തിരുവനന്തപുരം: സോളാര്‍ കമ്മീഷന് റിപ്പോര്‍ട്ട് എന്ന പേരില്‍ ഇടതുസര്‍ക്കാര്‍ നിയമസഭയുടെ മേശപ്പുറത്ത് വെച്ചത് ‘കഥാ സരിതാ സാഗര’മാണെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്.
സോളാര്‍ കമ്പനി നടത്തിയ തട്ടിപ്പ് അന്വേഷണത്തില്‍ തുടങ്ങി കമ്മീഷന് റിപ്പോര്‍ട്ട് ഒടുവില്‍ സരിതാ റിപ്പോര്‍ട്ടായാണ് സഭയിലെത്തിയത്. 21 പേജുള്ള കത്ത് 25 പേജുകളായി വര്‍ധിപ്പിച്ചും ഇക്കിളിപ്പെടുത്തുന്ന വാചകങ്ങള്‍ കോര്‍ത്തിണക്കിയും ‘കഥാ സരിതാ സാഗരം’ വിപുലപ്പെടുത്താനാണ് ശ്രമിച്ചത്. യു.ഡി.എഫ് സര്‍ക്കാര്‍ നിയോഗിച്ച കമ്മീഷന് എല്‍.ഡി.എഫിന്റെ ഇംഗിതത്തിന് അനുസരിച്ച് രാഷ്ട്രീയ പ്രതികാരത്തോടെ തയാറാക്കിയ റിപ്പോര്ട്ടിന്മേല് തുടര്‍ നടപടി സ്വീകരിക്കുന്നത് സംബന്ധിച്ച് നിയമോപദേശം തേടുമെന്നും എം.എം ഹസന് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
കമ്മീഷന് റിപ്പോര്‍ട്ടിലെ നിഗമനങ്ങള്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ചപ്പോള്‍ തന്നെ അത് തെളിവുകളുടെയും വസ്തുതകളുടെയും അടിസ്ഥാനത്തിലല്ലെന്ന് വ്യക്തമായിരുന്നു. റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ അത് രാഷ്ട്രീയ പ്രേരിതമായി തയാറാക്കപ്പെട്ടതാണെന്ന് കൂടുതല്‍ വ്യക്തമായി. ആറുമാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് വേണ്ടി യു.ഡി.എഫ് സര്‍ക്കാര്‍ നിയോഗിച്ച കമ്മീഷന്, ഇടതുസര്‍ക്കാര്‍ അധികാരത്തിലേറി ഒന്നര വര്‍ഷത്തിന് ശേഷമാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ടേംസ് ഓഫ് റഫറന്‍സിന് പറത്തുള്ള കാര്യങ്ങളില്‍ ഇടപെട്ടും ഇഷ്ടമുള്ള വിഷയങ്ങള്‍ ഉള്‍പ്പെടുത്തിയും തയാറാക്കിയ റിപ്പോര്‍ട്ടാണിത്.
ടേംസ് ഓഫ് റഫറന്‍സില്‍ പറഞ്ഞ ഒരു കാര്യവും കമ്മീഷന് അന്വേഷിച്ചില്ലെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാണ്. സോളാര്‍ കമ്പനി നടത്തിയ തട്ടിപ്പിലെ അഴിമതി, അതുമായി ബന്ധപ്പെട്ട പരാതികളുടെ നിജസ്ഥിതി, തട്ടിപ്പിന് ആരാണ് ഉത്തരവാദികള്‍, സര്‍ക്കാരിന് എന്തെങ്കിലും സാമ്പത്തിക നഷ്ടം ഉണ്ടായോ എന്നിവയൊന്നും അന്വേഷിച്ചില്ല. അത് അന്വേഷിച്ചിരുന്നെങ്കില്‍ വ്യക്തമായ ഉത്തരം ലഭിക്കുമായിരുന്നു. ബിജു രാധാകൃഷ്ണന്റെ ആദ്യഭാര്യ കൊല്ലപ്പെട്ട സംഭവത്തിലെ 13 കേസുകളെക്കുറിച്ച് കമ്മീഷന്റെ നിഗമനങ്ങളില്‍ യാതൊരു പരാമര്‍ശവും ഇല്ലെന്നും ഹസന് ചൂണ്ടിക്കാട്ടി.
ബോംബ് പൊട്ടുമെന്ന് വിശേഷിപ്പിച്ചാണ് സര്‍ക്കാര്‍ സഭയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. എന്നാല്‍ ഒരു പൊട്ടാസ് പോലും പൊട്ടിയിട്ടില്ല. ജനങ്ങളില്‍ യാതൊരു പ്രതികരണവും ഉണ്ടാക്കിയിട്ടില്ല. മല എലിയെ പ്രസവിച്ചുവെന്നത് പോലെയുള്ള റിപ്പോര്‍ട്ടായി ‘സരിതാ റിപ്പോര്‍ട്ട്’ മാറിയെന്നും ഹസന് പരിഹസിച്ചു.