രാജ്യസഭയിലെത്താനുള്ള ക്ഷണം നിരസിച്ച് രഘുറാം രാജന്‍

0
40

Related image

ന്യൂഡല്‍ഹി: രാജ്യസഭയിലെത്താനുള്ള ക്ഷണം ആര്‍ബിഐ മുന്‍ ഗവര്‍ണറും സാമ്പത്തിക വിദഗ്ധനുമായ രഘുറാം രാജന്‍ നിരസിച്ചു. രഘുറാം രാജനെ രാജ്യസഭാ സീറ്റിലേക്ക് മത്സരിപ്പിക്കാന്‍ ആം ആദ്മി പാര്‍ട്ടി ഒരുങ്ങുന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. രഘുറാം രാജന്റെ ഓഫീസാണ് രാജ്യസഭയിലേക്കില്ലെന്ന കാര്യം പത്രക്കുറിപ്പിലൂടെ അറിയിച്ചത്.

രാജ്യസഭയിലേക്ക് മത്സരിക്കാവുന്ന മൂന്നു സീറ്റുകളില്‍ ഒന്നിലേക്കാണ് ആം ആദ്മി പാര്‍ട്ടി രഘുറാം രാജനെ പരിഗണിച്ചിരുന്നത്. ഇതോടെയാണ് എംപി സ്ഥാനം സ്വീകരിക്കാന്‍ താത്പര്യമില്ലെന്ന വിശദീകരണം രഘുറാം രാജന്റെതായി പുറത്തിറങ്ങിയത്.

നിലവില്‍ ഷിക്കാഗോ സര്‍വകലാശാലയിലെ അധ്യാപകനായ രഘുറാം രാജന്‍ അവിടത്തെ മുഴുവന്‍സമയ ജോലി ഉപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് അദ്ദേഹത്തിന്റെ ഓഫീസ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നതായി ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

രാജ്യസഭയിലേക്ക് രാഷ്ട്രീയക്കാര്‍ക്കു പകരം പുറത്ത് നിന്നുള്ള മികച്ച വ്യക്തിത്വങ്ങളെ മത്സരിപ്പിക്കാനാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ആലോചിക്കുന്നതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. നോട്ട് നിരോധനവും ജിഎസ്ടിയും ചേര്‍ന്ന് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ തളര്‍ത്തിയ സാഹചര്യത്തില്‍ രഘുറാം രാജനെ പോലെ ഒരു മികച്ച സാമ്പത്തിക വിദഗ്ധന്‍ രാജ്യസഭയിലേക്ക് എത്തിയാല്‍ അത് കേന്ദ്രസര്‍ക്കാരിനെ കൂടുതല്‍ പ്രതിരോധത്തിലാക്കുമെന്നായിരുന്നു ആം ആദ്മിയുടെ
കണക്കുകൂട്ടല്‍.