സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ കൂട്ടിച്ചേര്‍ക്കലുകളോ കൃത്രിമമോ നടത്തിയതായി സംശയമുണ്ടെന്ന് ഉമ്മന്‍ചാണ്ടി

0
55

പ്രത്യേക ലേഖകന്‍ 

തിരുവനന്തപുരം: സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ കൂട്ടിച്ചേര്‍ക്കലുകളോ കൃത്രിമമോ നടത്തിയതായി സംശയമുണ്ടെന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കെപിസിസി ആസ്ഥാനത്ത് വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിനെക്കുറിച്ച് തനിക്കുള്ള സംശയങ്ങള്‍ ഉമ്മന്‍ചാണ്ടി വെളിവാക്കിയത്.

സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നാല് വോളിയമാണ്. ഒരു വോളിയത്തില്‍ സോളാര്‍ കമ്മിഷന്‍ ഒപ്പിട്ടിട്ടില്ല. ചില പേജുകളില്‍ ഒപ്പിട്ടില്ലാ എന്നത് വിട്ടുകളയാം. ഇവിടെ ഒരു വോളിയത്തില്‍ അപ്പാടെ ഒപ്പിട്ടില്ല. അത് യാദൃശ്ചികം എന്ന് കരുതാന്‍ കഴിയുമോ? എന്തെങ്കിലും കൂട്ടിച്ചേര്‍ക്കലുകള്‍ നടന്നിട്ടില്ലാ എന്ന് എങ്ങിനെ പറയാന്‍ കഴിയും?

ഒപ്പിടാത്ത കാര്യം വിവാദമായപ്പോള്‍ ഒരു ദൂതനെ വിട്ടു സോളാര്‍ കമ്മിഷനെക്കൊണ്ട് സര്‍ക്കാര്‍ ഒപ്പിടുവിക്കുകയായിരുന്നു. അതുമാത്രമോ സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍  പിന്തുടര്‍ന്നത് അതീവ രഹസ്യാത്മകമായ നീക്കങ്ങളാണ്. റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെട്ടു പതിനേഴ് ദിവസമായിട്ടും റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം വെളിയില്‍ വിട്ടില്ല. മാധ്യമങ്ങള്‍ക്ക് പോലും അതിന്റെ ഉള്ളടക്കം നല്‍കിയിട്ടില്ല.

ഒരു പൊതു അന്വേഷണമാണ് സോളാര്‍ ആരോപണങ്ങളുടെ പേരില്‍ നടന്നത്. അത്തരം ഒരു അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട് എന്തുകൊണ്ട് പരസ്യമാക്കാന്‍ സര്‍ക്കാര്‍ മടിച്ചു. റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം വെളിയില്‍ വരും മുന്‍പ് തന്നെ കേസ് എടുക്കും എന്ന്‌ പ്രഖ്യാപിച്ചു. ചെയ്ത കുറ്റം എന്തെന്ന് ആര്‍ക്കും വ്യക്തമായിട്ടില്ല. ഏതൊക്കെ വകുപ്പുകള്‍ പ്രകാരം ആര്‍ക്കൊക്കെ നേര്‍ക്ക് കേസ് എന്നുവരെ മുഖ്യമന്ത്രി പറഞ്ഞു. ഒടുവില്‍ സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ പേരില്‍ സര്‍ക്കാര്‍ നിയമോപദേശം തേടി. ഇത് ഒരു നിലപാട് മാറ്റമായിരുന്നു.

ആരോപണം അന്വേഷിച്ച് കുറ്റമുണ്ടെങ്കില്‍ കേസ് എടുക്കും എന്നാണു മുഖ്യമന്ത്രി ഇന്നലെ പറഞ്ഞത്. സുപ്രീം കോടതി ജസ്റ്റിസിന്റെ നിയമോപദേശം കിട്ടിയ ശേഷമാണ് ഇന്നലെ മുഖ്യമന്ത്രി നിലപാട് മാറ്റം പ്രഖ്യാപിച്ചത്. ഇപ്പോള്‍ വീണ്ടും ഈ നിലപാട് മാറിയിരിക്കുന്നു. സരിതയുടെ കത്തിന്റെ പേരില്‍ കേസ് എടുക്കും എന്നാണു ഇന്നു പറയുന്നത്. അതായത് കേസിന്റെ കാര്യത്തില്‍ ഇന്നലെ പറഞ്ഞതല്ല സര്‍ക്കാര്‍ ഇന്നു പറയുന്നത്.

എല്‍ഡിഎഫ് സര്‍ക്കാര്‍ എല്ലാ കേസും ഗൗരവമായി എടുക്കുന്നു. യുഡിഎഫ് സര്‍ക്കാര്‍ സമീപനം ഇങ്ങിനെയായിരുന്നില്ല. ലെറ്റര്‍ഹെഡ് കാര്യം വരെ കേസ് ആയി. സരിത വിശ്വാസ്യതയുള്ള സ്ത്രീയാണോ? എത്ര തവണ മൊഴി മാറ്റിയ സ്ത്രീയാണ് സരിത.  യുഡിഎഫ് സര്‍ക്കാരിനെ അട്ടിമറിക്കുന്നതിനായി ആരോപണങ്ങള്‍ ഉന്നയിക്കാന്‍ ഇടത് കേന്ദ്രങ്ങള്‍ 10 കോടി രൂപ വാഗ്ദാനം ചെയ്തു എന്ന് പറഞ്ഞത് ഈ സരിത തന്നെയാണ്.

സരിതയുടെ ആരോപണങ്ങള്‍ അന്വേഷിക്കുമ്പോള്‍ ഇടത് സര്‍ക്കാര്‍ സരിത പറഞ്ഞ ഈ ആരോപണങ്ങള്‍ കൂടി അന്വേഷിക്കുമോ? ഒരു ജനാധിപത്യ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ 10 കോടി രൂപ വാഗ്ദാനം ലഭിച്ചു എന്ന് ഈ സരിത തന്നെയാണ് പറഞ്ഞത്. ഗുരുതരമായ ആരോപണമാണ് അന്ന് സരിത ഉയര്‍ത്തിയത്. ആരോപണങ്ങള്‍  എല്ലാം അന്വേഷിക്കണം.

അരനൂറ്റാണ്ടായി പൊതുജനങ്ങള്‍ക്കിടയിലാണ് എന്റെ ജീവിതം. കണ്ണാടിക്കൂട്ടിലല്ല ഞാന്‍ ചിലവഴിച്ചത്. ജനങ്ങള്‍ക്കൊപ്പമാണ്. സരിത ഉന്നയിക്കുന്ന അഴിമതി-ലൈംഗിക ആരോപണങ്ങള്‍ സത്യമാണെങ്കില്‍ പൊതുജനം അത് ആദ്യമേ തിരിച്ചറിഞ്ഞേനെ. ഇതുവരെ അത്തരം ആരോപണങ്ങള്‍ എനിക്ക് നേരിടേണ്ടി വന്നിട്ടില്ല.

നാല് വര്‍ഷമായി ആരോപണങ്ങള്‍ എന്നെ വേട്ടയാടുകയാണ്. ഇപ്പോള്‍ ഉയര്‍ന്നു വന്നിട്ടുള്ള ആരോപണങ്ങള്‍ ഒരു ശതമാനം പോലും ശരിയെന്നു തെളിഞ്ഞാല്‍ ഞാന്‍ പൊതുജീവിതം അവസാനിപ്പിക്കും-ഉമ്മന്‍ചാണ്ടി പറഞ്ഞു.