പ്രത്യേക ലേഖകന്‍
തിരുവനന്തപുരം: അരനൂറ്റാണ്ട് പിന്നിട്ട പൊതുജീവിതത്തില്‍ ആദ്യമായി ഒരാള്‍ തന്നെ ബ്ലാക്ക് മെയിലിംഗിന് വിധേയനാക്കിയെന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സോളാര്‍ കമ്മിഷന് റിപ്പോര്‍ട്ട് സഭയില്‍ സമര്‍പ്പിക്കപ്പെട്ട ശേഷം ഇന്ന് കെപിസിസി ആസ്ഥാനത്ത് വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് ഉമ്മന്‍ചാണ്ടി ഇക്കാര്യം വെളിപ്പെടുത്തിയത്.
എന്നെ ഒരാള്‍ ബ്ലാക്ക് മെയിലിംഗിന് വിധേയമാക്കുകയും ആ ബ്ലാക്ക് മെയിലിംഗില്‍ താന്‍ അകപ്പെടുകയും ചെയ്തു. മാധ്യമ പ്രവര്‍ത്തകര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും ആരാണ് ബ്ലാക്ക് മെയിലിംഗിന് വിധേയമാക്കിയതെന്നു വെളിപ്പെടുത്താന്‍ ഉമ്മന്‍ ചാണ്ടി തയ്യാറായില്ല. വി.എം.സുധീരനാണോ ബ്ലാക്ക് മെയില്‍ ചെയ്തതെന്നു ചോദിച്ചപ്പോള്‍ അത് ഞങ്ങളുടെ സഹപ്രവര്ത്തകന് അല്ലേ എന്ന മറുചോദ്യമാണ് ഉമ്മന്‍ ചാണ്ടി ചോദിച്ചത്.
സോളാര്‍ അന്വേഷണ കമ്മിഷന് റിപ്പോര്‍ട്ടിലെ ആരോപണങ്ങള്‍ അതീവ ഗുരുതരമാണെന്ന് വി.എം.സുധീരന് ചൂണ്ടിക്കാട്ടിയത് ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ആരോപണങ്ങള്‍ അതീവ ഗുരുതരം തന്നേയല്ലേ എന്ന് ഉമ്മന്‍ചാണ്ടി പ്രതികരിച്ചു. താന്‍ ഒരു വാര്‍ത്താസമ്മേളനം വിളിച്ചാല്‍ എത്ര പേര് എത്തും. വിഷയം സോളാര്‍ ആണെന്ന് അറിയുന്നതുകൊണ്ട് മാധ്യമങ്ങള്‍ മുഴുവനായി തന്നെ എത്തിയില്ലേ എന്നും ഉമ്മന്‍ ചാണ്ടി ചോദിച്ചു.
രണ്ടു തവണ മുഖ്യമന്ത്രിയായിരിക്കുകയും പ്രതിപക്ഷ നേതാവായിരിക്കുകയും ചെയ്ട കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയ നേതാവാണ് ഗുരുതരമായ ഈ ആരോപണവുമായി രംഗത്ത് വന്നത്. ആരെന്നു ഉമ്മന്‍ചാണ്ടി പറഞ്ഞില്ലെങ്കിലും കോണ്‍ഗ്രസ് രാഷ്ട്രീയം കലുഷിതമാക്കുന്ന അതിഗുരുതര ആരോപണമാണ് ഉമ്മന്‍ ചാണ്ടി മാധ്യമങ്ങള്‍ക്ക് മുന്‍പാകെ ഉതിര്‍ത്തത്. വരും ദിനങ്ങളില്‍ കേരളാ രാഷ്ട്രീയം ഉമ്മന്‍ചാണ്ടി പറഞ്ഞ ‘ബ്ലാക്ക് മെയിലിങ്’ രാഷ്ട്രീയത്തിനു പിറകെ കറങ്ങിത്തിരിഞ്ഞേക്കും.