ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പൊതുതാല്പര്യ ഹര്‍ജി ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമാണെന്ന് തോമസ് ചാണ്ടി

0
45

തിരുവനന്തപുരം: ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പൊതുതാല്പര്യ ഹര്‍ജി ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമാണെന്ന് ഗതാഗത മന്ത്രി തോമസ് ചാണ്ടി. ഹൈക്കോടതി വിമര്‍ശനത്തിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.

തന്റെ പേരിലുള്ള ആരോപണങ്ങളുടെ പേരില്‍ കോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്തിരിക്കുന്നത്. ഇക്കാര്യം ഹര്‍ജിയിന്മേല്‍ ഇനി വാദം കേള്‍ക്കുമ്പോള്‍ കോടതിയെ ബോധ്യപ്പെടുത്തും. തന്റെ ഭാഗം കേള്‍ക്കാതെയാണ് ഹൈക്കോടതി ഇപ്പോള്‍ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. തന്നെ ബോധപൂര്‍വം തേജോവധം ചെയ്യാനുള്ള ആസൂത്രിത നീക്കമാണ് ഇതിന് പിന്നിലെന്നും രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ് ചിലര്‍ പ്രവര്‍ത്തിക്കുന്നതെന്നും മന്ത്രിയുടെ ഓഫീസ് അറിയിച്ചു. താന്‍ കായലോ നിലമോ അനധികൃതമായി നികത്തിയിട്ടില്ല. ഇക്കാര്യം ഒരു അന്വേഷണത്തിലും കണ്ടെത്തിയിട്ടില്ലെന്നും തോമസ് ചാണ്ടി വ്യക്തമാക്കി.

തോമസ് ചാണ്ടിയുടെ കൈയേറ്റത്തില്‍ സര്‍ക്കാരിനെതിരെ ഹൈക്കോടതി രൂക്ഷവിമര്‍ശനമാണ് ഉന്നയിച്ചിരിക്കുന്നത്. മന്ത്രിക്ക് പ്രത്യേക പരിഗണനയോ എന്ന് കോടതി ചോദിച്ചു. പാവപ്പെട്ടവര്‍ ഭൂമി കൈയേറിയാലും ഇതേ നിലപാടാണോ. പാവപ്പെട്ടവന്റെ കൈയേറ്റം ബുള്‍ഡോസര്‍ കൊണ്ട് ഒഴിപ്പിക്കില്ലേയെന്നും കോടതി ചോദിച്ചു. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റേതാണ് വിമര്‍ശനം.

തൃശൂര്‍ സ്വദേശി ടി.എന്‍. മുകുന്ദന്‍ സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജിയിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ വിമര്‍ശനം.