കൊച്ചി: ഗതാഗതമന്ത്രി തോമസ് ചാണ്ടിയുടെ കൈയേറ്റത്തില്‍ സര്‍ക്കാരിന് ഹൈക്കോടതി വിമര്‍ശനം. പാവപ്പെട്ടവര്‍ ഭൂമി കൈയേറിയാലും ഇതേ നിലപാടാണോ എടുക്കുക. മന്ത്രിക്ക് പ്രത്യേക പരിഗണന നല്‍കുന്നതെന്തിന്? പാവപ്പെട്ടവനായിരുന്നു മന്ത്രിയുടെ സ്ഥാനത്തെങ്കില്‍ ബുള്‍ഡോസര്‍ കൊണ്ട് ഒഴിപ്പിക്കില്ലായിരുന്നോ തുടങ്ങിയ വിമര്‍ശനങ്ങളാണ് ഹൈക്കോടതി ഡിവിഷന് ബെഞ്ച് ഉന്നയിച്ചത്.
തൃശൂര്‍ സ്വദേശി ടി.എന്‍. മുകുന്ദന് സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജിയിലാണ് ഡിവിഷന് ബെഞ്ചിന്റെ വിമര്‍ശനം. കേസ് നാളെ ഹൈക്കോടതി വീണ്ടും പരിഗണിക്കും.
കേസ് പരിഗണിക്കുന്നതില്‍ നിന്ന് ആക്ടിംഗ് ചീഫ് ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് അധ്യക്ഷനായ ഡിവിഷന് ബെഞ്ച് കഴിഞ്ഞ ദിവസം പിന്മാറിയിരുന്നു. പൊതുസ്ഥലം കൈവശപ്പെടുത്തി ടൂറിസ്റ്റ് റിസോര്‍ട്ടായ ലേക്ക് പാലസിലേക്ക് റോഡ് നിര്‍മിച്ചത് കേരള ഭൂപരിഷ്കരണനിയമപ്രകാരം കുറ്റകരമാണെന്നും ഇതിനെതിരെ കേസെടുക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കണമെന്നും ആവശ്യപ്പെട്ടുള്ളതാണ് ഹര്‍ജി.
കായല്‍ കൈയേറ്റത്തിന് പുറമേ വാട്ടര്‍ വേള്‍ഡ് ടൂറിസം പ്രൈവറ്റ് ലിമിറ്റഡ് കമ്പനി നടത്തിയ നിയമലംഘനങ്ങള്‍ വ്യക്തമാക്കി ജില്ലാ കളക്ടര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിട്ടും ഇതുവരെ നടപടിയെടുത്തിട്ടില്ലെന്നും തോമസ് ചാണ്ടി മന്ത്രിയായതിനാലാണ് കേസെടുക്കാന്‍ മടിക്കുന്നതെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.
അതേസമയം ഇന്നലെ മുഖ്യമന്ത്രിയും തോമസ് ചാണ്ടിയും കൂടിക്കാഴ്ച നടത്തി. ഏതാനും മിനിട്ടുകള്‍ മാത്രമാണ് കൂടിക്കാഴ്ച നീണ്ടത്. കളക്ടറുടെ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് പുറത്തുവന്നതിന് പിന്നാലെയാണ് മുഖ്യമന്ത്രി തോമസ് ചാണ്ടിയെ വിളിപ്പിച്ചത്. കടുത്ത നിയമലംഘനങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള റിപ്പോര്‍ട്ട് സ്ഥിതിഗതികള്‍ കൂടുതല്‍ ഗൗരവത്തിലാക്കിയെന്ന് മുഖ്യമന്ത്രി അദ്ദേഹത്തോട് പറഞ്ഞതായാണ് വിവരം.
സോളാര്‍ കമ്മീഷന് റിപ്പോര്‍ട്ട് നിയമസഭയില്‍ വയ്ക്കുമ്പോള്‍ ഇതിനെ പ്രതിരോധിക്കാന്‍ പ്രതിപക്ഷം മന്ത്രി തോമസ് ചാണ്ടിക്കെതിരായ റിപ്പോര്‍ട്ട് ആയുധമാക്കുമെന്ന സാഹചര്യത്തിലാണ് കൂടിക്കാഴ്ച. പ്രതിപക്ഷവും ഭരണപക്ഷത്തുതന്നെയുള്ള സിപിഐയും മന്ത്രി രാജിവയ്ക്കണമെന്ന വാദത്തിലാണ്. കലക്ടര്‍ നല്കിയ റിപ്പോര്‍ട്ട് അവഗണിക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് സിപിഐ. തന്റെ അഭിപ്രായംകൂടി ചേര്‍ത്താണ് കലക്ടറുടെ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറിയതെന്ന് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന് ചൊവ്വാഴ്ച പറഞ്ഞു. അദ്ദേഹം എം.എന്‍. സ്മാരകത്തിലെത്തി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ കാണുകയും ചെയ്തു. അതേസമയം നിയമലംഘനം സംബന്ധിച്ച കാര്യങ്ങളില്‍ സര്‍ക്കാരാണ് അഭിപ്രായം പറയേണ്ടതെന്ന് വി.എസ്. അച്യുതാനന്ദന് അഭിപ്രായപ്പെട്ടു.
മാര്‍ത്താണ്ഡം കായലിലെ ഭൂമി കയ്യേറ്റം, ലേക്ക് പാലസ് റിസോര്‍ട്ടിനു മുമ്പിലെ നിലംനികത്തല്‍, പാര്‍ക്കിങ്ങിനായി സ്ഥലം നികത്തല്‍ തുടങ്ങി ഒട്ടേറെ നിയമലംഘനങ്ങളാണ് കളക്ടര്‍ സ്ഥിരീകരിച്ചത്. കളക്ടറുടെ റിപ്പോര്ട്ടിന്മേല് മുഖ്യമന്ത്രി അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം തേടിയിരിക്കുകയാണ്. ആരോപണങ്ങളെക്കുറിച്ച് ത്വരിതാന്വേഷണം നടത്താന്‍ വിജിലന്‍സ് കോടതിയും നിര്‍ദേശിച്ചിട്ടുണ്ട്.
തോമസ് ചാണ്ടി മന്ത്രിസ്ഥാനം രാജിവയ്ക്കുന്ന സാഹര്യമുണ്ടായാല്‍ എ.കെ. ശശീന്ദ്രനെ ആ സ്ഥാനത്ത് എത്തിക്കുന്നതിനുള്ള തടസ്സങ്ങള്‍ മാറ്റാനുള്ള ശ്രമം നടക്കുന്നുണ്ട്. ഡിസംബര്‍ ആറിന് ശശീന്ദ്രന് കോടതിയിലെത്തി ജാമ്യമെടുക്കണം. അതിനുമുമ്പ് കേസ് ഒത്തുതീര്‍പ്പാക്കാനാണ് നീക്കം.