2ജി സ്‌പെക്ട്രം അഴിമതിക്കേസ്; അന്തിമവിധി പ്രഖ്യാപനം മാറ്റിവച്ചു

0
26

ന്യൂഡല്‍ഹി: 2ജി സ്പെക്ട്രം അഴിമതിക്കേസില്‍ അന്തിമ വിധി പ്രഖ്യാപിക്കുന്നത് മാറ്റി. അടുത്ത മാസം അഞ്ചിന് വിധി പ്രഖ്യാപന തീയതി അറിയിക്കും. സിബിഐ പ്രത്യേക കോടതിയാണ് വിധി പറയുക. കേസില്‍ ഇന്ന് വിധി പ്രഖ്യാപിക്കുമെന്നാണ് അറിയിച്ചിരുന്നത്.

യുപിഎ സര്‍ക്കാര്‍ ഭരിച്ചിരുന്ന സമയം സ്വകാര്യ മൊബൈല്‍ ഫോണ്‍ കമ്പനികള്‍ക്ക് സ്പെക്ട്രം അനുവദിച്ചതില്‍ വ്യാപക അഴിമതി നടന്നെന്നായിരുന്നു കേസ്. സിഎജി വിനോദ് റായിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അഴിമതി കണ്ടെത്തിയത്.

മുന്‍ കേന്ദ്ര ടെലകോം മന്ത്രി എ രാജ ഉള്‍പ്പെടെയുള്ളവരാണ് പ്രതിപ്പട്ടികയിലുള്ളത്. മൊബൈല്‍ ഫോണ്‍ കമ്പനികള്‍ക്ക് സ്പെക്ട്രം അനുവദിച്ചതില്‍ ഒരുലക്ഷത്തിലധികം കോടിയുടെ അഴിമതി നടന്നെന്നായിരുന്നു സി എ ജി വിനോദ് റായിയുടെ കണ്ടെത്തല്‍. ഇത് വലിയ വിവാദമായി.

സ്പെക്ട്രത്തിന്റെ മൂല്യം നിര്‍ണയിക്കാന്‍ വിപണി അധിഷ്ഠിത മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതിന് പകരം ഫസ്റ്റ് കം ഫസ്റ്റ് സെര്‍വ് (ആദ്യം വരുന്നവര്‍ക്ക് ആദ്യം നല്‍കുക) എന്ന രീതിയാണ് സ്വീകരിച്ചതെന്നായിരുന്നു സി എ ജിയുടെ കണ്ടെത്തല്‍. ഇതിലൂടെ വന്‍ നഷ് ടമുണ്ടായെന്നാണ് കണ്ടെത്തല്‍.പതിനെട്ടു പ്രതികളാണ് കേസിലുള്ളത്. ഇവരോടെല്ലാം വിധി പ്രസ്താവിക്കുന്ന ദിവസം കോടതിയില്‍ ഹാജരാകാന്‍ സിബിഐ പ്രത്യേക കോടതി ജഡ്ജി ആവശ്യപ്പെട്ടിട്ടുണ്ട്. ആറുകൊല്ലം നീണ്ടുനിന്ന വിചാരണയ്ക്കൊടുവിലാണ് വിധി.

മലയാളിയായ മാധ്യമപ്രവര്‍ത്തകന്‍ ഗോപീകൃഷ്ണന്റെ റിപ്പോര്‍ട്ടാണ് അഴിമതിയിലേക്ക് ആദ്യം വിരല്‍ ചൂണ്ടിയത്. ഒമ്പത് ടെലകോം കമ്പനികള്‍ക്ക് 2ജി സ്പെക്ട്രം ക്രമവിരുദ്ധമായി നല്‍കിയതു വഴി സര്‍ക്കാരിന് ലക്ഷം കോടിരൂപയുടെ നഷ്ടം വന്നെന്ന് സി എ ജി കണ്ടെത്തുകയായിരുന്നു.

ഒന്നാം യുപിഎ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നെങ്കിലും ഇത് നീണ്ടു പോവുകയായിരുന്നു. തുടര്‍ന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി, സുപ്രീം കോടതി അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍, മറ്റു പൊതുപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സുപ്രീം കോടതിയെ ഹര്‍ജിയുമായി സമീപിക്കുകയായിരുന്നു. വിഷയത്തിലെ വിശദമായ വാദത്തിനു ശേഷം സുപ്രീം കോടതി 122 ടെലികോം ലൈസന്‍സുകള്‍ റദ്ദാക്കുകയും കേസ് പരിഗണിക്കാന്‍ പ്രത്യേക കോടതി രൂപവത്കരിക്കാന്‍ നിര്‍ദേശിക്കുകയുമായിരുന്നു.