ചെന്നൈ: പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് പിന്നാലെ ഡിഎംകെ നോട്ടു നിരോധനത്തിനെതിരെയുള്ള പ്രതിഷേധത്തില്‍ നിന്നും പിന്മാറി. നോട്ടുനിരോധനത്തിന്റെ വാര്‍ഷിക ദിനമായ നവംബര്‍ എട്ടിന് നടക്കേണ്ടിയിരുന്ന സമര പരിപാടികള്‍ ഉപേക്ഷിക്കുന്നതായി ഇന്നാണ് ഡിഎംകെ പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസം കരുണാനിധിയുടെ സുഖവിവരങ്ങള്‍ അന്വേഷിക്കാന്‍ മോദി ഗോപാലപുരത്തെ വീട്ടിലെത്തിയിരുന്നു. തുടര്‍ന്നാണ് ഡിഎംകെയുടെ പ്രഖ്യാപനം. എന്നാല്‍ മഴക്കെടുതികള്‍ മൂലം സംസ്ഥാനത്തെ എട്ട് ജില്ലകള്‍ ദുരിതമനുഭവിക്കുന്നതിനാലാണ് സമരം ഉപേക്ഷിച്ചതെന്നാണ് ഡിഎംകെയുടെ വിശദീകരണം.
കേന്ദ്ര മന്ത്രിമാരായ നിര്‍മല സീതാരാമന് , പൊന്‍ രാധാകൃഷ്ണന് എന്നിവരോടൊപ്പമാണ് മോദി കരുണാനിധിയെ സന്ദര്‍ശിച്ചത്. ‘വണക്കം സര്’ എന്ന അഭിവാദ്യത്തോടെയായിരുന്നു കരുണാനിധിയോട് മോദി സംസാരിച്ച് തുടങ്ങിയത്. പത്ത് മിനിറ്റ് നേരമാണ് കൂടിക്കാഴ്ച നീണ്ടുനിന്നത്. മുഖ്യമന്ത്രിയും എഐഎഡിഎംകെ നേതാവുമായ ജയലളിതയുടെ മരണത്തോടെ തമിഴ്നാട്ടില്‍ രൂപപ്പെട്ട പുതിയ രാഷ്ട്രീയ സാഹചര്യം തങ്ങള്‍ക്ക് അനുകൂലമാക്കാനുള്ള നീക്കത്തിലാണ് ബിജെപി. ഡല്‍ഹിയില്‍ തന്റെ ഔദ്യോഗിക വസതിയിലേയ്ക്ക് കരുണാനിധിയെ മോദി ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്. പ്രധാനമന്ത്രിയായതിനു ശേഷം ആദ്യമായാണ് മോദി കരുണാനിധിയെ സന്ദര്‍ശിക്കുന്നത്.
എന്നാല്‍ ജയലളിത മുഖ്യമന്ത്രിയായിരുന്ന സമയത്ത് മോദി അവരെ വീട്ടിലെത്തി സന്ദര്‍ശിച്ചിരുന്നു. ജയലളിതയുടെ മരണശേഷം തമിഴ്നാട് രാഷ്ട്രീയത്തില്‍ ഇടപെടാന്‍ ബിജെപി പല നീക്കങ്ങളും നടത്തുന്നുണ്ട്. എഐഎഡിഎംകെ ഔദ്യോഗിക പക്ഷത്തുനിന്ന് പളനിസാമി വിഭാഗത്തെ അടര്‍ത്തിയെടുത്തുകൊണ്ടുള്ള രാഷ്ട്രീയ നീക്കമായിരുന്നു ആദ്യത്തേത്. തുടര്‍ന്ന് എഐഎഡിഎംകെ ഒന്നിക്കുകയും ബിജെപിയുമായി സഹകരിക്കാന്‍ ധാരണയിലെത്തിയിരുന്നു. ബിജെപിയുമായി സഖ്യമുണ്ടാക്കുന്ന കാര്യം പല എഐഎഡിഎംകെ നേതാക്കളും പരസ്യമായിത്തന്നെ ഉന്നയിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ ഇപ്പോള്‍ കരുണാനിധിയുമായി മോദി നടത്തിയ കൂടിക്കാഴ്ച എഐഎഡിഎംകെ നേതൃത്വത്തില്‍ വലിയ ആശയക്കുഴപ്പമാണ് ഉണ്ടാക്കിയിരിക്കുന്നത്. 2019ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ദക്ഷിണേന്ത്യയില്‍ നിന്ന് കൂടുതല്‍ സീറ്റുകള്‍ ലക്ഷ്യംവയ്ക്കുന്ന ബിജെപിക്ക് തമിഴ്നാട് ഒരു പ്രധാന ലക്ഷ്യസ്ഥാനമാണ്. ആ സാഹചര്യത്തില്‍ എഐഎഡിഎംകെ മാത്രമല്ല, ഡിഎംകെയും ബിജെപിയുടെ രാഷ്ട്രീയ കളിയിലെ കരുവാണെന്ന് സൂചിപ്പിക്കുന്ന നീക്കമായാണ് ഇതിനെയും രാഷ്ട്രീയ നിരീക്ഷകര്‍ നോക്കിക്കാണുന്നത്.