എം.മനോജ് കുമാര്‍
തിരുവനന്തപുരം: സോളാര്‍ കമ്മിഷന് റിപ്പോര്‍ട്ട് നാളെ നിയമസഭയുടെ മേശപ്പുറത്ത് വയ്ക്കാനിരിക്കെ കോണ്‍ഗ്രസില്‍ പടയൊരുക്കങ്ങള്‍ ശക്തമാകുന്നു. ഒരിക്കല്‍ കൂടി കേരളാ രാഷ്ട്രീയം സോളാറിന് ചുറ്റും കറങ്ങാന്‍ ഒരുങ്ങുകയാണ്. കേരള രാഷ്ട്രീയത്തിലെ വിവാദ നായക സ്ഥാനത്ത് തുടരുന്ന തോമസ് ചാണ്ടിക്ക് പകരം ആ സ്ഥാനത്ത് ഉമ്മന്‍ചാണ്ടി കടന്നു വരുന്ന ദിനം കൂടിയാണ് നാളെ.
സോളാര്‍ കമ്മിഷന് റിപ്പോര്‍ട്ട് പുറത്ത് വരുന്ന ദിനങ്ങളില്‍ ടിവി പോലും ഓഫാക്കിയിരിക്കാനാണ് ഇടതു നേതാക്കള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അത്രയും മലീമസമായ ആരോപണങ്ങളും ലൈംഗികാകാപവാദങ്ങളും കണ്ടെത്തലുകളുമാണ് സോളാര്‍ കമ്മിഷന് റിപ്പോര്‍ട്ടിലുള്ളത് എന്നാണ് പൊതുവേ പുറത്തു വരുന്ന വിവരങ്ങള്‍. അതുകൊണ്ട് തന്നെ സോളാര്‍ ആയുധമാക്കി ആഞ്ഞടിക്കാന്‍ കോണ്‍ഗ്രസ് ഗ്രൂപ്പുകള്‍ ഒരുങ്ങുകയാണ്.
ഇപ്പോള്‍ രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം യാത്ര പോലും സോളാര്‍ മുന്നില്‍ കണ്ടുള്ള കോണ്‍ഗ്രസ് ഗ്രൂപ്പ് പടയൊരുക്കം എന്നാണു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് വിശേഷിപ്പിച്ചത്. ഈ പ്രതികരണങ്ങളെല്ലാം സോളാര്‍ കമ്മീഷന് റിപ്പോര്‍ട്ട് മുന്നില്‍ കണ്ടുകൊണ്ടുള്ളതാണ്.
കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് സര്‍ക്കാരിനെ പ്രകമ്പനം കൊള്ളിക്കുകയും യുഡിഎഫ് ഭരണത്തിനു ഒരു തുടര്‍ച്ചയ്ക്കുള്ള അവസരം നഷ്ടമാക്കുകയും ചെയ്ത അഴിമതി-ലൈംഗിക ആരോപണങ്ങള്‍ കൂടിയാണ് സോളാര്‍ വിവാദം. നാളെ സോളാര്‍ കമ്മിഷന് റിപ്പോര്‍ട്ട് പരസ്യമാകുമെന്നിരിക്കെയാണ് കമ്മിഷന് റിപ്പോര്‍ട്ട് ആധാരമാക്കി പല കണക്കുതീര്ക്കലിനും കോണ്‍ഗ്രസ് ഗ്രൂപ്പുകള്‍ ഒരുങ്ങുന്നത്.
ലൈംഗികാപവാദങ്ങളും അഴിമതിയും സരിതയുടെ ആരോപണങ്ങളും കമ്മിഷന്റെ കണ്ടെത്തലുകളും അക്കമിട്ടു പ്രതിപാദിക്കുന്ന സോളാര്‍ കമ്മിഷന് റിപ്പോര്‍ട്ട് കോണ്‍ഗ്രസിനുള്ളില്‍ പുതിയ പോര്‍മുഖങ്ങള്‍ തുറക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. സോളാറിന്റെ പേരില്‍ പ്രധാനമായും ഏറ്റുമുട്ടാന്‍ പോകുന്നത് എ-ഐ ഗ്രൂപ്പുകളാണ്. ഈ പോരാട്ടത്തിന്റെ മിന്നലാട്ടങ്ങള്‍ പുറത്തുവിട്ട് ഐ ഗ്രൂപ്പ് പ്രമുഖ നേതാവ് വി.ഡി.സതീശന് ആദ്യമേ തന്നെ രംഗത്ത് വന്നിട്ടുണ്ട്.
സോളാര്‍ കമ്മിഷന് റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ ഗുരുതരമെന്നാണ് വി.ഡി.സതീശന് ആരോപിച്ചത്. പ്രസ്താവന വിവാദമായപ്പോള്‍ പതിവുപോലെ മാധ്യമങ്ങളെ പഴിചാരി പ്രസ്താവന വി.ഡി.സതീശന് നിഷേധിക്കുകയും ചെയ്തു. ഇതോടെ സോളാര്‍ കമ്മിഷന് റിപ്പോര്‍ട്ട് പ്രശ്നത്തില്‍ ഐ ഗ്രൂപ്പ് യുദ്ധസജ്ജമെന്നു എ ഗ്രൂപ്പ് മനസിലാക്കി. ഐ ഗ്രൂപ്പിന് പുറമേ പഴയ കണക്കുകള്‍ തീര്‍ക്കാന്‍ വി.എം.സുധീരന് കൂടി ഒരുങ്ങുന്നുണ്ട്.
താന്‍ കെപിസിസി പ്രസിഡന്റ് ആയിരിക്കെ സ്വസ്ഥമായി ഒരു നിമിഷം പോലും ആ കസേരയില്‍ ഇരുത്താതെ നിരന്തരം പ്രശ്നങ്ങള്‍ സമ്മാനിച്ചതിന്റെ കണക്കുകള്‍. അതിനു എ ഗ്രൂപ്പിനോട് കണക്ക് ചോദിക്കാനുള്ള സുവര്‍ണ്ണാവസരം സോളാര്‍ കമ്മിഷന് റിപ്പോര്‍ട്ട് ഒരുക്കിത്തന്നിട്ടുണ്ടെന്നു സുധീരന് കണക്കുകൂട്ടുന്നുണ്ട്. അതുകൊണ്ട് തന്നെ സോളാര്‍ കമ്മിഷന് റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെട്ട നാള് മുതല്‍ സുധീരന് സജീവമായി രംഗത്തുണ്ട്.
സോളാര്‍ കമ്മിഷന് റിപ്പോര്‍ട്ടില്‍ പുറത്തുവന്ന വിവരങ്ങള്‍ അടിസ്ഥാനമാക്കി ഒരു യുദ്ധത്തിനു സുധീരനും തുടക്കമിട്ടു കഴിഞ്ഞിട്ടുണ്ട്. സുധീരന്റെ പിന്നിലെ ശക്തി അന്നും ഇന്നും എ.കെ.ആന്റണിയാണ്. സോളാര്‍ കമ്മിഷന് റിപ്പോര്‍ട്ടില്‍ സുധീരന് കണക്ക് തീര്‍ക്കാന്‍ ഒരുങ്ങുമ്പോള്‍ അതിനു മാനസിക പിന്‍ബലം നല്കി അങ്ങ് ഡല്‍ഹിയില്‍ ആന്റണി കൂടി ഇരിപ്പുണ്ടാകും.
തന്റെ മുഖ്യമന്ത്രി കസേര തെറിപ്പിച്ച് ആ കസേരയില്‍ കടന്നിരുന്ന ഉമ്മന്‍ചാണ്ടിയോടുള്ള പക എ.കെ.ആന്റണിയെ വിട്ടുപോയിട്ടില്ല.
സോളാര്‍ കമ്മിഷന് റിപ്പോര്‍ട്ടില്‍ വേട്ടയാടപ്പെടാന്‍ പോകുന്നത് കോണ്‍ഗസ് അല്ല ഉമ്മന്‍ചാണ്ടിയാണെന്ന വസ്തുത ആന്റണിക്കും വ്യക്തമാണ്.
കെ.കരുണാകരനെ പുകച്ച് പുറത്ത് ചാടിച്ചശേഷം പതിറ്റാണ്ടുകളായി കോണ്‍ഗ്രസില്‍ മേധാവിത്തത്തില്‍ തുടര്‍ന്ന എ ഗ്രൂപ്പിനെ ദുര്‍ബലമാക്കിയത് സോളാര്‍ വിവാദമാണെന്ന കാര്യം എ ഗ്രൂപ്പ് നേതാക്കള്‍ തന്നെ തുറന്നു സമ്മതിക്കുന്നതാണ്. സോളാറില്‍ നഷ്ടമായ മേധാവിത്തം ഇനി ഒരിക്കലും ലഭിക്കില്ലാ എന്ന ആശങ്ക കൂടി എ ഗ്രൂപ്പ് നേതാക്കളെ അലട്ടുന്നുണ്ട്. സോളാര്‍ വഴി എ ഗ്രൂപ്പ് നേരിടുന്ന ദൈന്യത ഹൈക്കമാന്‍ഡിനും അറിയാവുന്ന കാര്യമാണ്.
ഐ ഗ്രൂപ്പും കണക്കുകള്‍ തീര്‍ക്കാന്‍ ഒരുങ്ങുകയാണ്. ഇപ്പോഴത്തെ കണക്കുകളല്ല. പഴയ കണക്കുകള്‍. കെ.കരുണാകരന് പ്രതാപവാനായി ഐ ഗ്രൂപ്പ് മുന്നോട്ടു കൊണ്ട് പോയ സമയത്ത് അദ്ദേഹത്തെ പുകച്ചു പുറത്തു ചാടിച്ച് കോണ്‍ഗ്രസിലെ എ മേധാവിത്തത്തിനു തുടക്കമിട്ടത് ഉമ്മന്‍ചാണ്ടിയാണ്. കരുണാകരന്റെ മുഖ്യമന്ത്രി കസേര തെറുപ്പിച്ചതും ഉമ്മന്‍ചാണ്ടിയാണ്. എ.കെ.ആന്റണിയെ മറയാക്കി നിര്‍ത്തിയാണ് കോണ്‍ഗ്രസിലെ എ ഗ്രൂപ്പ് ആധിപത്യത്തിനു ഉമ്മന്‍ചാണ്ടി തുടക്കമിട്ടത്.
ആ ആന്റണി വരെ ഉമ്മന്‍ചാണ്ടിയുടെ കരുനീക്കങ്ങളില്‍ പുറത്തായി. ആന്റണിക്ക് പ്രവാസി നേതാവായി ഡല്‍ഹിയില്‍ തന്നെ കഴിയേണ്ടി വന്നു. കയ്പ്പ് നിറഞ്ഞ ആ അനുഭവങ്ങള്‍ ആന്റണി ജീവിതകാലം മുഴുവന്‍ മറക്കില്ലാ എന്നാണു ഒരു കോണ്‍ഗ്രസ് നേതാവ് 24 കേരളയോട് പ്രതികരിച്ചത്. ഇപ്പോള്‍ ഒരു ദു:സൂചന കൂടി ആന്റണിയുടെ മുന്നിലുണ്ട്. കോണ്‍ഗ്രസില്‍ തലമുറമാറ്റം സംഭവിക്കുകയാണ്. സോണിയാ ഗാന്ധിയില്‍ നിന്നും കോണ്‍ഗ്രസ് ചെങ്കോല്‍ രാഹുല്‍ ഗാന്ധി ഏറ്റെടുക്കുകയാണ്. മുന്‍പ് സോണിയ ഭരിച്ചപ്പോള്‍ സോണിയുടെ വിശ്വസ്തനായിരുന്നു എ.കെ.ആന്റണി. സോണിയാ ഗാന്ധി വഴി കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയം തന്റെ ഇച്ഛകള്‍ക്ക് അനുസരിച്ച് വഴിതിരിച്ചു വിട്ടുകൊണ്ടിരുന്ന നേതാവ് കൂടിയാണ് ആന്റണി.
പക്ഷെ ഇപ്പോള്‍ സോണിയ മാറുമ്പോള്‍ പകരം വരുന്ന രാഹുല്‍ ഗാന്ധിക്ക് പ്രിയം രമേശ് ചെന്നിത്തലയോടാണ്. ഡല്‍ഹിയിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ തന്റെ കാലിനടിയിലെ മണ്ണുകൂടി ഒഴുകിപ്പോവുന്നത് ആന്റണി അറിയുന്നുണ്ട്. ഈ ഘട്ടത്തില്‍ തന്നെയാണ് സോളാര്‍ കമ്മിഷന് റിപ്പോര്‍ട്ട് കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി രംഗത്ത് വരുന്നത്. ആന്റണി വെറുതെയിരിക്കില്ല. ഐ ഗ്രൂപ്പും വെറുതെയിരിക്കില്ല.
ഇപ്പോള്‍ നടന്ന കെപിസിസി പുന:സംഘടനയില്‍ തുല്യ പ്രാതിനിധ്യമാണ് ഐ-എ ഗ്രൂപ്പുകള്‍ക്കുള്ളത്. മുന്‍പത്തെ പോലെ എ മേധാവിത്തമില്ല. മുന്‍പുണ്ടായിരുന്ന ആ മേധാവിത്തവും കളഞ്ഞുകുളിച്ചത് സോളാര്‍ ആരോപണങ്ങളാണ്. മുതിര്‍ന്ന ഭാരവാഹികളുടെ എണ്ണം എടുത്താല്‍ ഐ ഗ്രൂപ്പിനാണ് കെപിസിസി യോഗത്തില്‍ മേധാവിത്തം.
രാഹുലിന്റെ ഗുഡ് ബുക്കില്‍ സ്ഥാനമുള്ള പ്രതിപക്ഷ നേതാവ് ചെന്നിത്തല വിചാരിക്കുന്ന ഒരു കെപിസിസി പ്രസിഡന്റ് വരില്ലാ എന്ന പ്രവചനത്തിനൊന്നും കോണ്‍ഗ്രസില്‍ ആരും തയ്യാറല്ല. കാരണം പുതിയ കെപിസിസി പ്രസിഡന്റിനെ തിരഞ്ഞെടുക്കാനുള്ള അധികാരം ഒരു പ്രമേയം വഴി ഹൈക്കമാന്‍ഡിനു നല്കി കാത്തിരിക്കുകയാണ് കേരളത്തിലെ കെപിസിസി നേതൃത്വം.
ആ കെപിസിസി പ്രസിഡന്റിനെ തീരുമാനിക്കുന്ന ആള് രാഹുല്‍ ഗാന്ധിയാകും. എല്ലാം എ ഗ്രൂപ്പിനെ തകര്‍ക്കുന്ന വെള്ളിടികളായി ആ ഗ്രൂപ്പിന് മുന്നില്‍ നില്‍ക്കുകയാണ്. കോണ്‍ഗ്രസില്‍ പുതിയ യുദ്ധം ആരംഭിക്കുകയാണ്. സോളാറിനെ മുന്‍ നിര്‍ത്തിയുള്ള യുദ്ധം. പഴയ പ്രതാപം തിരിച്ചു പിടിക്കാനുള്ള ഒരു സുവര്‍ണ്ണാവസരമായി ഐ ഗ്രൂപ്പ് ഈ യുദ്ധത്തെ മുന്നില്‍ കാണുന്നു എന്നതാണ് അതിനെ ഏറ്റവും ശ്രദ്ധേയമാക്കി മാറ്റുന്നത്.