ന്യൂഡല്‍ഹി: 36.5 കോടിയുടെ അസാധു നോട്ടുകള്‍ കശ്മീരില്‍നിന്ന് പിടിച്ചെടുത്തുവെന്ന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ). ചൊവ്വാഴ്ചയാണ് എന്‍.ഐ.എ ഈ അവകാശവാദവുമായി രംഗത്തെത്തിയതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.
36,34,78,500 രൂപയുടെ അസാധു നോട്ടുകള്‍ പിടിച്ചെടുത്തുവെന്നും ഒന്‍പത് പേരെ അറസ്റ്റ് ചെയ്തുവെന്നുമാണ് ദേശീയ അന്വേഷണ ഏജന്‍സിയുടെ അവകാശവാദം.
തീവ്രവാദികള്‍ക്ക് സാമ്പത്തിക സഹായം ലഭിക്കുന്നതുമായി ബന്ധപ്പെട്ട കേസില്‍ വിഘടനവാദി നേതാക്കളും കശ്മീരി വ്യവസായികളും അടക്കമുള്ളവരെ എന്‍.ഐ.എ അറസ്റ്റ് ചെയ്തിരുന്നു. കശ്മീരിലും ഡല്‍ഹിയിലും അടക്കം വ്യാപക റെയ്ഡുകള്‍ നടത്തുകയും ചെയ്തിരുന്നു. എന്നാല്‍, ആരില്‍നിന്നാണ് അസാധു നോട്ടുകള്‍ പിടിച്ചെടുത്തത് എന്നതടക്കമുള്ള വിവരങ്ങള്‍ എന്‍.ഐ.എ പുറത്തുവിട്ടിട്ടില്ല.
നോട്ട് അസാധുവാക്കല്‍ നടപ്പാക്കിയിട്ട് ഒരുവര്‍ഷം പൂര്‍ത്തിയാകുന്ന വേളയില്‍ സര്‍ക്കാരിനെതിരെ പ്രതിപക്ഷം രൂക്ഷ വിമര്‍ശവുമായി രംഗത്തെത്തിയതിന് പിന്നാലെയാണ് എന്‍.ഐ.എയുടെ വെളിപ്പെടുത്തല്‍.