പരിഷ്കൃത സമൂഹത്തിന് ചേര്‍ന്നതാകണം ജയിലുകള്‍: മുഖ്യമന്ത്രി

0
32

തിരുവനന്തപുരം : പരിഷ്കൃത സമൂഹത്തിന് ചേര്‍ന്നതാകണം ജയിലുകളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തടവുകാരുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. ജയിലുകളുടെ പ്രവര്‍ത്തനം അവലോകനം ചെയ്യുന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നമ്മുടെ ജയിലുകളില്‍ ഉള്‍ക്കൊളളാന്‍ കഴിയുന്നതിലധികം തടവുകാരുണ്ട്. ഗുരുതരമായ രോഗം ബാധിച്ചവര്‍ക്ക് ആവശ്യമായ ചികിത്സാസൗകര്യം ഏര്‍പ്പെടുത്തണം. കാലാനുസൃതമായ മാറ്റം ജയിലുകളില്‍ വന്നിട്ടില്ല. അയ്യായിരത്തോളം വിചാരണ തടവുകാര്‍ ഉണ്ടെന്നാണ് കണക്ക്. ഉദ്യോഗസ്ഥര്‍ ജയില്‍ ചട്ടങ്ങള്‍ ശരിയായവിധം മനസ്സിലാക്കി പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രദ്ധ പുലര്‍ത്തണം. ഹൈക്കോടതിയിലുളള കേസുകളില്‍ സത്യവാങ്മൂലം കൃത്യസമയത്ത് നല്‍കണം.

തടവുകാരുടെ ഭാഗത്തുനിന്ന് ജയില്‍ ഉപദേശകസമിതി കാര്യങ്ങള്‍ ആലോചിക്കണം. ജയില്‍പരിഷ്കരണ ശുപാര്‍ശകളില്‍ നടപ്പാക്കാനാവുന്നവ പെട്ടെന്നുതന്നെ നടപ്പാക്കണം. മലമ്പുഴ, മുട്ടം, തവന്നൂര്‍ എന്നിവിടങ്ങളില്‍ പുതിയ ജയിലുകള്‍ പണി പൂര്‍ത്തിയായെങ്കിലും പ്രവര്‍ത്തനമാരംഭിച്ചിട്ടില്ല. ജയിലുകളില്‍ മാനസിക സംഘര്‍ഷങ്ങള്‍ അനുഭവിക്കുന്നവര്‍ കൂടിവരുന്നതിനാല്‍ സെന്‍ട്രല്‍ ജയിലുകളില്‍ നിശ്ചിത ദിവസങ്ങളില്‍ സൈക്യാട്രിസ്റ്റിന്‍റെ സേവനം ഉറപ്പുവരുത്തണം. സൈക്കോളജിസ്റ്റുകളുടെയും കൗണ്‍സലര്‍മാരുടെയും സേവനം ലഭ്യമാക്കാനും നടപടിയുണ്ടാവണം.

ഭക്ഷ്യസാധന നിര്‍മ്മാണം വിപുലമാക്കണം. വിപണന സാധ്യത വര്‍ധിപ്പിക്കണം. ജയിലുകളില്‍ വീഡിയോ കോണ്‍ഫറന്‍സ് സംവിധാനം വ്യാപിപ്പിക്കണം. ജയില്‍ സുരക്ഷയെ ബാധിക്കാത്തവിധം ജയിലില്‍ സോളാര്‍ വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന കാര്യം ആലോചിക്കാവുന്നതാണ്.

ജയിലുകളിലുളള സിസിടിവികള്‍ പ്രവര്‍ത്തനക്ഷമമെന്ന് ഉറപ്പുവരുത്തണം. സംതൃപ്തരായ ജീവനക്കാരെയാണ് നമുക്കാവശ്യം. പ്രൊമോഷന്‍, സീനിയോറിറ്റി തര്‍ക്ക പരിഹാരം, സ്പെഷ്യല്‍ റൂളുകള്‍ എന്നിവയില്‍ തീരുമാനം വൈകരുത്. അതേസമയം കാര്യക്ഷമതയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും പാടില്ല. ഒരുതരത്തിലുളള അഴിമതിയും ജയിലുകളില്‍ ഉണ്ടാവാതെ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി സുബ്രതോ ബിശ്വാസ്, മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി നളിനി നെറ്റോ, ജയില്‍ ഡിജിപി ആര്‍ ശ്രീലേഖ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.