രാജ്യത്ത് വേശ്യാവൃത്തി കുറയ്ക്കാന്‍ നോട്ട് നിരോധനത്തിലൂടെ സാധിച്ചു: രവിശങ്കര്‍ പ്രസാദ്

0
51

ന്യൂഡല്‍ഹി: രാജ്യത്ത് നോട്ട് നിരോധനത്തിന്റെ ഒന്നാം വാര്‍ഷികം ആചരിക്കുമ്പോള്‍ നോട്ട് നിരോധനത്തിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറയുന്നതിന്റെ തിരക്കിലാണ് ബിജെപി നേതാക്കളും കേന്ദ്ര മന്ത്രിമാരും. കേന്ദ്രനിയമകാര്യമന്ത്രി രവിശങ്കര്‍ പ്രസാദ് അത്തരത്തില്‍ ചൂണ്ടിക്കാണിച്ച പ്രധാനനേട്ടമാണ് നോട്ട് നിരോധനം കാരണം ഇന്ത്യയില്‍ വേശ്യവൃത്തി വളരെ കുറഞ്ഞിരിക്കുന്നുവെന്നാണ്.

‘ഇന്ത്യയില്‍ വേശ്യാവൃത്തി വളരെ കുറയ്ക്കാന്‍ സാധിച്ചത് നോട്ട് നിരോധനത്തിന്റെ ഫലമാണ് എന്നാണ്. ലൈംഗിക വ്യാപാരത്തിനായി സ്ത്രീകളെയും പെണ്‍കുട്ടികളെയും കടത്തുന്നത് ഗണ്യമായി കുറഞ്ഞിരിക്കുന്നു. നേപ്പാളിലേക്കും ബംഗ്ലാദേശിലേക്കും ഈ വഴി വലിയ തുകയാണ് ഒഴുകിയിരുന്നത്. പിന്‍വലിക്കപ്പെട്ട ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകളായിരുന്നു ലൈംഗികവ്യാപാരത്തില്‍ കൂടുതലായും ഉപയോഗിച്ചിരുന്നത്.’ രവിശങ്കര്‍ പ്രസാദ് പറയുന്നത്.

കശ്മീരിലെ വിഘടനവാദികളുടെ കല്ലെറിയലും നോട്ട് നിരോധനത്തിനു പിന്നാലെ വളരെ കുറഞ്ഞെന്നും നിയമമന്ത്രി ചൂണ്ടിക്കാണിക്കുന്നു. നോട്ട് നിരോധനത്തിന്റെ ഒരു വര്‍ഷം വ്യക്തമാക്കുന്നത് രാജ്യതാത്പര്യമനുസരിച്ചുള്ള തീരുമാനം ആയിരുന്നു നോട്ട് നിരോധനം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രതിപക്ഷ പാര്‍ട്ടികള്‍ നവംബര്‍ എട്ട് കരിദിനമായി ആചരിക്കുന്നതിനിടയിലാണ് ബിജെപി നേതാക്കളും മന്ത്രിമാരും നോട്ട്‌നിരോധനത്തിന്റെ ഇത്തരം നേട്ടങ്ങളും ഉയര്‍ത്തി രംഗത്തു വരുന്നത്.