നോട്ട് നിരോധനം ലക്‌ഷ്യം വെച്ചത് പൊളിറ്റിക്കല്‍ മൈലേജ് മാത്രം : ജോസഫ്.എം.പുതുശ്ശേരി

0
163

തിരുവനന്തപുരം: നോട്ടുനിരോധനം രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചുവെന്ന് കേരളാ കോണ്‍ഗ്രസ് (എം) ജനറല്‍ സെക്രട്ടറി ജോസഫ് എം.പുതുശ്ശേരി 24 കേരളയോട് പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചുവെന്ന് മാത്രമല്ല സാമ്പത്തിക പുരോഗതിയെ പിന്നോട്ട് നയിക്കുന്ന നടപടികളാണ് നോട്ടു നിരോധനം വഴി വന്നത്.

കള്ളപ്പണം കണ്ടുകെട്ടാനോ, സമാന്തര സമ്പദ്ഘടനയ്ക്ക് മൂക്കുകയറിടാനോ ഒന്നും നോട്ടുനിരോധനം കൊണ്ട് സാധിച്ചിട്ടില്ല. നോട്ടുനിരോധനം സമ്പദ് വ്യവസ്ഥയെ പിടിച്ചു കുലുക്കിയപ്പോള്‍ തന്നെ ജിഎസ് ടി കൂടി നടപ്പിലായി. എല്ലാം സമ്പദ് വ്യവസ്ഥയെ ദോഷകരമായി ബാധിച്ചു. ജിഎസ് ടി ശരിക്കും ആകര്‍ഷകമായിരുന്നു. ത്രീ ടയര്‍, ഫോര്‍ ടയര്‍  രീതികള്‍ക്ക് പകരം ഒരൊറ്റ ടാക്സ് വരുന്നത്. അത് സ്വാഗതാര്‍ഹമായ കാര്യം തന്നെയാണ്. പക്ഷെ നടപ്പാക്കിയതിലെ അപാകത കാരണം അത് ഉപഭോക്താക്കളിലേക്ക് എത്തുന്നില്ല.

ഒരൊറ്റ നികുതി വന്നപ്പോള്‍ ത്രീ ടയര്‍, ഫോര്‍ ടയര്‍ നികുതി കുറയേണ്ടതാണ്. അപ്പോള്‍ ഒരു നികുതി വന്നിട്ടും വിലകള്‍ ഉയര്‍ന്നു തന്നെ നില്‍ക്കുന്നു. ഉപഭോക്താവിന്റെ മുന്നിലുള്ള റിയാലിറ്റി എന്ന് പറയുന്നത് പ്രൈസ് റൈറ്റ് ആണ്. അത് ഉയര്‍ന്നു തന്നെ നില്‍ക്കുന്നു. അതില്‍ മാറ്റം വന്നിട്ടില്ല.

മുന്‍പ് കേന്ദ്ര നികുതി, സംസ്ഥാന നികുതി എന്നൊക്കെ പറഞ്ഞു നികുതികള്‍ ഉണ്ടായിരുന്നു. ഇന്നു അങ്ങിനെ ഒരു വിവിധ നികുതികള്‍ ഇല്ല. ഒരൊറ്റ നികുതിയേയുള്ളൂ. എന്നിട്ടും എന്തുകൊണ്ട് വില കുറയുന്നില്ല? അപ്പോള്‍ സാമ്പത്തിക പരിഷ്ക്കരണ നടപടികളില്‍ അപാകതയുണ്ട് എന്ന് വ്യക്തമാകുന്നു. പ്രായോഗികമായി ഒരൊറ്റ നികുതി നടപ്പിലായിട്ടില്ല.

വേണ്ടത്ര ഗൃഹപാഠം നടത്താതെയാണ് ഈ നടപടികള്‍ നടപ്പാക്കപ്പെട്ടത്. രാജ്യത്തെ പിടിച്ചു കുലുക്കുന്ന സാമ്പത്തിക നടപടികള്‍ ഗൃഹപാഠം നടത്താതെ നടപ്പിലാക്കിയതിന്റെ ദുരന്തഫലമാണ് രാജ്യത്തെ സമ്പദ്ഘടനയില്‍ നിഴലിക്കുന്നത്. ജിഎസ് ടി ആകര്‍ഷകമാകേണ്ടതായിരുന്നു. പക്ഷെ ജിഎസ് ടി ആകര്‍ഷകമാകുകയോ ഉപഭോക്താവിനു ജിഎസ് ടിയുടെ ഗുണഫലങ്ങള്‍ ലഭിക്കുകയോ ചെയ്തിട്ടില്ല. ഫലത്തില്‍ വന്നതോ ഉപഭോക്താവിന് കൂടുതല്‍ നികുതി കൊടുക്കേണ്ടി വന്നിരിക്കുന്നു.

സാമ്പത്തിക പരിഷ്ക്കരണ നടപടികള്‍ പൊളിറ്റിക്കല്‍ ഗിമ്മിക്സ് ആയി നടപ്പിലാക്കരുത്. പൊളിറ്റിക്കല്‍ മൈലേജ് ലക്ഷ്യംവെച്ച് സാമ്പത്തിക നടപടികള്‍ നടപ്പിലാക്കിയപ്പോള്‍ അത് പാളിപ്പോയി. സാമ്പത്തിക പരിഷ്ക്കരണ നടപടികള്‍ നടപ്പിലാക്കുമ്പോള്‍ അത് രാജ്യത്തിന്റെ സാമ്പത്തിക പുരോഗതി ലക്‌ഷ്യം വെച്ചാകണം. ഇവിടെ പൊളിറ്റിക്കല്‍ മൈലേജ് ലക്ഷ്യംവെച്ചു. ഇവിടെ ബിജെപി സര്‍ക്കാര്‍ നടത്തിയ സാമ്പത്തിക പരിഷ്ക്കാരങ്ങള്‍ പൊളിറ്റിക്കല്‍ ഗിമ്മിക്കായി. ഇവിടെ കേന്ദ്രസര്‍ക്കാര്‍ കയ്യടി നേടാനുള്ള ഉപാധിയാക്കി. അതുകൊണ്ട് തന്നെ സാമ്പത്തിക പരിഷ്ക്കാരങ്ങളുടെ ദുരന്ത ഫലങ്ങള്‍ രാജ്യത്തിന്‌ അനുഭവിക്കേണ്ടി വന്നു. സാമ്പത്തിക വളര്‍ച്ചയുടെ അനുപാതം കുറഞ്ഞു.

എല്ലാ വ്യാവസായിക-വ്യാപാര മേഖലയിലും തളര്‍ച്ചയും തകര്‍ച്ചയും പ്രതിഫലിച്ചു. ഉപഭോക്താവിന് ഒരു ഹോട്ടലില്‍ കയറിയാല്‍ പോലും ഇന്നലെത്തെക്കാളും വലിയ വില കൊടുക്കേണ്ടി വരുന്നു. അത്തരം വില കുത്തനെ ഉയര്‍ന്ന വിലയാണ് എന്നതും കണക്കിലെടുക്കേണ്ടി വരുന്നു. ജനങ്ങള്‍ കച്ചവട സ്ഥാപനങ്ങളില്‍ കയറാന്‍ മടിക്കുന്നു. ഹോട്ടലുകളില്‍ പോലും കയറുന്നില്ല. കച്ചവടവും കുറഞ്ഞു.

നോട്ടു നിരോധിച്ചപ്പോള്‍ പകരം നോട്ടു അടിക്കാന്‍ ഭീമമായ സമയം വേണം. ആ സമയം ഇവിടെ ലഭിച്ചില്ല. നോട്ടു പ്രതിസന്ധി ഗുരുതരമായി തുടരുകയും ചെയ്തു. പ്രായോഗിക ബുദ്ധിമുട്ടുകള്‍ കേന്ദ്ര സര്‍ക്കാര്‍ കണക്കിലെടുത്തില്ല. ആ പ്രായോഗിക ബുദ്ധിമുട്ടുകള്‍ ആണ് ജനത്തെ വലയ്ക്കുന്നത്.

കള്ളപ്പണം നിരോധിക്കാന്‍ നോട്ടു നിരോധനം ഏര്‍പ്പെടുത്തിയപ്പോള്‍ ആ കള്ളപ്പണത്തിന്റെ കണക്കുകള്‍ റിസര്‍വ് ബാങ്ക് ഇതുവരെ വെളിപ്പെടുത്തിയിട്ടുമില്ല. വന്‍കിടക്കാരെ കോര്‍പ്പറേറ്റുകളെ ഈ പരിഷ്ക്കരണ നടപടികള്‍ ബാധിച്ചുമില്ല. എല്ലാം സാധാരണക്കാരന് ബാധ്യതയായി മാറി.

സൌദി മോഡല്‍ ഈ കാര്യത്തില്‍ മാതൃകയാക്കണം. സൌദി അറേബ്യയില്‍ ഇപ്പോള്‍ നടക്കുന്നത് മുകള്‍ത്തട്ടില്‍ നിന്നുമുള്ള ശുദ്ധീകരണമാണ് . അല്ലാതെ ഇന്ത്യയില്‍ നടന്നതുപോലെ സാധാരണക്കാരനെ പീഡിപ്പിക്കുന്ന പരിഷ്ക്കരണ നടപടികള്‍ അല്ല വേണ്ടത്-ജോസഫ്.എം.പുതുശ്ശേരി പറയുന്നു.