രഘുറാം രാജനെ തിരഞ്ഞെടുപ്പില്‍ മല്‍സരിപ്പിക്കാനൊരുങ്ങി ആം ആദ്മി പാര്‍ട്ടി

0
34

ന്യൂഡല്‍ഹി: മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജനെ രാജ്യസഭാ സീറ്റിലേക്ക് മത്സരിപ്പിക്കാന്‍ ആം ആദ്മി പാര്‍ട്ടി ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഡല്‍ഹിയില്‍ നിന്നും ഒഴിവ് വരുന്ന മൂന്ന് സീറ്റുകളില്‍ ഒന്നിലേക്കാണ് രഘുറാം രാജനെ മത്സരിപ്പിക്കാന്‍ ആലോചിക്കുന്നത്. ഡല്‍ഹി നിയമസഭയില്‍ മികച്ച ഭൂരിപക്ഷമുള്ള ആം ആദ്മി പാര്‍ട്ടിക്ക് ഒഴിവു വരുന്ന മൂന്ന് സീറ്റുകളും അനായാസം വിജയിക്കാന്‍ സാധിക്കും.

ഈ സീറ്റുകളിലേക്ക് പാര്‍ട്ടിക്ക് പുറത്ത് നിന്നുള്ള മികച്ച വ്യക്തിത്വങ്ങളെ മത്സരിപ്പിക്കാനാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ആലോചിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. നോട്ട് നിരോധനവും ജിഎസ്ടിയും ചേര്‍ന്ന് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ തളര്‍ത്തിയ സാഹചര്യത്തില്‍ രഘുറാം രാജനെ പോലെ ഒരു മികച്ച സാമ്പത്തിക വിദഗ്ധന്‍ രാജ്യസഭയിലേക്ക് എത്തിയാല്‍ അത് കേന്ദ്രസര്‍ക്കാരിനെ കൂടുതല്‍ പ്രതിരോധത്തിലാക്കുമെന്നാണ് ആം ആദ്മി കരുതുന്നത്.

നിലവില്‍ ഷിക്കാഗോ യൂണിവേഴ്സിറ്റിയില്‍ അധ്യാപകനായി പ്രവര്‍ത്തിക്കുകയാണ് രഘുറാം രാജന്‍. യുപിഎ സര്‍ക്കാരിന്റെ കാലത്ത് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സ്ഥാനം ഏറ്റെടുത്ത രഘുറാം രാജന്‍ ലോകത്തെ പ്രശസ്തരായ സാമ്പത്തികവിദഗ്ദ്ധരില്‍ ഒരാളാണ്.

റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ എന്ന നിലയില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ച വച്ച രഘുറാം രാജന് പദവിയില്‍ തുടരുവാന്‍ താത്പര്യമുണ്ടായിരുന്നുവെങ്കിലും നരേന്ദ്രമോദി സര്‍ക്കാര്‍ വീണ്ടും അവസരം കൊടുക്കാന്‍ തയ്യാറായില്ല. ഇതോടെ മന്‍മോഹന്‍സിംഗ് പ്രത്യേക താല്‍പര്യമെടുത്ത് കൊണ്ടു വന്ന രഘുറാം രാജന്‍ അമേരിക്കയിലേക്ക് തന്നെ മടങ്ങി.