ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം; പ്രതികരിക്കാതെ മുഖ്യമന്ത്രി

0
40

തിരുവനന്തപുരം: ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി കൈയേറ്റ വിഷയത്തില്‍ ഹൈക്കോടതി ഉന്നയിച്ച രൂക്ഷ വിമര്‍ശനംത്തിനോടും പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്ത് നോട്ട് നിരോധനത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ എല്‍ഡിഎഫ് സംഘടിപ്പിച്ച പ്രതിഷേധ യോഗത്തില്‍ രാവിലെ മുഖ്യമന്ത്രി പങ്കെടുത്തിരുന്നു. ചടങ്ങില്‍ സംസാരിച്ച ശേഷം പുറത്തിറങ്ങിയ മുഖ്യമന്ത്രിയെ തോമസ് ചാണ്ടി വിഷയത്തിലെ ഹൈക്കോടതി പരാമര്‍ശം മാധ്യമങ്ങള്‍ അറിയിച്ചു. എന്നാല്‍ ഇതിനോട് ഒന്ന് ചിരിക്കുക മാത്രമാണ് മുഖ്യമന്ത്രി ചെയ്തത്. പ്രതികരണത്തിന് നില്‍ക്കാതെ സെക്രട്ടറിയേറ്റിലെ അദ്ദേഹത്തിന്റെ ഓഫീസിലേക്ക് മുഖ്യമന്ത്രി പോയി.

തോമസ് ചാണ്ടിയുടെ കൈയേറ്റ വിഷയത്തില്‍ മുഖ്യമന്ത്രി ആദ്യം മുതല്‍ തന്നെ മൗനം പാലിക്കുകയാണ്. ആലപ്പുഴ കളക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് നിയമോപദേശത്തിനായി എജിക്ക് കൈമാറി കാത്തിരിക്കുകയാണ് സര്‍ക്കാര്‍. മന്ത്രിയുടെ രാജിയില്‍ പരമാവധി തീരുമാനം വൈകിപ്പിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമം തുടരുകയാണ്.