സോളാര്‍ കേസില്‍ നിലപാട് മയപ്പെടുത്തി സര്‍ക്കാര്‍; കേസില്‍ പൊതുവായ അന്വേഷണം മാത്രം

0
53

തിരുവന്തപുരം: സോളര്‍ കേസ് സാമ്പത്തിക ആരോപണത്തില്‍ പൊതുവായ അന്വേഷണം മാത്രമെന്ന് നിലപാട് മയപ്പെടുത്തി സര്‍ക്കാര്‍. സരിതയുടെ ലൈംഗികാരോപണം സംബന്ധിച്ച പരാതിയില്‍ കേസെടുക്കുന്നത് വൈകും. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് പൊതുവായ അന്വേഷണം എന്ന തീരുമാനം.

ജസ്റ്റിസ് അരിജിത്ത് പസായത്തിന്റെ നിയമോപദേശത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍ കേസില്‍ നിലപാട് മയപ്പെടുത്തിയിരിക്കുന്നത്. ഇതനുസരിച്ച് സോളര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസെടുത്ത് തുടരന്വേഷണം പ്രഖ്യാപിക്കും. ഒരു പൊതു തീരുമാനമായിട്ടായിരിക്കും ഇത് ഉത്തരവില്‍ രേഖപ്പെടുത്തുക. സരിത നായരെ ലൈംഗികമായി ഉപയോഗിച്ചെന്ന പരാതിയില്‍ പ്രാഥമിക അന്വേഷണത്തിന് ശേഷമേ കേസെടുക്കുന്ന നടപടികളുമായി മുന്നോട്ട് പോകുകയുള്ളൂ.

കഴിഞ്ഞ മാസം ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ സോളാര്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസെടുത്ത് തുടരന്വേഷണം നടത്താനാണ് തീരുമാനിച്ചിരുന്നത്. സോളാര്‍ കേസുകളില്‍ ക്രിമിനല്‍ കേസും വിജിലന്‍സ് കേസ് പ്രത്യേകമായി എടുക്കാനും സരിതയുടെ ലൈംഗികാരോപണം സംബന്ധിച്ച പരാതിയില്‍ പേരുള്ളവര്‍ക്കെതിരെയെല്ലാം ബലാത്സക്കുറ്റം അടക്കമുള്ള കേസെടുക്കാനുമാണ് തീരുമാനിച്ചിരുന്നത്.