പെരുമ്പാവൂര്‍ : പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ അച്ഛന് പാപ്പുവിനെ മരിച്ച നിലയില്‍ കണ്ടെത്തി. മരണകാരണം വ്യക്തമായിട്ടില്ല. ഇന്ന് ഉച്ചതിരിഞ്ഞ് പെരുമ്പാവൂര്‍ ചെറുകുന്നത്ത് ഫാമിന് സമീപത്തെ റോഡിലാണ് ജിഷയുടെ പിതാവിന്റെ മൃതദേഹം കാണപ്പെട്ടത്. തനിച്ച് താമസിച്ചു വരികയായിരുന്നു പാപ്പു. സംഭവ സ്ഥലത്തേക്ക് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ അടക്കം എത്തിയിട്ടുണ്ട്. മൃതദേഹം ഇവിടെ നിന്ന് മാറ്റിയിട്ടില്ല.
ജിഷയുടെ പിതാവ് പാപ്പുവിന്റെ ജീവിതം നരക തുല്യമായിരുന്നു. വാഹനമിടിച്ചതിനെ തുടര്‍ന്ന് എഴുന്നേറ്റ് നടക്കാന്‍ പോലുമാകാതെ വീടിനുള്ളില്‍ ഏകനായി കിടന്ന കിടപ്പില്‍ പ്രാഥമിക കൃത്യങ്ങള്‍ നിര്‍വ്വഹിക്കുന്ന നിലയിലെത്തിയ പാപ്പുവിനെകുറിച്ചുള്ള വിവരങ്ങള്‍ പുറം ലോകത്തെത്തിച്ചത് മാധ്യമങ്ങളായിരുന്നു.
കേസിലെ മഹസര്‍ സാക്ഷി ഇരിങ്ങോള്‍ വട്ടോളിപ്പടി പുത്തന്‍കുടി പി.എം. സാബുവിനെ(38) ജൂലൈ 29ന് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ജിഷയുടെ അയല്‍വാസിയായ സാബുവിനെ അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തില്‍ പൊലീസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്തിരുന്നു.
ജിഷാവധക്കേസില്‍ വിചാരണ നടപടികള്‍ അവസാനഘട്ടത്തിലാണ്. പ്രതി അമീറുല്‍ ഇസ്ലാമിനെ നേരിട്ടു ചോദ്യംചെയ്യുന്ന നടപടി വിചാരണക്കോടതി പൂര്‍ത്തിയാക്കി. സാക്ഷിമൊഴികളുടെയും പൊലീസ് കണ്ടെത്തിയ ശാസ്ത്രീയ തെളിവുകളുടെയും വെളിച്ചത്തില്‍ കുറ്റകൃത്യവുമായി ബന്ധപ്പെട്ട 921 ചോദ്യങ്ങള്‍ ദ്വിഭാഷിയുടെ സഹായത്തോടെ കോടതി പ്രതിയോടു ചോദിച്ചു. രണ്ടു ദിവസം കൊണ്ടാണ് ഇതു പൂര്‍ത്തിയായത്.
പ്രതിഭാഗം സാക്ഷികളുടെ പട്ടിക അടുത്ത ദിവസങ്ങളില്‍ അമീറുല്‍ ഇസ്ലാമിന്റെ അഭിഭാഷകന് കോടതിയില്‍ സമര്‍പ്പിക്കും. 2016 ഏപ്രില്‍ 28നു വൈകിട്ട് 5.30നും ആറിനുമിടയില്‍ പെരുമ്പാവൂര്‍ കുറുപ്പംപടി വട്ടോളിപ്പടി കനാല്‍ബണ്ട് പുറമ്പോക്കിലെ അടച്ചുറപ്പില്ലാത്ത വീട്ടിലാണു ജിഷയെ ബലാത്സംഗം ചെയ്യപ്പെട്ടു മരിച്ച നിലയില്‍ കണ്ടെത്തിയത്.