റയാന്‍ സ്കൂളിലെ വിദ്യാര്‍ത്ഥിയുടെ മരണം ; പ്ലസ് ടു വിദ്യാര്‍ത്ഥി അറസ്റ്റില്‍

0
45

ഗുരുഗ്രാം: ഹരിയാനയിലെ ഗുരുഗ്രാമില്‍ റയാന്‍ സ്കൂളിലെ രണ്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥിയായ പ്രത്യുമന്‍ താക്കൂര്‍ കൊലപ്പെട്ട സംഭവത്തില്‍ ചൊവ്വാഴ്ച രാത്രി സിബിഐയുടെ അറസ്റ്റ്. ഏഴ് വയസ്സുള്ള വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ അതേ സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയെ സിബിഐ അറസ്റ്റ് ചെയ്തു.

2017 സെപ്തംബര്‍ എട്ടിനാണ് ഗുരുഗ്രാമിലെ റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ വാഷ്‌റൂമില്‍ പ്രത്യുമന്‍ താക്കൂറിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കത്തി കൊണ്ട് കഴുത്തറുത്ത നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കഴുത്ത് മുറിച്ച കത്തിയും മൃതദേഹത്തിനൊപ്പം കണ്ടെത്തിയിരുന്നു.
ദേശീയതലത്തില്‍ വരെ ചര്‍ച്ചയായ ഈ കൊലപാതകക്കേസില്‍ ഇത്രനാളും പ്രതിസ്ഥാനത്തുണ്ടായിരുന്നത് സ്‌കൂൾ ബസ് ജീവനക്കാരനായിരുന്ന അശോക് കുമാറാണ്.

കുട്ടി കൊലപ്പെട്ട് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഗുരുഗ്രാം പോലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ചോദ്യം ചെയ്യലില്‍ അശോക് കുമാര്‍ കുറ്റം സമ്മതിച്ചതായും പോലീസ് പറഞ്ഞിരുന്നു.

ലൈംഗീകപീഡനം നടത്താനുള്ള ശ്രമം കുട്ടി തടഞ്ഞപ്പോള്‍ അശോക് കുമാര്‍ കുട്ടിയെ കൊന്നെന്നായിരുന്നു പോലീസ് ഭാഷ്യം.

എന്നാല്‍ പോലീസ് കണ്ടെത്തല്‍ ചോദ്യം ചെയ്ത് അശോക് കുമാറിന്റെ ബന്ധുക്കള്‍ രംഗത്ത് വന്നിരുന്നു. ഇയാളെ കേസില്‍ കുടുക്കിയതാണെന്നായിരുന്നു ബന്ധുക്കളുടെ ആരോപണം. സംഭവത്തില്‍ റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ചിലത് മറച്ചു വയ്ക്കുന്നുവെന്ന് കുട്ടിയുടെ മാതാപിതാക്കളും കുറ്റപ്പെടുത്തിയിരുന്നു.

പോലീസ് പ്രതിയെ കണ്ടെത്തിയിട്ടും അത് അംഗീകരിക്കാതെ സിബിഐ അന്വേഷണം വേണമെന്ന മാതാപിതാക്കളുടെ ഉറച്ച നിലപാടിനെ തുടര്‍ന്നാണ് ഹരിയാന ഭരിക്കുന്ന മനോഹര്‍ ലാല്‍ ഖട്ടര്‍ സര്‍ക്കാര്‍ കേസന്വേഷണം സിബിഐയ്ക്ക് വിട്ടത്.