നോട്ടു നിരോധനത്തിനു മുന്‍പ് പിടിച്ചെടുത്ത പണം തിരികെ ലഭിച്ചാല്‍ എന്തുചെയ്യുമെന്ന് സുപ്രീം കോടതി

0
57

ന്യൂഡല്‍ഹി: നോട്ടു നിരോധനത്തിനു മുന്‍പ് ഏതെങ്കിലും കേസുമായി ബന്ധപ്പെട്ട് പോലീസ് പിടിച്ചെടുത്ത പണം നോട്ട് നിരോധനത്തിനു ശേഷം തിരികെ ലഭിച്ചാല്‍ ഉടമസ്ഥന്‍ എന്തുചെയ്യുമെന്ന് സുപ്രീം കോടതി.

നോട്ട് നിരോധനത്തിനു മുന്‍പ് പോലീസ് പിടിച്ചെടുത്ത പണം പിന്നീട് തിരികെ കിട്ടിയെങ്കിലും അസാധുവാക്കപ്പെട്ടതിനാല്‍ ഈ നോട്ടുകള്‍ മാറ്റി നല്‍കാന്‍ ഉത്തരവിടണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് സുപ്രീം കോടതി ഇത്തരമൊരു ചോദ്യം ഉന്നയിച്ചിരിക്കുന്നത്. ജസ്റ്റിസ് റോഹിന്റണ്‍ എഫ്. നരിമാന്‍, സഞ്ജയ് കെ. കൗള്‍ എന്നിവരടങ്ങിയ ബഞ്ചാണ് ഇക്കാര്യത്തില്‍ സര്‍ക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്.

ഐപിഎല്‍ വാതുവയ്പുമായി ബന്ധപ്പെട്ട കേസില്‍ പ്രതിചേര്‍ക്കപ്പെട്ടിരുന്ന അഭിഷേക് ശുക്ല നല്‍കിയ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. ഇദ്ദേഹത്തില്‍നിന്ന് 2013 സെപ്തംബറില്‍ 5.5 ലക്ഷം രൂപ പിടിച്ചെടുത്തിരുന്നു. തുടര്‍ന്ന് കേസില്‍ അഭിഷേക് ശുക്ല അടക്കമുള്ളവരെ വെറുതെ വി്ട്ടു. തുടര്‍ന്ന് പിടിച്ചെടുത്ത പണം 2017 ഫെബ്രുവരിയില്‍ തിരികെ നല്‍കി. ഇതിനിടയില്‍ നോട്ട് നിരോധനം നടപ്പാക്കപ്പെടുകയും മാറ്റിയെടുക്കാനുള്ള അവസാന തീയതി കഴിയുകയും ചെയ്തു.

കേസുകളുമായി ബന്ധപ്പെട്ട് പിടിച്ചെടുത്ത പണം, പ്രതി കുറ്റവിമുക്തനാക്കപ്പെട്ടാല്‍ തിരികെ നല്‍കുകയാണ് പതിവ്. എന്നാല്‍ നോട്ടുകള്‍ക്ക് മൂല്യം ഇല്ലാത്ത സാഹചര്യത്തില്‍, നോട്ട് മാറ്റിയെടുക്കാനാവാതിരുന്നത് അയാളുടെ കുറ്റംകൊണ്ടല്ല എന്നിരിക്കെ ഉടമസ്ഥന് പണം നഷ്ടമാകുന്നത് എങ്ങനെ നീതീകരിക്കപ്പെടുമെന്ന് വ്യക്തമാക്കണമെന്ന് കോടതി അറ്റോര്‍ണി ജനറലിനോട് ആവശ്യപ്പെട്ടു.

പഴയ നോട്ടുകള്‍ മാറ്റിയെടുക്കാനുള്ള അവസാന തീയതി 2016 ഡിസംബര്‍ 30 ആയിരുന്നെന്നും അതിനു ശേഷം നോട്ടുകള്‍ മാറ്റിയെടുക്കാനാവില്ലെന്നും എജി കോടതിയെ അറിയിച്ചു. പഴയ കറന്‍സികള്‍ മാറ്റിയെടുക്കാന്‍ വീണ്ടും അവസരം നല്‍കണമെന്നാവശ്യപ്പെട്ടുകൊണ്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജികളെ സര്‍ക്കാര്‍ എതിര്‍ത്തു. പോലീസിന്റെ കൈവശമുണ്ടായിരുന്ന പണം സംബന്ധിച്ച് തീരുമാനമറിയിക്കുന്നതിന് കൂടുതല്‍ സമയം വേണമെന്നും എജി ആവശ്യപ്പെട്ടു. കോടതി രണ്ട് ആഴ്ച സമയം അനുവദിച്ചു.