ന്യൂഡല്‍ഹി: നോട്ട് നിരോധന നടപടി വിജയമായിരുന്നുവെന്ന് നോട്ട് അസാധുവാക്കലിന്റെ ഒന്നാം വാര്‍ഷികത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. നോട്ട് നിരോധനത്തില്‍ രാജ്യത്തെ 125 കോടി ജനങ്ങളും പങ്കാളികളായെന്നും വിജയിച്ചെന്നും ട്വിറ്ററിലൂടെ പ്രധാനമന്ത്രി അറിയിച്ചു.
കേന്ദ്രസര്‍ക്കാരിന്റെ കള്ളപ്പണത്തിനും അഴിമതിക്കുമെതിരായ നടപടികളെ പിന്തുണയ്ക്കുന്ന ജനങ്ങളെ പ്രണമിക്കുന്നതായും അദ്ദേഹം ട്വീറ്റ് ചെയ്തു. നികുതി വരുമാനത്തില്‍ അഭൂതപൂര്‍വമായ വന്‍വര്‍ധന ഉണ്ടായി. 2015-2016 വര്‍ഷം 66.53 ലക്ഷം പേര് പുതിയ നികുതിദായകരായെങ്കില്‍ 2016-2017ല്‍ ഇത് 84.21 ലക്ഷമായി ഉയര്‍ന്നു. നോട്ട് നിരോധനം വഴി വായ്പകളുടെ പലിശ കുറഞ്ഞെന്നും വസ്തുവില കുറഞ്ഞെന്നും തദ്ദേശ സ്ഥാപനങ്ങളുടെ വരുമാനം വര്‍ധിച്ചതായും പ്രധാനമന്ത്രി അവകാശപ്പെടുന്നു.
അതേസമയം, നോട്ട് അസാധുവാക്കല്‍ വാര്‍ഷികദിനം കരിദിനമായി പ്രഖ്യാപിച്ച് രാജ്യവ്യാപക പ്രതിഷേധം നടത്തുകയാണ് പ്രതിപക്ഷം. എന്നാല്‍ നോട്ട് അസാധുവാക്കല്‍ വാര്‍ഷികദിനം കള്ളപ്പണവിരുദ്ധ ദിനമായാണ് കേന്ദ്ര സര്‍ക്കാര്‍ ആചരിക്കുന്നത്. ഗുജറാത്ത്, ഹിമാചല്‍പ്രദേശ് തെരഞ്ഞെടുപ്പ് പ്രചാരണ വേദികളില്‍ നോട്ട് നിരോധനം തന്നെയാണ് ഇപ്പോള്‍ പ്രധാനചര്‍ച്ച.