ഇന്ത്യയുടെ നൃത്ത സംരാഗിണിയെ ആദരിച്ച് ഗൂഗിള്‍ ഡൂഡിള്‍

0
115

ന്യൂഡല്‍ഹി: ഇന്ത്യയുടെ നൃത്ത സംരാഗിണിയെ ആദരിച്ച് ഗൂഗിള്‍. പമുഖ ഇന്ത്യന്‍ കഥക് നര്‍ത്തകി സിതാര ദേവിയുടെ ജന്മദിനത്തിലാണ് ഗൂഗിള്‍ ആദരണീയാര്‍ത്ഥം ഡൂഡിള്‍ ഒരുക്കിയിരിക്കുന്നത്. സിതാര ദേവിയുടെ 16ാം വയസിലാണ് രബീന്ദ്രനാഥ് ടാഗോര്‍ നൃത്ത സാംരാഗിണിയെന്ന് അവരെ വിശേഷിപ്പിച്ചത്.

1920 നവംബര്‍ 8ന് കൊല്‍ക്കത്തയിലാണ് സിതാര ദേവിയുടെ ജനനം. അവരുടെ അച്ഛന്‍ സുഖ്‌ദേവ് മഹാരാജ് കഥക് നര്‍ത്തകനും സംസ്‌കൃതപണ്ഡിതനുമായിരുന്നു. സിതാര ദേവിയുടെ അമ്മ മത്സ്യ കുമാര്‍ നേപ്പാള്‍ രാജകുടുംബാംഗമായിരുന്നു.

വളരെ ചെറുപ്പത്തില്‍ തന്നെ സിതാര ദേവി കഥക് പഠനം ആരംഭിച്ചിരുന്നു. അവരുടെ 10ാമത്തെ വയസ്സില്‍ വേദിയില്‍ കഥക് നൃത്തം അവതരിപ്പിച്ചു. സദര്‍ ദേവി, സരോജിനി നായിഡു, രബീന്ദ്രനാഥ് ടാഗോര്‍ എന്നിവരായിരുന്നു പ്രേക്ഷകരായി ഉണ്ടായിരുന്നത്. സിതാര ദേവിയുടെ കഴിവില്‍ ആകൃഷ്ടനായ ടാഗോര്‍ ഒരു ഷാള്‍ അവര്‍ക്ക് സമ്മാനിച്ചു.

അവരുടെ 12ാം വയസില്‍ ചലച്ചിത്ര സംവിധായകനും നൃത്ത സംവിധായകനുമായ നിരഞ്ജന്‍ ശര്‍മ്മ സിതാര ദേവിയെ ഹിന്ദി ചലച്ചിത്രമേഖലയിലേക്ക് കൊണ്ടുവന്നു. നാഗിന (1951), രോതി(1954), വതന്‍ (1954), അഞ്ജലി(1957) തുടങ്ങിയ ചിത്രങ്ങളില്‍ സിതാര ദേവി അഭിനയിച്ചു.

കൂടാതെ ഇന്ത്യയിലും വിദേശത്തുമായി അവര്‍ നൃത്ത പ്രകടനങ്ങള്‍ കാഴ്ച വച്ചു. 1969ല്‍ സംഗീത നാടക അക്കാഡമി അവാര്‍ഡും 1973ല്‍ പദ്മശ്രീയും നല്‍കി രാജ്യം സിതാര ദേവിയെ ആദരിച്ചു.

എന്നാല്‍ 2002ല്‍ പദ്മഭൂഷണ്‍ നല്‍കിയപ്പോള്‍ ഭാരത രത്‌ന പുരസ്‌കാരമാണ് തനിക്ക് വേണ്ടത് എന്ന് ചൂണ്ടിക്കാട്ടി പദ്മഭൂഷണ്‍ പുരസ്‌കാരം ഇവര്‍ തിരസ്‌കരിച്ചു.

2014 നവംബര്‍ 25 ല്‍ സിതാര ദേവി അന്തരിച്ചു.