നിമിഷ ഫാത്തിമയുടെ അമ്മ ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷയെ സന്ദര്‍ശിച്ചു

0
34


തിരുവനന്തപുരം: ഐഎസില്‍ ചേര്‍ന്നതായി കരുതപ്പെടുന്ന തിരുവനന്തപുരം സ്വദേശി നിമിഷ ഫാത്തിമയുടെ അമ്മ ബിന്ദു ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ്മയെ സന്ദര്‍ശിച്ചു. മതപരിവര്‍ത്തനം നടത്തിയവരുടെ വീട്ടുകാരുമായി സന്ദര്‍ശനം നടത്തുന്നതിന്റെ ഭാഗമായിട്ടായിരുന്നു കൂടിക്കാഴ്ച.

നിമിഷയെ കാണാതായതിലുള്ള അന്വേഷണത്തില്‍ താന്‍ തൃപ്തയല്ലെന്നും അവള്‍ക്ക് എന്ത് സംഭവിച്ചു എന്നതില്‍ ഇതുവരെയും വ്യക്തത വന്നിട്ടില്ലെന്നും ചൂണ്ടിക്കാട്ടി ബിന്ദു വനിതാ കമ്മീഷന് പരാതിയും കൈമാറി. കഴിഞ്ഞ ഒന്നരവര്‍ഷമായി മകളെക്കുറിച്ച് യാതൊരു വിവരവുമില്ലെന്ന് അവര്‍ പരാതിയില്‍ പറയുന്നു.

ഒരു പാര്‍ട്ടിയുടേയും മെമ്പര്‍ഷിപ്പ് താന്‍ എടുത്തിട്ടില്ലെന്നും കാണാതായ മകളേയും മരുമകനേയും പേരക്കുട്ടിയേയും ദൈവം തിരിച്ചു തരുമെന്നാണ് പ്രതീക്ഷയെന്നും അവര്‍ കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമങ്ങളോട് വ്യക്തമാക്കി.

അതേസമയം, ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ ഇന്ന് സംസ്ഥാന പോലീസ് മേധാവിയുമായും കൂടിക്കാഴ്ച്ച നടത്തും. മൂന്നു ദിവസത്തെ കേരള സന്ദര്‍ശനത്തിനായി എത്തിയ രേഖാ ശര്‍മ നേരത്തെ കോട്ടയത്തെ വീട്ടിലെത്തി ഹാദിയയെ സന്ദര്‍ശിച്ചിരുന്നു. തുടര്‍ന്ന് കേരളത്തില്‍ ലൗജിഹാദില്ല, നിര്‍ബന്ധിത മതപരിവര്‍ത്തനമാണ് നടക്കുന്നതെന്നും അവര്‍ അഭിപ്രായപ്പെട്ടിരുന്നു.