സിപിഐ മുഖപത്രത്തില്‍ തോമസ് ചാണ്ടിയുടെ പരസ്യം

0
32


തിരുവനന്തപുരം: സിപിഐയുടെ മുഖപത്രം ജനയുഗത്തില്‍ മന്ത്രി തോമസ് ചാണ്ടിയുടെ പരസ്യം. മന്ത്രിക്കെതിരായ ആരോപണങ്ങള്‍ തള്ളിയാണ് പരസ്യം വന്നിരിക്കുന്നത്. വാട്ടര്‍വേള്‍ഡ് ടൂറിസം കമ്പനിയുടെ പേരിലാണ് ചാണ്ടിയുടെ കായല്‍ കയ്യേറ്റം ന്യായീകരിക്കുന്ന പരസ്യം.

മന്ത്രിക്കും വാട്ടര്‍ വേള്‍ഡ് ടൂറിസം കമ്പനിക്കുമെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് മാനേജിങ് ഡയറക്ടര്‍ മാത്യു ജോസഫാണ് പരസ്യത്തിലൂടെ
വിശദീകരണം നല്‍കിയിരിക്കുന്നത്. ആലപ്പുഴ ജില്ലാ കളക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ഒരിഞ്ചുപോലും ഭൂമി കയ്യേറിയതായി പറയുന്നില്ലെന്നും ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നു കണ്ടെത്തിയിട്ടും മന്ത്രിയെ സ്വഭാവഹത്യ നടത്താനുള്ള ഹീനശ്രമമാണു ചില മാധ്യമങ്ങള്‍ നടത്തുന്നതെന്നും പരസ്യത്തില്‍ പറയുന്നു. കമ്പനിക്ക് നേരിട്ടു ബന്ധമില്ലാത്ത പല കാര്യങ്ങളും കമ്പനിയുടെ തലയില്‍ വയ്ക്കാനുള്ള ശ്രമമാണു നടക്കുന്നതെന്നും പരസ്യം ആരോപിക്കുന്നു.

കയ്യേറ്റ ആരോപണത്തില്‍ തോമസ് ചാണ്ടിയും സിപിഐയും തമ്മിലുള്ള ഭിന്നതക്കിടയിലാണ് പാര്‍ട്ടി പത്രത്തില്‍ തോമസ് ചാണ്ടിയെ ന്യായീകരിക്കുന്ന പരസ്യം വന്നിരിക്കുന്നത്. ജനജാഗ്രതാ യാത്രയില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ വേദിയിലിരുത്തി തോമസ് ചാണ്ടി തനിക്കെതിരായ ആരോപണം തെളിയിക്കാന്‍ വെല്ലുവിളിച്ചതും വിവാദമായിരുന്നു.