വിനായകന്റെ മരണം: ഹൈക്കോടതി പരാതി ഫയലില്‍ സ്വീകരിച്ചു

0
39


കൊച്ചി: പൊലീസ് മര്‍ദ്ദനത്തെത്തുടര്‍ന്ന് വിനായകന്‍ എന്ന യുവാവ് മരിച്ച സംഭവത്തില്‍ പരാതി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. വിനായകന്റെ അച്ഛന്‍ കൃഷ്ണന്‍ ജൂലൈ 27-നാണ് ഹൈക്കോടതിയില്‍ പരാതി നല്‍കിയത്. വിശദമായ പ്രാഥമികാന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് പരാതി സ്വീകരിക്കാന്‍ തീരുമാനിച്ചത്.

പരാതി ഫയലില്‍ സ്വീകരിച്ച ജസ്റ്റിസ് പയസ് സി.കുര്യാക്കോസും ജസ്റ്റിസ് കെ.പി.ബാലചന്ദ്രനും അടങ്ങിയ ഡിവിഷന്‍ ബെഞ്ച് എതിര്‍ കക്ഷികള്‍ 14 ന് ഹാജരാകണമെന്ന് നിര്‍ദ്ദേശിച്ചു. പ്രതികളായ പൊലീസുകാര്‍ക്കുവേണ്ടി അന്വേഷണ സംഘം ദുര്‍ബലമായ വകുപ്പുകളാണ് ചുമത്തിയതെന്നും പരാതിയില്‍ പറയുന്നുണ്ട്.

വിനായകനും സുഹൃത്ത് ശരതും ബൈക്കില്‍ ഒരു പെണ്‍കുട്ടിയുമായി സംസാരിച്ചു നില്‍ക്കുന്നതിനിടെ പെട്രോളിങ് നടത്തുകയായിരുന്ന തൃശ്ശൂര്‍ പാവറട്ടി പോലീസ് ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. പിന്നീട് വിനായകനെ വിട്ടയച്ചെങ്കിലും ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. പൊലീസിന്റെ മര്‍ദ്ദനത്തെ തുടര്‍ന്നാണ് വിനായകന്‍ ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കളുടെ ആരോപണം. വിനായകന്റെ മരണത്തെക്കുറിച്ചുള്ള ക്രൈം ബ്രാഞ്ച് അന്വേഷണം തുടരുകയാണ്.