എം.മനോജ് കുമാര്‍
തിരുവനന്തപുരം: നിലം നികത്തല്‍ പ്രശ്നത്തില്‍ മന്ത്രി തോമസ് ചാണ്ടിക്കെതിരെ ഹൈക്കോടതി ഇന്നു നടത്തിയ പരാമര്‍ശങ്ങള്‍ വെറും പരാമര്‍ശമായി കണ്ടാല്‍ മതിയെന്ന നിലപാടിലേക്ക് സിപിഎമ്മും എന്‍സിപിയും നീങ്ങുന്നു. പൊതു താത്പര്യ ഹര്‍ജി പരിഗണിക്കുന്നതിന്നിടെ തോമസ് ചാണ്ടി വിഷയത്തില്‍ ഹൈക്കോടതി നടത്തിയ ഗുരുതരമായ പരാമര്‍ശങ്ങള്‍ സര്‍ക്കാരിന് കനത്ത തിരിച്ചടിയായിരിക്കെയാണ് ഹൈക്കോടതി നിരീക്ഷണങ്ങള്‍ വെറും പരാമര്‍ശം മാത്രം എന്ന നിലപാടിലേക്ക് സിപിഎമ്മും എന്‍സിപിയും നീങ്ങുന്നത്.
കയ്യേറ്റക്കേസുകളിൽ സർക്കാരിന്റെ പൊതുനിലപാട് എന്തെന്നാണ് ഹൈക്കോടതി ചോദിച്ചത്. സാധാരണക്കാരൻ കയ്യേറിയാലും സര്‍ക്കാര്‍ നിലപാട് ഇതുതന്നെയായിരിക്കുമോ എന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. പാവപ്പെട്ടവന് ആണ് ഭൂമി കയ്യേറുന്നതെങ്കില് ആ ഭൂമി ബുള്‍ഡോസര്‍ ഉപയോഗിച്ച് സര്‍ക്കാര്‍ ഒഴിപ്പിക്കില്ലേ? ഹൈക്കോടതി ചോദിച്ചു. പക്ഷെ തത്ക്കാലം ഹൈക്കോടതി പരാമര്‍ശം ആ രീതിയില്‍ നോക്കിക്കാണാനാണ് സിപിഎമ്മും എന്‍സിപിയും ഒരുങ്ങുന്നത്.
” ഇന്നത്തെ ഹൈക്കോടതി പരാമര്‍ശങ്ങള്‍ വെറും പരമാര്‍ശം മാത്രമായിട്ടാണ് പാര്‍ട്ടി കാണുന്നത്. കേസില്‍ തോമസ് ചാണ്ടിക്കെതിരെ വിധി ഒന്നും വന്നില്ലല്ലോ. തോമസ് ചാണ്ടിയുടെ കാര്യത്തില്‍ പാര്‍ട്ടി നിലപാടില്‍ തത്ക്കാലം മാറ്റം ഒന്നും വരുത്തിയിട്ടില്ല. നിലപാടില്‍ മാറ്റം വരുത്തേണ്ട ഘട്ടം ആയെന്നും തോന്നുന്നില്ല.”’എന്‍സിപി ദേശീയ ജനറല്‍ സെക്രട്ടറിയും പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റുമായ ടി.പി.പീതാംബരന് മാസ്റ്റര്‍ 24 കേരളയോട് പറഞ്ഞു. ഹൈക്കോടതിയുടെ പരാമര്‍ശങ്ങള്‍ പാര്‍ട്ടിയുടെ സത്വര ശ്രദ്ധയിലുണ്ട്. പക്ഷെ പാര്‍ട്ടി നിലപാടില്‍ മാറ്റം വരുത്തേണ്ട സാഹചര്യം വന്നിട്ടില്ല-പീതാംബരന് മാസ്റ്റര്‍ പറഞ്ഞു. ഹൈക്കോടതി പരാമര്‍ശത്തിന്റെ കാര്യത്തില്‍ പ്രത്യേകമായി ഒരു നടപടി എടുക്കേണ്ട ആവശ്യമില്ല. പക്ഷേ വിധിയും പ്രതികൂലമായി വന്നാല്‍ എന്‍സിപി മറിച്ചു ചിന്തിക്കും – പീതാംബരന് മാസ്റ്റര്‍ വ്യക്തമാക്കി.
” തോമസ് ചാണ്ടി വിഷയത്തില്‍ സര്‍ക്കാര്‍ തുടര്‍ നടപടികള്‍ സ്വീകരിക്കും. ഈ കാര്യത്തില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. എജിയില്‍ നിന്ന് തന്നെ നിയമോപദേശം തേടും” സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും ഉന്നത സിപിഎം നേതാവുമായ ആനത്തലവട്ടം ആനന്ദന് 24 കേരളയോട് പറഞ്ഞു. തോമസ് ചാണ്ടിയുടെ കാര്യത്തില്‍ കയ്യേറ്റം നടന്നു എന്നൊക്കെ പറയുന്നത് യുഡിഎഫ് കാലത്താണ്. പക്ഷെ ഈ കാര്യത്തില്‍ നിയമോപദേശം സ്വീകരിച്ച് മുന്നോട്ട് പോകാനാണ് സിപിഎം തീരുമാനം. വിവാദം ഇടതുമുന്നണിയുടെ പ്രതിച്ഛായയെ ദോഷകരമായി ബാധിച്ചിട്ടില്ല. ഈ ഉത്തരവാദിത്തം ഇടതു മുന്നണിക്ക് ഏറ്റെടുക്കാന്‍ കഴിയില്ല. ഈ സര്‍ക്കാരിന്റെ കാലത്ത് മന്ത്രിയായിരിക്കെ തോമസ് ചാണ്ടി കയ്യേറ്റം നടത്തിയിട്ടില്ല.” ആനത്തലവട്ടം ആനന്ദന് പറഞ്ഞു.
തോമസ് ചാണ്ടിക്കെതിരെ ഹൈക്കോടതി ഇപ്പോള്‍ നടത്തിയിട്ടുള്ള പരാമര്‍ശം വിശദമായി പഠിച്ച ശേഷം പ്രതികരിക്കാമെന്ന് സിപിഎം പിബി അംഗം എം.എ.ബേബി 24 കേരളയോട് പറഞ്ഞു. റഷ്യയില്‍ നിന്ന് രാവിലെ ഡല്‍ഹിയില്‍ എത്തിയതേയുള്ളൂ. അതുകൊണ്ട് ഹൈക്കോടതി വിധിയെക്കുറിച്ച് അറിയില്ല. എന്തായാലും പ്രശ്നം പഠിച്ചശേഷം പ്രതികരിക്കാം- എം.എ.ബേബി പറഞ്ഞു.
തോമസ് ചാണ്ടിയുടെ നിലം നികത്തല്‍ സര്‍ക്കാരിന്റെ പ്രതിച്ചായയെ ദോഷകരമായി ബാധിച്ചിരിക്കെ ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന് തന്നെ ഗതാഗത മന്ത്രിയായ തോമസ് ചാണ്ടിയെ നേരിട്ട് വിളിപ്പിച്ചിരുന്നു. ഹൈക്കോടതി പരാമര്‍ശങ്ങളും വിധിയും എതിരായാല്‍ രാജിയല്ലാതെ മറ്റു മാര്‍ഗമില്ല എന്ന നിലപാടിലാണ് സിപിഎം ഉള്ളത്. ഈ കാര്യം മുഖ്യമന്ത്രി നേരിട്ട് തന്നെ തോമസ് ചാണ്ടിയെ ധരിപ്പിച്ചതായാണ് സൂചന.
ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന് തോമസ് ചാണ്ടിയെ ഈ വിഷയത്തില്‍ വിളിപ്പിച്ചിരിക്കെ, അടുത്ത ദിവസം തന്നെ നിലം നികത്തല്‍ പ്രശ്നത്തില്‍ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനവും വന്നത് നിര്‍ണായകമാണ്. പക്ഷെ ഇന്നു ഹൈക്കോടതി നിരീക്ഷണങ്ങളെക്കുറിച്ച് മുഖ്യമന്ത്രി പ്രതികരിച്ചില്ല. ചോദ്യം കേട്ട് ഒന്ന് ചിരിച്ച ശേഷം ഓഫിസിലേക്ക് മടങ്ങുകയാണ് മുഖ്യമന്ത്രി ചെയ്തത്.
എന്നാല്‍ തോമസ് ചാണ്ടിയുടെ രാജി ആസന്നം എന്ന സൂചനകള്‍ തന്നെയാണ് ഭരണപക്ഷത്തു നിന്നും ലഭിക്കുന്നത്. രാജി വൈകിക്കാന്‍ കഴിയുമോ എന്നാണു എന്‍സിപി നോക്കുന്നത്. കഴിയുന്നത്ര മുന്നോട്ട് പോകട്ടെ എന്നാണ് പാര്‍ട്ടിയുടെ ഉള്ളില്‍ നിന്നും ഉരുത്തിരിയുന്ന തീരുമാനം. കാരണം തോമസ് ചാണ്ടി കൂടി രാജിവെച്ചാല്‍ ആ സ്ഥാനത്തേക്ക് കൊണ്ടുവരാന്‍ എന്‍സിപിക്ക് വേറെ എംഎല്‍എയില്ല.
മുന്‍ മന്ത്രിയും എംഎല്‍യുമായ എ.കെ.ശശീന്ദ്രന് ഹണിട്രാപ്പില്‍ കുരുങ്ങി രാജിവെച്ച ഒഴിവിലാണ് അടുത്ത എംഎല്‍എയായ തോമസ് ചാണ്ടിയെ എന്‍സിപി മന്ത്രിയാക്കിയത്. അതുകൊണ്ട് തന്നെ വളരെ കരുതിയാണ് എന്‍സിപിയുടെ നീക്കങ്ങള്‍. സിപിഎമ്മിന് ഈ കാര്യത്തില്‍ കൃത്യമായ കാഴ്ചപ്പാട് ഉണ്ടെങ്കിലും തോമസ് ചാണ്ടി ഘടകക്ഷി മന്ത്രിയാണ് എന്ന പരിമിതി പാര്‍ട്ടിയെ അലട്ടുന്നുണ്ട്. ഇടതു മുന്നണി യോഗത്തിലാണ് തോമസ് ചാണ്ടിയെ കുറിച്ചുള്ള അതൃപ്തി അറിയിക്കേണ്ടത്.
ഇടതുമുന്നണിയാണ് രാജി കാര്യം ആലോചിക്കേണ്ടത്. പിന്നെ തോമസ് ചാണ്ടിയുടെ സ്വന്തം പാര്‍ട്ടി എന്‍സിപിയും. എന്‍സിപി തോമസ് ചാണ്ടിയുടെ പിന്നില്‍ ഉറച്ചു നില്‍ക്കുകയാണ്. യുഡിഎഫ് തോമസ് ചാണ്ടി വിഷയം ഒരു രാഷ്ട്രീയ ആയുധമാക്കുകയാണ് എന്ന വിലയിരുത്തലും സിപിഎമ്മിന് അകത്തുനിന്നുമുണ്ട്. പക്ഷെ ഇന്നത്തെ ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനത്തോടെ കാര്യങ്ങള്‍ കൈവിട്ടു പോവുകയാണ് എന്ന ധാരണ സിപിഎം നേതൃത്വത്തില്‍ പ്രബലമാണ്.