പാരഡൈസ് വെളിപ്പെടുത്തലുകളെക്കുറിച്ച് അന്വേഷണം നടത്താന്‍ ധനമന്ത്രി ഉത്തരവിട്ടു

0
41

Image result for arun jaitley
ന്യൂഡല്‍ഹി: പാരഡൈസ് പേപ്പര്‍ വെളിപ്പെടുത്തലുകളെക്കുറിച്ച് അന്വേഷണം നടത്താന്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ഉത്തരവിട്ടു. രാജ്യത്തെ വിവിധ ഏജന്‍സികള്‍ സംയുക്തമായി അന്വേഷണം നടത്തുമെന്ന് ജെയ്റ്റ്‌ലി അറിയിച്ചു. പാനമ വെളിപ്പെടുത്തലുകളെപ്പറ്റി അന്വേഷണം നടത്താന്‍ രൂപവത്കരിച്ച മള്‍ട്ടി ഏജന്‍സി ഗ്രൂപ്പ് തന്നെയാണ് പാരഡൈസ് വെളിപ്പെടുത്തലുകളും അന്വേഷിക്കുക.

നികുതി വെട്ടിച്ചുകൊണ്ടുള്ള ഇടപാടുകള്‍ അധികകാലം തുടരാന്‍ കഴിയില്ലെന്ന് പാരഡൈസ് പേപ്പര്‍ തെളിയിച്ചതായി അരുണ്‍ ജയ്റ്റ്‌ലി വ്യക്തമാക്കി. പട്ടികയിലുള്ള ചില കമ്പനികളെക്കുറിച്ച് നേരത്തെ അന്വേഷണം തുടങ്ങിയതാണെന്നും ധനമന്ത്രാലയം അറിയിച്ചു. മാധ്യമസ്ഥാപനങ്ങള്‍ ഉള്‍പ്പടെ കൂടുതല്‍ ഇന്ത്യന്‍ കമ്പനികളുടെ വിവരങ്ങള്‍ ഇന്നു പുറത്തു വന്നു.

പാരഡൈസ് പേപ്പറുകളിലൂടെ വിദേശത്തെ കൂടുതല്‍ കള്ളപ്പണ നിക്ഷേപകരെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവരികയാണ്. വിദേശത്ത് ഏറ്റവുമധികം കമ്പനികള്‍ തുറന്ന സ്ഥാപനങ്ങളില്‍ രണ്ടാം സ്ഥാനം ഇന്ത്യന്‍ കമ്പനിക്കാണ്. നന്ദ്‌ലാല്‍ ഖേംകയുടെ ഉടമസ്ഥതയിലുള്ള സണ്‍ കമ്പനി ന്യൂജേഴ്‌സിയിലും ബ്രിട്ടീഷ് വിര്‍ജിന്‍ ദ്വീപുകളിലും 100 ഉപകമ്പനികള്‍ സ്ഥാപിച്ചു എന്നാണ് പുറത്തായ രേഖകള്‍ വ്യക്തമാക്കുന്നത്.

ധന ഇടപാട് രേഖയില്‍ മാധ്യമ സ്ഥാപനമായ എന്‍ഡിടിവിയ്ക്കും മാരന്റെ കമ്പനിയില്‍ ഓഹരിയുളളതായി കാണിച്ചിട്ടുണ്ട്. ഹിന്ദുസ്ഥാന്‍ ടൈംസ്, സീ ടിവി എന്നീ സ്ഥാപനങ്ങളുടെ പേരും പാരഡൈസ് പേപ്പറിലുണ്ട്. ആപ്പിള്‍ ബി, ഏഷ്യാസിറ്റി ട്രസ്റ്റ് എന്നിവയുടെ വിവരം ചോര്‍ന്നത് ധനകാര്യ ഇടപാടുകളില്‍ രഹസ്യസ്വാഭവത്തിന്റെ കാലം കഴിഞ്ഞു എന്നതിന്റെ തെളിവാണെന്നും ജെയ്റ്റ്‌ലി പ്രതികരിച്ചു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ശക്തമായ നടപടിയുമായി മുന്നോട്ടു പോകുമെന്നും ജയിറ്റ്‌ലി അറിയിച്ചു.