര്‍ച്ച ഒരു സാമ്പത്തിക സൂചികകള്‍ക്കും കണ്ടെത്താനാകാത്ത വിധത്തിലുള്ളതാണ്-മന്‍മോഹന്‍ സിങ് ചൂണ്ടിക്കാട്ടി.

എന്നാല്‍ പണം നേരിട്ട് കൈമാറുന്ന ഇടപാടുകള്‍ കുറച്ച് കള്ളപ്പണം കണ്ടെത്താനുള്ള സര്‍ക്കാര്‍ ശ്രമം അഭിനന്ദനാര്‍ഹമായിരുന്നു. എന്നാല്‍ അത് നടപ്പിലാക്കിയ രീതി ശരിയായില്ല. കറന്‍സിരഹിത ഇടപാടുകള്‍ നടപ്പിലാക്കുമ്പോള്‍ ചെറുകിട സംരഭകരെയാണ് പ്രധാനമായും പരിഗണിക്കേണ്ടിയിരുന്നത്. എന്നാല്‍ അതുണ്ടായില്ല. പകരം ബലപ്രയോഗവും ഭീഷണികളും റെയ്ഡുകളും വിപരീതഫലമാണുണ്ടാക്കിയതെന്ന് മന്‍മോഹന്‍സിങ് പറഞ്ഞു.

ഇന്ത്യ പോലുള്ള ബഹുസ്വര രാജ്യങ്ങളെ അസമത്വം വളരെയധികം പിന്നോട്ടടിക്കുമെന്ന യാഥാര്‍ത്ഥ്യം മനസിലാക്കണമെന്നും സിങ് പറഞ്ഞു.