തിരുവനന്തപുരം: ബിജെപി സര്‍ക്കാര്‍ നോട്ട് നിരോധനത്തിലൂടെ കള്ളപ്പണം നിയമാനുസൃതമാക്കാനുള്ള അവസരം ഒരുക്കുകയായിരുന്നു എന്ന് ശശി തരൂര്‍ എംപി. കള്ളപ്പണം ഇല്ലാതാക്കാനാണ് നോട്ട് നിരോധനമെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. എന്നാല്‍ മാര്‍ച്ച് 31 വരെയുള്ള കണക്കു പരിശോധിക്കുമ്പോള്‍ 0.0013% നോട്ടുകള്‍ മാത്രമാണ് ബാങ്കുകളിലേക്ക് തിരികെയെത്താതിരുന്നതെന്നും ബാക്കി പണം മുഴുവന്‍ ബാങ്കിങ് സിസ്റ്റത്തിലേക്ക് തിരികെയെത്തിയെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നോട്ടു നിരോധനവുമായി ബന്ധപ്പെട്ട് 135 പേര്‍ക്കാണ് ജീവന് നഷ്ടമായത്. വരിനില്‍ക്കുന്നതിനിടയിലും ചികിത്സ നിഷേധിക്കപ്പെട്ടുമാണ് ഇവര്‍ മരിച്ചത്. നോട്ട് നിരോധനം മൂലമുണ്ടായ അത്യാഹിതങ്ങള്‍ക്ക് ആരാണ് ഉത്തരവാദിയെന്നും അദ്ദേഹം ചോദിച്ചു. പലര്‍ക്കും കല്ല്യാണങ്ങള്‍ വരെ മാറ്റിവെക്കേണ്ടി വന്നു, പലര്‍ക്കും ജോലി നഷ്ടപ്പെട്ടു, മരണാനന്തരചടങ്ങുകള്‍ പോലും നടത്തുന്നതിന് ബുദ്ധിമുട്ടി, തുടങ്ങിയവയാണ് നോട്ട് നിരോധനം കൊണ്ട് ലഭിച്ച മെച്ചമെന്നും തരൂര്‍ കുറ്റപ്പെടുത്തി. ചിലര്‍ ഇത് ആഘോഷിക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു.
കൂടാതെ ജിഎസ്ടി നടപ്പാലാക്കിയതിലൂടെ ആറു തരം നികുതികളും അതിനൊപ്പം അനിശ്ചിതത്വവുമാണ് ബിജെപി സര്‍ക്കാര്‍ നടപ്പാക്കിയത്. ഇത് ചെറുകിട കച്ചവട മേഖലയെ ആകെ തകിടം മറിച്ചതായും തരൂര്‍ കൂട്ടിച്ചേര്‍ത്തു. രാജ്യം ഇപ്പോള്‍ സാമ്പത്തിക മാന്ദ്യം നേരിട്ട് കൊണ്ടിരിക്കുകയാണെന്നും തരൂര്‍ പറഞ്ഞു.