തിരുവനന്തപുരം: ന്യൂസിലന്‍ഡിനെതിരെ 20 ട്വന്റിയില്‍ ഇന്ത്യക്ക് ആവേശകരമായ വിജയം. ആറ് റൺസിനാണ് ഇന്ത്യ ന്യൂസീലന്റിനെ
പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എട്ട് ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 67 റണ്‍സെടുത്തപ്പോള്‍ ന്യൂസീലന്റിന് എട്ട് ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 61 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ.
നേരത്തെ മഴ മൂലം വൈകിയ കളിയില്‍ ടോസ് നേടിയ ന്യൂസീലന്റ് ഇന്ത്യയെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. നാല് ഓവറിനിടെ രോഹിത്, ധവാൻ, കോഹ്ലി എന്നിവര്‍ പുറത്തായി.
ഗ്രീൻഫീൽഡിലെ ആദ്യ ‘രാജ്യാന്തര സിക്സ്’ ഇന്ത്യൻ നായകൻ വിരാട് കോഹ്ലി കുറിച്ചു. തൊട്ടുപിന്നാലെ കോഹ്ലി പുറത്ത്. ആറു പന്തിൽ ഒന്നു വീതം ബൗണ്ടറിയും സിക്സും. രോഹിത് ഒൻപതു പന്തിൽ ഒരു ബൗണ്ടറിയോടെ എട്ടു റൺസെടുത്തു. പിന്നീട് മനീഷ് പാണ്ഡെ 17ഉം ഹാര്‍ദിക് പാണ്ഡ്യ 14ഉം റണ്‍സെടുത്ത് പൊരുതാവുന്ന സ്കോര്‍ ഇന്ത്യയ്ക്ക് സമ്മാനിച്ചു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസീലന്റ് നിരയില്‍ ആരും ഉറച്ചുനിന്നില്ല. ഇന്ത്യയ്ക്ക് വേണ്ടി ബുറ രണ്ട് ഓവറില്‍ ഒമ്പത് റണ്‍സിന് രണ്ട് വിക്കറ്റ് വീഴ്ത്തി വിജയശില്പിയായി.