തെറ്റ് ചെയ്തവരെ ഇടതുപക്ഷ സര്‍ക്കാര്‍ സംരക്ഷിക്കില്ല: കോടിയേരി

0
33

തിരുവനന്തപുരം: തെറ്റ് ചെയ്തവര്‍ ആരായാലും ഇടതുപക്ഷ സര്‍ക്കാര്‍ സംരക്ഷിക്കില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി കയ്യേറ്റത്തില്‍ സര്‍ക്കാരിനെതിരെയുണ്ടായ ഹൈക്കോടതി പരാമര്‍ശത്തിലാണ് കോടിയേരിയുടെ പ്രതികരണം. തെറ്റ് ആര് ചെയ്താലും ശക്തമായ നടപടിയുണ്ടാകും. ഹൈക്കോടതിയുടെ പ്രതികരണത്തെകുറിച്ച് കൂടുതല്‍ പഠിച്ചശേഷം പ്രതികരിക്കാമെന്നും കോടിയേരി പറഞ്ഞു. സോളാര്‍ റിപ്പോര്‍ട്ട് സര്‍ക്കാര്‍ നിയമസഭയില്‍ വയ്ക്കുന്നതില്‍ ഭയന്നാണ് തോമസ് ചാണ്ടി വിഷയം കുത്തിപ്പൊക്കാന്‍ യുഡിഎഫ് നേതാക്കള്‍ ശ്രമിക്കുന്നതെന്നും കോടിയേരി പറഞ്ഞു.

ഇടതുസര്‍ക്കാരില്‍ ഇരട്ടനീതി ഉണ്ടാകില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. മന്ത്രി തോമസ് ചാണ്ടിക്കെതിരായ ഹൈക്കോടതി പരാമര്‍ശത്തില്‍ ഇപ്പോള്‍ പ്രതികരിക്കാനില്ല. ഹൈക്കോടതിയുടെ പരാമര്‍ശം ഏത് സാഹചര്യത്തിലാണെന്നത് പരിശോധിച്ച ശേഷം പ്രതികരിക്കും. പരാമര്‍ശം വിധിയുടെ ഭാഗമല്ലെന്ന് കോടതി പറഞ്ഞിട്ടുണ്ട്. ഇടത് സര്‍ക്കാരിന് വിഷയത്തില്‍ ഇരട്ട നീതിയില്ലെന്നും കാനം മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, മുഖ്യമന്ത്രി പിണറായി വിജയനെ തിരുവനന്തപുരത്ത് തോമസ് ചാണ്ടി വിഷയത്തിലെ ഹൈക്കോടതി പരാമര്‍ശം മാധ്യമങ്ങള്‍ അറിയിച്ചെങ്കിലും ഒന്ന് ചിരിക്കുക മാത്രമാണ് അദ്ദേഹം ചെയ്തത്.