ഷിംല: ഹിമാചല്‍പ്രദേശ് നിയമസഭയിലേയ്ക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു. 19 വനിതകള്‍ ഉള്‍പ്പെടെ 338 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുള്ളത്. കോണ്‍ഗ്രസും ബി.ജെ.പി.യും ആകെയുള്ള 68 സീറ്റുകളിലേക്കും മത്സരിക്കുന്നുണ്ട്. ബി.എസ്.പി. 42 സീറ്റിലും സി.പി.എം. 14 സീറ്റിലും സ്വാഭിമാന്‍ പാര്‍ട്ടിയും ലോക് ഗഠ്ബന്ധന് പാര്‍ട്ടിയും ആറുവീതം സീറ്റുകളിലും സി.പി.ഐ. മൂന്നുസീറ്റിലും മത്സരിക്കുന്നു.
രാവിലെ എട്ട് മണി മുതലാണ് വോട്ടെടുപ്പ്. 50,25,941 വോട്ടര്‍മാരാണ് ഇന്ന് സമ്മതിദാന അവകാശം വിനിയോഗിക്കുക.
ഹിമാചല്‍ പിടിക്കാന്‍ ശക്തമായ പ്രചാരണപരിപാടികള്‍ക്കാണ് കോണ്‍ഗ്രസും ബി.ജെ.പി.യും നേതൃത്വം നല്‍കിയത്. 450-ലേറെ തിരഞ്ഞെടുപ്പ് റാലികള്‍ ഹിമാചലില്‍ നടന്നു. 12 ദിവസം നീണ്ട തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, പ്രധാനമന്ത്രി നരേന്ദ്രമോദി, ബി.ജെ.പി.
ദേശീയ അധ്യക്ഷന്‍ അമിത് ഷാ തുടങ്ങിയവര്‍ പങ്കെടുത്തു. അമിത് ഷായും മോദിയും ആറുറാലികളിലും രാഹുല്‍ഗാന്ധി മൂന്നുറാലികളിലും പങ്കെടുത്തു.
കേന്ദ്ര സര്‍ക്കാറിന്റെ നോട്ട് നിരോധനം, ജി.എസ്.ടി നടപ്പാക്കല്‍ എന്നിവ കാരണം സമ്ബദ് വ്യവസ്ഥക്കും സാധാരണക്കാര്‍ക്കും വിനോദ സഞ്ചാരം അടക്കമുള്ള മേഖലക്കും ഉണ്ടായ നഷ്ടം ഉയര്‍ത്തിയാണ് കോണ്‍ഗ്രസ് സംസ്ഥാനമെമ്പാടും ബി.ജെ.പിക്ക് എതിരെ പ്രചാരണം നടത്തിയത്.
ഭരണത്തിലുള്ള കോണ്‍ഗ്രസിനെതിരേ അഴിമതിയാരോപണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ബി.ജെ.പി. വോട്ടുതേടുന്നത്.
തിരഞ്ഞെടുപ്പ് സുഗമമായി നടത്താനാവശ്യമായ സജ്ജീകരണങ്ങള്‍ നടത്തിയതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ പുഷ്പേന്ദര്‍ രാജ്പുത് പറഞ്ഞു.