തിരുവനന്തപുരം: നോട്ടുനിരോധനത്തിന്റെ വാര്‍ഷിക ദിനമായ ഇന്നു ഇന്ത്യയൊട്ടാകെ ജെഡിയു വ്യാപകമായ പ്രതിഷേധ പരിപാടികള്‍ക്ക് ആഹ്വാനം നല്‍കിയതായി ജെഡിയു അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി വര്‍ഗീസ് ജോര്‍ജ് 24 കേരളയോട് പറഞ്ഞു. നോട്ട് നിരോധനം, ജിഎസ് ടി ഇന്ത്യന്‍ സാമ്പത്തിക രംഗത്തെ അതിവിനാശകരമായി ബാധിച്ചതായും വര്‍ഗീസ് ജോര്‍ജ് പറഞ്ഞു.
ചെറുകിട വ്യവസായം ജിഎസ്ടിയുടെ വരവോടെ അപ്രത്യക്ഷമായ മട്ടാണ്. തൊഴില്‍ സാധ്യതകള്‍ വല്ലാതെ കുറഞ്ഞു. കേരളത്തിലെ മറ്റു സംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ തിരിച്ചു പോകാനും സാമ്പത്തിക പരിഷ്ക്കാരങ്ങള്‍ ഇടവരുത്തി. വിദേശ മലയാളികള്‍ ഇന്ത്യയിലേക്ക് പണം അയക്കുന്നത് വല്ലാതെ കുറച്ചിട്ടുണ്ട്. വിദേശ അക്കൌണ്ടുകളില്‍ ആണ് അവര്‍ പണം നിക്ഷേപിക്കുന്നത്. കേരളത്തിലേക്കുള്ള പണം വരവ് കുറഞ്ഞത് അധികമാരും ശ്രദ്ധിക്കാത്ത വസ്തുതതതയാണ്.
കേരളത്തിന്റെ സാമ്പത്തിക മുന്നേറ്റങ്ങളില്‍ വലിയ സ്വാധീനം ചെലുത്തുന്ന വിദേശ പണം വരുന്നത് കുറഞ്ഞത് കേരളത്തെ പിറകോട്ടടിപ്പിക്കും. വിദേശ മലയാളികള്‍ വീണ്ടും ഒരു നോട്ട്നിരോധനം കണക്കുകൂട്ടുന്നുണ്ട്. അതുകൊണ്ട് തന്നെ അവര്‍ വളരെയധികം കരുതിയാണ് നിലകൊള്ളുന്നത്. വിദേശത്തു നിന്നുള്ള പണം വരവ് കുറഞ്ഞാല്‍ അത് കേരളത്തെ പല രീതിയിലും പിന്നോട്ടടിപ്പിക്കും.
വന്‍ തുകകള്‍ ഇന്ത്യന്‍ ബാങ്കുകളില്‍ നിക്ഷേപിച്ചിരുന്ന മലയാളികള്‍ വിദേശ ബാങ്കുകളും, വന്‍ കമ്പനികളും ലക്ഷ്യം വെയ്ക്കുകയാണ്. കേരളത്തിലേക്ക് വരേണ്ടിയിരുന്ന വന്‍ തുകകളാണ് ഇങ്ങിനെ വഴിമാറിപ്പോകുന്നത്. ജിഎസ്ടി കൂടി വന്നതോടെ തകര്‍ച്ച പൂര്‍ണ്ണമായി. ബി എംഡബ്ലു കാറിനു ഇരുപത്തിയെട്ട് ശതമാനം നികുതിയാണ്. മത്സ്യത്തൊഴിലാളികളുടെ വലയ്ക്കും 2 8 ശതമാനം നികുതിയാണ്. ജനങ്ങളുടെ ജീവിതോപാധികളെ ശ്രദ്ധിക്കാതെയാണ് ജിഎസ് ടി നിര്‍ണ്ണയം നടത്തിയിരിക്കുന്നത് എന്നതാണ് ഇത് തെളിയിക്കുന്നത്.
എല്ലാത്തിനും ജിഎസ്ടി ഏര്‍പ്പെടുത്തിയിട്ടും പെട്രോള്‍-ഡീസല്‍ വിലകള്‍ ജിഎസ്ടിക്ക് കീഴില്‍ കൊണ്ട് വന്നതുമില്ല. പെട്രോള്‍ -ഡീസലിന് നിലവില്‍ ഉള്ള അനിയന്ത്രിതമായ വിലക്കയറ്റത്തിനു ഒരു പരിധിവരെ പരിഹാരം പെട്രോള്‍-ഡീസല്‍ വിലകള്‍ ജിഎസ്ടിക്ക് കീഴില്‍ ഉള്‍പ്പെടുത്തിയാല്‍ കഴിയുമായിരുന്നു. അതും ചെയ്തില്ല.
ജിഎസ്ടി നോട്ടു നിരോധനം റിയല്‍ എസ്റ്റേറ്റ് രംഗത്തും കരിനിഴല്‍ പടര്‍ത്തിയിട്ടുണ്ട്. വസ്തു ഇടപാടുകള്‍ കഴിഞ്ഞ ഒരു വര്‍ഷമായി സ്തംഭനത്തിലാണ്. ഒപ്പം കെട്ടിട നിര്‍മ്മാണ രംഗത്തും അനിശ്ചിതത്വം തന്നെയാണ്. ഇതെല്ലാം കേരളത്തെ ദോഷകരമായി ബാധിക്കുന്ന നടപടികളാണ്. നോട്ടു നിരോധനവും ജിഎസ്ടിയും സൃഷ്ടിച്ച മാന്ദ്യത്തിന്റെ പിടിയില്‍ കേരളത്തിനു മാത്രമല്ല ഇന്ത്യയ്ക്ക് വരെ ഇതുവരെ കരകയറാന്‍ സാധിച്ചിട്ടില്ല. അതുകൊണ്ട് തന്നെയാണ് ദേശീയ തലത്തില്‍ വ്യാപക പ്രതിഷേധങ്ങള്‍ക്ക് ജെഡിയു ആഹ്വാനം നല്‍കിയിട്ടുള്ളത്. വര്‍ഗീസ് ജോര്‍ജ് പറഞ്ഞു.