ന്യൂഡല്‍ഹി: ജിഷ്ണു പ്രണോയുടെ കേസ് ഏറ്റെടുക്കില്ലെന്ന് സിബിഐ സുപ്രീം കോടതിയെ അറിയിച്ചു. കേസ് ഏറ്റെടുക്കേണ്ട സാഹചര്യം നിലവിലില്ലെന്നും കേരള പോലീസ് കേസ് അന്വേഷിച്ചാല്‍ മതിയെന്നും സിബിഐ കോടതിയില്‍ അറിയിച്ചു.
എന്നാല്‍ സിബിഐയുടെ നിലപാടിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. കേസ് ഏറ്റെടുക്കില്ലെന്നു പറയാന്‍ എന്തിനാണ് ആറുമാസം സമയമെടുത്തതെന്ന് കോടതി സിബിഐയോട് ചോദിച്ചു. ഇത്തരം നിലാപാടുകളോട് യോജിക്കാനാവില്ലെന്നും ഇത് ആവര്‍ത്തിച്ചാല്‍ കോടതിയ്ക്ക് ഇടപെടേണ്ടിവരുമെന്നും സുപ്രീം കോടതി മുന്നറിയിപ്പ് നല്കി.
ജിഷ്ണു കേസിലെ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന സര്‍ക്കാരിന്റെ ഹര്‍ജിയും കേസ് സിബിഐ ഏറ്റെടുക്കണമെന്ന ജിഷ്ണുവിന്റെ അമ്മ മഹിജ നല്കിയ ഹര്‍ജിയും പരിഗണിക്കുമ്പോഴാണ് സിബിഐ നിലപാട് വ്യക്തമാക്കിയത്. ബുധനാഴ്ച കേസ് വീണ്ടും പരിഗണിക്കും.
കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ കേസ് ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടുളള കേരള സര്‍ക്കാരിന്റെ വിജ്ഞാപനം കിട്ടിയിട്ടില്ലെന്നാണ് സിബിഐ കോടതിയില്‍ അറിയിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ ജൂണ്‍ പതിനഞ്ചിന് വിജ്ഞാപനമിറക്കിയതായും രേഖാമൂലം ഇത് കേന്ദ്രത്തിനും സിബിഐ അഭിഭാഷകനും കൈമാറിയിരുന്നതായും സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.