ഇന്ത്യാ-ബംഗ്ലാദേശ് ട്രെയിന്‍ സര്‍വീസ് ‘ബന്ധന്‍ എക്‌സ്പ്രസ്’ തുടക്കമായി

0
50

കൊല്‍ക്കത്ത: ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്ത്യാ-ബംഗ്ലാദേശ് ട്രെയിന്‍ സര്‍വീസിന് തുടക്കം. കൊല്‍ക്കത്തയില്‍ നിന്നും ബംഗ്ലാദേശിലെ ഖുല്‍നയിലേക്ക് പുതിയ ട്രെയിനായ ബന്ധന്‍ എക്‌സ്പ്രസ് സര്‍വീസ് വ്യാഴാഴ്ച ആരംഭിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബംഗ്ലാദേശ് പ്രധാനമന്ത്രി ശെയ്ഖ് ഹസീന, പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി തുടങ്ങിയവര്‍ സംയുക്തമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ ആദ്യ സര്‍വീസ് ഫ്‌ലാഗ് ഓഫ് ചെയ്തു.

അയല്‍ രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം സുദൃഢമാക്കാന്‍ പുതിയ ട്രെയിന്‍ സര്‍വീസിലൂടെ സാധ്യമാകുമെന്ന്
ഉദ്ഘാടനം നിര്‍വഹിച്ച ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ബംഗ്ലാദേശുമായും അവിടുത്തെ നേതാക്കളുമായും നല്ല അയല്‍ബന്ധമാണുള്ളതെന്നും ഉഭയകക്ഷി സന്ദര്‍ശനങ്ങള്‍ക്കോ ചര്‍ച്ചകള്‍ക്കോ വേണ്ടി പ്രോട്ടോക്കോളുകളുടെ നിയന്ത്രണം ഉണ്ടാകരുതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. പ്രധാനമന്ത്രിക്കൊപ്പം വിദേശ കാര്യമന്ത്രി സുഷമാ സ്വരാജും ഉദ്ഘാടന ചടങ്ങിലുണ്ടായിരുന്നു.

ആഴ്ചയില്‍ ഒരിക്കലാണ് ബന്ധന്‍ എക്സ്പ്രസിന്റെ സര്‍വീസ് ഉണ്ടായിരിക്കുക. നിലവില്‍ കൊല്‍ക്കത്തയില്‍ നിന്നും ബംഗ്ലാദേശിലെ ധാക്കയിലേക്ക് മൈത്രി എക്സ്പ്രസ് സര്‍വീസ് നടത്തുന്നുണ്ട്. ബംഗ്ലാദേശിലേക്കുള്ള രണ്ടാമത്തെ ട്രെയിന്‍ സര്‍വീസാണ് ബന്ധന്‍.