ഹൈദരാബാദ്: ബോളിവുഡ് ചിത്രം പദ്മാവതിക്കെതിരെ ഭീഷണിയുമായി തെലങ്കാന ബിജെപി എംഎല്‍എ രംഗത്തെത്തി. ഹൈദരബാദിലെ ഗോഷ്മഹല്‍ എംഎല്‍എയായ ടി.രാജ സിങ് ആണ് ഭീഷണി മുഴക്കിയത്. ചിത്രം പ്രദര്‍ശിപ്പിക്കുന്ന തീയേറ്ററുകള്‍ കത്തിക്കുമെന്നാണ് ഭീഷണി.
ഹിന്ദുക്കളെ ചിത്രത്തില്‍ മോശമായി ചിത്രീകരിക്കുവെന്ന് ആരോപിച്ചാണ് എംഎല്‍എയുടെ ഭീഷണി. ഭീഷണിക്കൊപ്പം ചിത്രം തടയാനും എംഎല്‍എ ആഹ്വാനം ചെയ്തു. ഇതുമായി ബന്ധപ്പെട്ട എല്ലാ പ്രതിഷേധത്തിനും താന്‍ കൂടെ ഉണ്ടാകുമെന്നും പ്രശ്നങ്ങളുണ്ടാക്കിയതിന് ആരെയെങ്കിലും അറസ്റ്റ് ചെയ്യുകയോ ബുദ്ധമുട്ട് ഉണ്ടാകുകയോ ചെയ്താല്‍ അധികാരവും സ്വാധീനവും ഉപയോഗിച്ച് അവരെ രക്ഷപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. രജപുത്ര വിഭാഗക്കാര്‍ സംഘടിപ്പിച്ച ഒരു പരിപാടിക്കിടെയാണ് രാജാസിങ് ഭീഷണി മുഴക്കിയത്. പിന്നീട് ഈ ഭീഷണി പ്രസംഗം അയാള്‍ തന്റെ ഫെയ്സ്ബുക്കിലൂടെ ഷെയറും ചെയ്തു.
പദ്മാവതിയുടെ റിലീസ് തടയണമെന്ന ആവശ്യവുമായി ബിജെപി നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. കൂടാതെ ചിത്രം റിലീസ് ചെയ്താല്‍ സമുദായ സംഘര്‍ഷമുണ്ടാകുമെന്ന് ഗുജറാത്ത് മുന്‍ മുഖ്യമന്ത്രിയും ക്ഷത്രിയ നേതാവുമായ ശങ്കര്‍സിംഗ് വഗേലയും മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഡിസംബര്‍ ഒന്നിനാണ് ചിത്രം റിലീസ് ചെയ്യാനൊരുങ്ങുന്നത്. സഞ്ജയ് ലീല ബന്‍സാലി ഒരുക്കിയ ചിത്രത്തില്‍ ദീപിക പദുക്കോണ്‍, ഷാഹിദ് കപൂര്‍, രണ്‍വീര്‍ സിങ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.