എം.മനോജ് കുമാര്‍
തിരുവനന്തപുരം: സോളാര്‍ അന്വേഷണ കമ്മിഷന് റിപ്പോര്‍ട്ടില്‍ സര്‍ക്കാറിന് ഏറ്റവും വലിയ തിരിച്ചടിയായത് റിപ്പോര്ട്ടിന്മേല് നിയമോപദേശം തേടാനുള്ള സര്‍ക്കാര്‍ നീക്കമാണ്. അന്വേഷണ കമ്മിഷന് റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കപ്പെടുമ്പോള്‍ പാലിക്കുന്ന ചിട്ടവട്ടങ്ങള്‍ എല്ലാം കാറ്റില്‍പറത്തിയാണ് ഇടത് സര്‍ക്കാര്‍ സോളാര്‍ അന്വേഷണ കമ്മിഷന് റിപ്പോര്‍ട്ട് കൈകാര്യം ചെയ്തത്.
അന്വേഷണ കമ്മിഷന് റിപ്പോര്‍ട്ടിലുള്ള ചിട്ടവട്ടങ്ങള്‍ കാറ്റില്‍ പറത്തുമ്പോള്‍ അവലംബിച്ച രീതികള്‍ സര്‍ക്കാരിന്റെ തുണയ്ക്ക് എത്തിയതുമില്ല. അന്വേഷണ കമ്മിഷന് റിപ്പോര്‍ട്ട് വെളിയില്‍ വരാതെ ഉമ്മന്‍ചാണ്ടിക്കെതിരെയും കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയും കേസ് എന്ന് പ്രഖ്യാപിച്ചപ്പോള്‍ അത് ഒരേ സമയം രാഷ്ട്രീയ പാപ്പരത്തവും മണ്ടത്തരവുമായി. ധാര്‍മ്മികമായും സദാചാരപരമായും ഭരണപരമായും സര്‍ക്കാര്‍ ചെയ്ത വലിയ തെറ്റായി അത് മാറി. ഈ തെറ്റില്‍ നിന്ന് സര്‍ക്കാരിനു മുക്തമാകാന്‍ കഴിഞ്ഞതുമില്ല.
ഒരു ജഡ്ജി നല്കിയ റിപ്പോര്‍ട്ട് എന്ത് ചെയ്യണം എന്ന് സര്‍ക്കാരിന് അറിയാന്‍ കഴിയാതെ പോയി.ഇന്ത്യയില്‍ തന്നെ ആദ്യ സംഭവമാകണം ഇത്. നാടുമുഴുവന്‍ സോളാര്‍ കമ്മിഷന് റിപ്പോര്‍ട്ടുമായി ഊരുചുറ്റേണ്ട ഗതികേട് സര്‍ക്കാരിനു ഉണ്ടാവുകയും ചെയ്തു. സര്‍ക്കാര്‍ പരിഹാസ്യമായി മാറിയപ്പോള്‍ പ്രതിപക്ഷം അതിനേക്കാള്‍ വലിയ പരിഹാസ്യരായി മാറി.
സര്‍ക്കാരിനു കൈവന്ന വീഴ്ച മുതലെടുക്കാന്‍ പ്രതിപക്ഷത്തിനു കഴിയാതെ വന്നു. സോളാര്‍ വിവാദം വന്നപ്പോള്‍ അടിവേരുകള്‍ വരെ കരിഞ്ഞുപോയ ഒരു പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറി. അതുകൊണ്ട് തന്നെ സര്‍ക്കാരിന്റെ വീഴ്ച തുറന്നുകാട്ടാന്‍ പ്രതിപക്ഷത്തിനു ശേഷിയുണ്ടായില്ല. കേരളത്തില്‍ കോണ്‍ഗ്രസിനെ നയിച്ച ഉമ്മന്‍ചാണ്ടിയും ഒരു ഡസന്‍ കോണ്‍ഗ്രസ് നേതാക്കളുമാണ് സരിത തുറന്നു വിട്ട സോളാര്‍ എന്ന അഴിമതി-ലൈംഗിക ആരോപണങ്ങളില്‍ കുരുങ്ങി വീണത്.
ഇന്നു നിയമസഭയില്‍ സോളാര്‍ അന്വേഷണ കമ്മിഷന് റിപ്പോര്‍ട്ട് സഭയില്‍ വച്ചപ്പോള്‍ കിട്ടിയ അവസരത്തില്‍ ഉള്ള ശേഷി വെച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കശക്കിയടിച്ചതും സോളാര്‍ അന്വേഷണ കമ്മിഷനില്‍ നിയമോപദേശം തേടാനുള്ള സര്‍ക്കാര്‍ തീരുമാനമാണ്. നിയമോപദേശം ലേലം വിളിക്കാന്‍ തീരുമാനിച്ചത് സര്‍ക്കാരിന് ഏറ്റവും വലിയ തിരിച്ചടിയാകുകയും ചെയ്തു.
സാധാരണ ഗതിയില്‍ അന്വേഷണ കമ്മിഷന് റിപ്പോര്‍ട്ട് വരുമ്പോള്‍ റിപ്പോര്‍ട്ട് പരിശോധിച്ച് മേല്‍നടപടികള്‍ കൈക്കൊള്ളാന്‍ ചീഫ് സെക്രട്ടറിയോ, ആഭ്യന്തര സെക്രട്ടറിയോ അധ്യക്ഷനായി ഒരു എംപവര്‍ കമ്മിറ്റി രൂപീകരിക്കുകയാണ് സര്‍ക്കാര്‍ ആദ്യം ചെയ്യുന്നത്. ഈ കമ്മറ്റി പരിശോധിച്ച് സര്‍ക്കാരിനു വേണ്ട നിര്‍ദ്ദേശം സമര്‍പ്പിക്കും. റിപ്പോര്‍ട്ട് തള്ളുകയോ കൊള്ളുകയോ ഒക്കെ ആകാം.
സോളാര്‍ അന്വേഷണ കമ്മിഷന് റിപ്പോര്‍ട്ട് വന്നപ്പോള്‍ സംഭവിച്ചത് സര്‍ക്കാര്‍ മുഴുവനായും ആശയക്കുഴപ്പത്തില്‍ അകപ്പെടുകയായിരുന്നു. കമ്മിഷന് റിപ്പോര്‍ട്ട് ആദ്യം സര്‍ക്കാര്‍ പരിശോധിച്ചു. നിയമസെക്രട്ടറി പരിശോധിച്ചു. എജി പരിശോധിച്ചു. പ്രോസിക്യൂഷന് ഡയരക്ടര്‍ ജനറല്‍ പരിശോധിച്ചു. അതും പോരാഞ്ഞു സോളാര്‍ കമ്മിഷന് റിപ്പോര്‍ട്ട് മുന്‍ സുപ്രീംകോടതി ജസ്റ്റിസ് അരിജിത്ത് പസായതിന്റെ നിയമോപദേശത്തിനു കൂടി വിട്ടു. ഒരു ജഡ്ജി സമര്‍പ്പിച്ച റിപ്പോര്‍ട്ടിനാണ് ഈ ദുര്യോഗം.
സോളാര്‍ കമ്മിഷന് റിപ്പോര്‍ട്ട് കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാര്‍ വീഴ്ച വ്യക്തമാണ്. അന്വേഷണ കമ്മിഷന് റിപ്പോര്‍ട്ടുകള്‍ കൈകാര്യം ചെയ്യുമ്പോഴുള്ള ചിട്ടവട്ടങ്ങള്‍ പിന്തുടരാതിരുന്നതാണ് ഈ കാര്യത്തില്‍ സര്‍ക്കാരിനു വിനയായത്. ലൈംഗിക ആരോപണങ്ങളുടെ പേരില്‍ കേസ് എടുക്കാന്‍ ഉദ്ദേശിച്ചുള്ള സര്‍ക്കാര്‍ നീക്കത്തിനെ നിയമോപദേശം നല്കിയ അരിജിത്ത് പസായതും അനുകൂലിച്ചില്ല. സരിതയുടെ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക പൊലീസ് സംഘത്തെ നിയോഗിക്കുകയും അതിന്മേല് കേസ് അടക്കമുള്ള നടപടികള്‍ എടുക്കാനുമാണ് പസായത് നല്കിയ ഉപദേശം.
അതനുസരിച്ച് ഉത്തരമേഖലാ എഡിജിപി രാജേഷ് ദിവാനെ തലവനാക്കി പ്രത്യേക പൊലീസ് സംഘം രൂപീകരിച്ച് സര്‍ക്കാര്‍ ഇന്നലെ തന്നെ ഉത്തരവിടുകയും ചെയ്തു. പക്ഷെ മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ തലപ്പത്തിരുന്നു അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തന്നെ നിയോഗിച്ച അന്വേഷണ കമ്മിഷനായ ജസ്റ്റിസ് ശിവരാജന് കമ്മിഷന് റിപ്പോര്‍ട്ട് ഉമ്മന്‍ചാണ്ടിക്ക് തന്നെ കുരുക്കായി മാറിയിരിക്കുകയാണ്. സരിതയില്‍ നിന്നും കോഴ കൈപ്പറ്റിയതിന്റെ പേരില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ പ്രഥമദൃഷ്ട്യാ തന്നെ തെളിവുണ്ട് എന്നാണു സോളാര്‍ കമ്മിഷന് റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്.
കേസെടുത്ത് അന്വേഷിക്കാനും കമ്മിഷന് ഉത്തരവിട്ടിട്ടുണ്ട്. സരിതയെ ശാരീരികമായി ഉപയോഗിച്ചതും അഴിമതിയുടെ പരിധിയില്‍ വരുമെന്ന് നിയമോപദേശത്തില്‍ പസായത് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതുകൊണ്ട് തന്നെ സരിതയെ ലൈംഗികമായി ഉപയോഗിച്ച് എന്ന് സരിത ചൂണ്ടിക്കാട്ടിയ മുഴുവന്‍ നേതാക്കള്‍ക്കുമെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ അവസരം സര്‍ക്കാരിന് കൈവന്നിട്ടുമുണ്ട്.
എന്തായാലും സോളാര്‍ കമ്മിഷന് വഴി ലഭിച്ച രാഷ്ട്രീയ മൈലേജ് നിയമോപദേശകാര്യത്തില് വന്ന വീഴ്ച കാരണം സര്‍ക്കാരിനു നഷ്ടം വന്നു. കാരണം ഉമ്മന്‍ചാണ്ടി കുറ്റക്കാരന്‍ എന്ന് മുഖ്യമന്ത്രി പിണറായി വിജയന് വിധിക്കുമ്പോള്‍ ഉമ്മന്‍ചാണ്ടിക്ക് ചെയ്ത കുറ്റം എന്താണ് എന്ന് അറിയാമായിരുന്നില്ല. കാരണം കമ്മിഷന് റിപ്പോര്‍ട്ട് അപ്പോള്‍ പരസ്യമായിരുന്നില്ല. അത് സാമാന്യ നീതിയുടെ ലംഘനമായി മാറുകയും ചെയ്തു. സോളാര്‍ കമ്മിഷന് റിപ്പോര്ട്ടിന്മേല് എന്ത് നടപടി സ്വീകരിക്കണം എന്നറിയാതെ സര്‍ക്കാര്‍ കുഴപ്പത്തില്‍ ചാടുകയും ചെയ്തതോടെ ചിത്രം പൂര്ണമാകുകയും ചെയ്തു.