കെ.ശ്രീജിത്ത്
ഉമ്മന്‍ചാണ്ടിയുടെ പതീറ്റാണ്ടുകള്‍ നീണ്ട രാഷ്ട്രീയ ജീവിതത്തെ അക്ഷരാര്‍ത്ഥത്തില്‍ ചെളിയില്‍ മുക്കിക്കൊണ്ടാണ് സോളാര്‍ കമ്മീഷന് റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. ആറ് പതീറ്റാണ്ടോളം നീണ്ട ആ രാഷ്ട്രീയ ജീവിതത്തില്‍ ഇത്രമാത്രം വെല്ലുവിളി നിറഞ്ഞ ഒരു സംഭവമുണ്ടായിട്ടില്ല.
ഇതിനുമുമ്പും ഒട്ടേറെ രാഷ്ട്രീയ ആരോപണങ്ങള്‍ ഉമ്മന്‍ചാണ്ടിയ്ക്കെതിരെ ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ അതിനെയൊക്കെ വിജയകരമായി മറികടന്ന തന്ത്രശാലിയും ഊര്‍ജസ്വലനുമായ അദ്ദേഹം സോളാര്‍ വിഷയത്തിയില്‍ ദയനീയമായി അന്തിച്ചുനില്‍ക്കുകയാണ്. പ്രത്യേകിച്ചും മകളുടെ മാത്രം പ്രായം വരുന്ന ഒരു സ്ത്രീയുടെ ലൈംഗിക ആരോപണങ്ങളില്‍. ഉമ്മന്‍ചാണ്ടിയെന്ന അനിതര സാധാരണ നേതാവ് ഒരിക്കലും ചെന്നുചാടില്ലെന്ന് ഇന്നലെ വരെ പൊതുസമൂഹം കരുതിയിരുന്ന കുരുക്കുകളിലും കെണികളിലുമാണ് അദ്ദേഹം ചെന്നുപെട്ടിരിക്കുന്നത്. ഇതില്‍ നിന്ന് ഊരിവരിക എന്നത് കഠിനമാണ്. അതിന് എന്തെങ്കിലും സാധ്യതയുണ്ടെങ്കില്‍ അത് നിയമപോരാട്ടത്തിലൂടെ മാത്രമാണ്. വര്‍ഷങ്ങള്‍ നീളാന്‍ എല്ലാ സാധ്യതയുമുള്ള ആ പോരാട്ടം അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിന് തീര്‍ച്ചയായും തിരിച്ചടിയാണ്. ധാര്‍മികതയുടെ രാഷ്ട്രീയം വെച്ച് നോക്കിയാല്‍ കോണ്‍ഗ്രസ് രാഷ്ട്രീയത്തിലും പാര്‍ലമെന്ററി രാഷ്ട്രീയത്തിലും അദ്ദേഹത്തിന് വലിയ ഇടവേളയുണ്ടാകുമെന്ന് അര്‍ത്ഥം. അങ്ങിനെ വന്നാല്‍ മുഖ്യധാരയില്‍ അദ്ദേഹത്തിന്റെ സ്ഥാനം എന്തായിരിക്കുമെന്ന് സംശയകരമാണ്. പ്രത്യേകിച്ചും കോണ്‍ഗ്രസ് പോലൊരു വലതുപക്ഷ പാര്‍ട്ടിയുടെ നാളിതുവരെയുള്ള രാഷ്ട്രീയ പ്രവര്‍ത്തന ശൈലി കൂടി വെച്ച് നോക്കുമ്പോള്‍. അവസരം കാത്ത് ഒട്ടേറെ പേരാണ് തയ്യാറായിനില്‍ക്കുന്നത്. ഒരു വീഴ്ച മതി, അയാളെ ചവിട്ടിപുറത്താക്കാന്‍. കോണ്‍ഗ്രസില്‍ അതിന് ഒട്ടേറെ മുന്‍ ഉദാഹരണങ്ങളുണ്ട്. ഉമ്മന്‍ചാണ്ടി തന്നെ ഒരുകാലത്ത് കെ.കരുണാകരനെന്ന മഹാമേരുവിനെ വെട്ടിയൊതുക്കിയത് മാത്രം ഓര്‍ത്താല്‍ മതി. എ.കെ.ആന്റണിയ്ക്ക് ഡല്‍ഹിയില്‍ അഭയാര്‍ത്ഥിയാകേണ്ടി വന്നതും ഇതിനോടൊപ്പം ചേര്‍ത്തുവായിക്കാം. ഇപ്പോള്‍ 74 വയസാണ് ഉമ്മന്‍ചാണ്ടിയുടെ പ്രായം എന്നതും കണക്കിലെടുക്കണം. ഇനിയൊരു തിരിച്ചുവരവിനുള്ള ബാല്യം അദ്ദേഹത്തിനുണ്ടോ എന്നതാണ് ചോദ്യം.
സമാനമായ സാഹചര്യത്തിലൂടെ കടന്നുവന്നയാളാണ് ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയന്. ലാവ്ലിന് കേസില്‍ ഉള്‍പ്പെട്ടതോടെ അദ്ദേഹത്തിന്റെ പാര്‍ലമെന്ററി രാഷ്ട്രീയത്തിന് വലിയ ഇടവേള സംഭവിച്ചിരുന്നു. എങ്കിലും അദ്ദേഹം അപ്പോഴും പാര്‍ട്ടിയില്‍ ശക്തനായിരുന്നു. ഒരു ദശകത്തിലധികം അദ്ദേഹം പാര്‍ട്ടി സെക്രട്ടറിയായി വിരാജിക്കുകയും പാര്‍ട്ടിയുടെ സംസ്ഥാനത്തെ സര്‍വസൈനാധിപനായി എല്ലാവരെയും അടക്കിഭരിച്ചും നിലക്കുനിര്‍ത്തിയും മുഖ്യാധാരാ രാഷ്ട്രീയത്തില്‍ ശക്തനായിത്തന്നെ തുടര്‍ന്നിരുന്നു. എന്നാല്‍ ഉമ്മന്‍ചാണ്ടിയുടെ അവസ്ഥ അതല്ല. ഇപ്പോള്‍ പാര്‍ട്ടിയില്‍ അദ്ദേഹം ഒന്നുമല്ല. പാര്‍ലമെന്ററി രാഷ്ട്രീയത്തിലാകട്ടെ വെറും നിയമസഭാംഗമായി മാത്രം തുടരുന്നു. പാര്‍ട്ടിയിലും അധികാര രാഷ്ട്രീയത്തിലും ഒന്നുമല്ലാതെ ഉഴലുന്ന അദ്ദേഹം എത്രകാലം പിടിച്ചുനില്ക്കുമെന്നതിനെക്കുറിച്ച് സംശയങ്ങളുണ്ട്. സിപിഎമ്മില്‍ വി.എസ്.അച്യുതാനന്ദന് പിണറായിക്കെതിരെ പൊരുതിനോക്കിയെങ്കിലും ദയനീയമായി നിലംപതിച്ചിരുന്നു. കഴിഞ്ഞ രണ്ട് ദശകത്തിനിടയില്‍ ഒരുകാലത്തും വി.എസിന്റെ പാര്‍ട്ടിയിലെ സ്വാധീനം ഒരുപരിധിയ്ക്ക് മുകളില്‍ പോയിട്ടില്ല. മാത്രമല്ല അത് ക്രമേണ ശോഷിച്ചുവരികയാണുണ്ടായത്. അക്കാലമത്രയും പിണറായി പാര്‍ട്ടിയിലെ ചോദ്യം ചെയ്യപ്പെടാത്ത നേതാവായിരുന്നു. എന്നാല്‍ ഉമ്മന്‍ചാണ്ടിയ്ക്ക് ശക്തമായ വെല്ലുവിളി ഉയര്‍ത്തി പാര്‍ട്ടിയിലും പാര്‍ലമെന്ററി രാഷ്ട്രീയത്തിലും രമേശ് ചെന്നിത്തല പിടിമുറുക്കിക്കഴിഞ്ഞു.
കോണ്‍ഗ്രസ് ഒരു പാര്‍ട്ടി എന്ന നിലയില്‍ ദയനീയമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. വീഴ്ചകളില്‍ നിന്ന് വീഴ്ചകളിലേയ്ക്കാണ് ആ പാര്‍ട്ടിയുടെ യാത്ര. സോളാര്‍ പ്രശ്നം അത്രമാത്രം അവരുടെ മുഖം വികൃതമാക്കിയിരിക്കുന്നു. സരിതയുടെ ആരോപണമുനയേല്ക്കാത്ത നേതാക്കള്‍, അത് വയോധികരായാലും ശരി ചെറുപ്പക്കാരായാലും ശരി, വളരെക്കുറച്ച് മാത്രമെ കോണ്‍ഗ്രസിലുള്ളൂ. അധികാരത്തിന്റെ മറവില്‍ ഒരു സ്ത്രീയെ ഏതൊക്കെ തരത്തില്‍ ചൂഷണം ചെയ്യാമോ അതെല്ലാം അവര്‍ ചെയ്തു. നിയമസഭയില്‍ സോളാര്‍ റിപ്പോര്‍ട്ട് വെച്ചപ്പോള്‍ പോലും അവരുടെ ദുര്‍ബലമായ പ്രതിരോധം പ്രത്യക്ഷത്തില്‍ തന്നെ കാണാമായിരുന്നു. ഇപ്പോഴത്തെ അവസ്ഥയില്‍ അവര്‍ക്ക് താങ്ങാവുന്നതിലും അപ്പുറമാണ് ഇത്. ഈ വിഷയത്തില്‍ ഹൈക്കമാന്റിന്റെ ഒരു സഹായഹസ്തവും പ്രതീക്ഷിക്കേണ്ടെന്നുമാത്രമല്ല, സംസ്ഥാനത്തെ പാര്‍ട്ടിയിലെ അന്ത:ഛിദ്രം മൂര്‍ച്ചിക്കാന്‍ മാത്രമെ ഇടയുള്ളൂ.
എന്തായാലും ആസന്ന ഭാവിയില്‍ത്തന്നെ ഒരു സമ്പൂര്‍ണ വെട്ടിനിരത്തല്‍ ഉറപ്പാണ്. വി.ഡി.സതീശനെപ്പോലെ, ചെന്നിത്തലയെപ്പോലെ പൊതുസമൂഹത്തിന് മുന്നില്‍ അല്പമെങ്കിലും പ്രതിച്ഛായ ബാക്കിയുള്ളവര്‍ മാത്രം പിടിച്ചുനില്‍ക്കാനും പാര്‍ട്ടിയെ കൈപ്പിടിയിലൊതുക്കാനുമാണ് സാധ്യത. എത്രത്തോളം ശക്തിയുള്ള പാര്‍ട്ടിയെ എന്നതുമാത്രമാണ് അവശേഷിക്കുന്ന ഏക ചോദ്യം.
സോളാര്‍ റിപ്പോര്‍ട്ടുമായി ഊരുചുറ്റിയത് സര്‍ക്കാറിന് വീഴ്ചയായി; പരിഹാസ്യരായി പ്രതിപക്ഷവും
എം.മനോജ് കുമാര്‍
തിരുവനന്തപുരം: സോളാര്‍ അന്വേഷണ കമ്മിഷന് റിപ്പോര്‍ട്ടില്‍ സര്‍ക്കാറിന് ഏറ്റവും വലിയ തിരിച്ചടിയായത് റിപ്പോര്ട്ടിന്മേല് നിയമോപദേശം തേടാനുള്ള സര്‍ക്കാര്‍ നീക്കമാണ്. അന്വേഷണ കമ്മിഷന് റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കപ്പെടുമ്പോള്‍ പാലിക്കുന്ന ചിട്ടവട്ടങ്ങള്‍ എല്ലാം കാറ്റില്‍പറത്തിയാണ് ഇടത് സര്‍ക്കാര്‍ സോളാര്‍ അന്വേഷണ കമ്മിഷന് റിപ്പോര്‍ട്ട് കൈകാര്യം ചെയ്തത്.
അന്വേഷണ കമ്മിഷന് റിപ്പോര്‍ട്ടിലുള്ള ചിട്ടവട്ടങ്ങള്‍ കാറ്റില്‍ പറത്തുമ്പോള്‍ അവലംബിച്ച രീതികള്‍ സര്‍ക്കാരിന്റെ തുണയ്ക്ക് എത്തിയതുമില്ല. അന്വേഷണ കമ്മിഷന് റിപ്പോര്‍ട്ട് വെളിയില്‍ വരാതെ ഉമ്മന്‍ചാണ്ടിക്കെതിരെയും കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയും കേസ് എന്ന് പ്രഖ്യാപിച്ചപ്പോള്‍ അത് ഒരേ സമയം രാഷ്ട്രീയ പാപ്പരത്തവും മണ്ടത്തരവുമായി. ധാര്‍മ്മികമായും സദാചാരപരമായും ഭരണപരമായും സര്‍ക്കാര്‍ ചെയ്ത വലിയ തെറ്റായി അത് മാറി. ഈ തെറ്റില്‍ നിന്ന് സര്‍ക്കാരിനു മുക്തമാകാന്‍ കഴിഞ്ഞതുമില്ല.
ഒരു ജഡ്ജി നല്കിയ റിപ്പോര്‍ട്ട് എന്ത് ചെയ്യണം എന്ന് സര്‍ക്കാരിന് അറിയാന്‍ കഴിയാതെ പോയി.ഇന്ത്യയില്‍ തന്നെ ആദ്യ സംഭവമാകണം ഇത്. നാടുമുഴുവന്‍ സോളാര്‍ കമ്മിഷന് റിപ്പോര്‍ട്ടുമായി ഊരുചുറ്റേണ്ട ഗതികേട് സര്‍ക്കാരിനു ഉണ്ടാവുകയും ചെയ്തു. സര്‍ക്കാര്‍ പരിഹാസ്യമായി മാറിയപ്പോള്‍ പ്രതിപക്ഷം അതിനേക്കാള്‍ വലിയ പരിഹാസ്യരായി മാറി.
സര്‍ക്കാരിനു കൈവന്ന വീഴ്ച മുതലെടുക്കാന്‍ പ്രതിപക്ഷത്തിനു കഴിയാതെ വന്നു. സോളാര്‍ വിവാദം വന്നപ്പോള്‍ അടിവേരുകള്‍ വരെ കരിഞ്ഞുപോയ ഒരു പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറി. അതുകൊണ്ട് തന്നെ സര്‍ക്കാരിന്റെ വീഴ്ച തുറന്നുകാട്ടാന്‍ പ്രതിപക്ഷത്തിനു ശേഷിയുണ്ടായില്ല. കേരളത്തില്‍ കോണ്‍ഗ്രസിനെ നയിച്ച ഉമ്മന്‍ചാണ്ടിയും ഒരു ഡസന്‍ കോണ്‍ഗ്രസ് നേതാക്കളുമാണ് സരിത തുറന്നു വിട്ട സോളാര്‍ എന്ന അഴിമതി-ലൈംഗിക ആരോപണങ്ങളില്‍ കുരുങ്ങി വീണത്.
ഇന്നു നിയമസഭയില്‍ സോളാര്‍ അന്വേഷണ കമ്മിഷന് റിപ്പോര്‍ട്ട് സഭയില്‍ വച്ചപ്പോള്‍ കിട്ടിയ അവസരത്തില്‍ ഉള്ള ശേഷി വെച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കശക്കിയടിച്ചതും സോളാര്‍ അന്വേഷണ കമ്മിഷനില്‍ നിയമോപദേശം തേടാനുള്ള സര്‍ക്കാര്‍ തീരുമാനമാണ്. നിയമോപദേശം ലേലം വിളിക്കാന്‍ തീരുമാനിച്ചത് സര്‍ക്കാരിന് ഏറ്റവും വലിയ തിരിച്ചടിയാകുകയും ചെയ്തു.
സാധാരണ ഗതിയില്‍ അന്വേഷണ കമ്മിഷന് റിപ്പോര്‍ട്ട് വരുമ്പോള്‍ റിപ്പോര്‍ട്ട് പരിശോധിച്ച് മേല്‍നടപടികള്‍ കൈക്കൊള്ളാന്‍ ചീഫ് സെക്രട്ടറിയോ, ആഭ്യന്തര സെക്രട്ടറിയോ അധ്യക്ഷനായി ഒരു എംപവര്‍ കമ്മിറ്റി രൂപീകരിക്കുകയാണ് സര്‍ക്കാര്‍ ആദ്യം ചെയ്യുന്നത്. ഈ കമ്മറ്റി പരിശോധിച്ച് സര്‍ക്കാരിനു വേണ്ട നിര്‍ദ്ദേശം സമര്‍പ്പിക്കും. റിപ്പോര്‍ട്ട് തള്ളുകയോ കൊള്ളുകയോ ഒക്കെ ആകാം.
സോളാര്‍ അന്വേഷണ കമ്മിഷന് റിപ്പോര്‍ട്ട് വന്നപ്പോള്‍ സംഭവിച്ചത് സര്‍ക്കാര്‍ മുഴുവനായും ആശയക്കുഴപ്പത്തില്‍ അകപ്പെടുകയായിരുന്നു. കമ്മിഷന് റിപ്പോര്‍ട്ട് ആദ്യം സര്‍ക്കാര്‍ പരിശോധിച്ചു. നിയമസെക്രട്ടറി പരിശോധിച്ചു. എജി പരിശോധിച്ചു. പ്രോസിക്യൂഷന് ഡയരക്ടര്‍ ജനറല്‍ പരിശോധിച്ചു. അതും പോരാഞ്ഞു സോളാര്‍ കമ്മിഷന് റിപ്പോര്‍ട്ട് മുന്‍ സുപ്രീംകോടതി ജസ്റ്റിസ് അരിജിത്ത് പസായതിന്റെ നിയമോപദേശത്തിനു കൂടി വിട്ടു. ഒരു ജഡ്ജി സമര്‍പ്പിച്ച റിപ്പോര്‍ട്ടിനാണ് ഈ ദുര്യോഗം.
സോളാര്‍ കമ്മിഷന് റിപ്പോര്‍ട്ട് കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാര്‍ വീഴ്ച വ്യക്തമാണ്. അന്വേഷണ കമ്മിഷന് റിപ്പോര്‍ട്ടുകള്‍ കൈകാര്യം ചെയ്യുമ്പോഴുള്ള ചിട്ടവട്ടങ്ങള്‍ പിന്തുടരാതിരുന്നതാണ് ഈ കാര്യത്തില്‍ സര്‍ക്കാരിനു വിനയായത്. ലൈംഗിക ആരോപണങ്ങളുടെ പേരില്‍ കേസ് എടുക്കാന്‍ ഉദ്ദേശിച്ചുള്ള സര്‍ക്കാര്‍ നീക്കത്തിനെ നിയമോപദേശം നല്കിയ അരിജിത്ത് പസായതും അനുകൂലിച്ചില്ല. സരിതയുടെ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക പൊലീസ് സംഘത്തെ നിയോഗിക്കുകയും അതിന്മേല് കേസ് അടക്കമുള്ള നടപടികള്‍ എടുക്കാനുമാണ് പസായത് നല്കിയ ഉപദേശം.
അതനുസരിച്ച് ഉത്തരമേഖലാ എഡിജിപി രാജേഷ് ദിവാനെ തലവനാക്കി പ്രത്യേക പൊലീസ് സംഘം രൂപീകരിച്ച് സര്‍ക്കാര്‍ ഇന്നലെ തന്നെ ഉത്തരവിടുകയും ചെയ്തു. പക്ഷെ മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ തലപ്പത്തിരുന്നു അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തന്നെ നിയോഗിച്ച അന്വേഷണ കമ്മിഷനായ ജസ്റ്റിസ് ശിവരാജന് കമ്മിഷന് റിപ്പോര്‍ട്ട് ഉമ്മന്‍ചാണ്ടിക്ക് തന്നെ കുരുക്കായി മാറിയിരിക്കുകയാണ്. സരിതയില്‍ നിന്നും കോഴ കൈപ്പറ്റിയതിന്റെ പേരില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ പ്രഥമദൃഷ്ട്യാ തന്നെ തെളിവുണ്ട് എന്നാണു സോളാര്‍ കമ്മിഷന് റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്.
കേസെടുത്ത് അന്വേഷിക്കാനും കമ്മിഷന് ഉത്തരവിട്ടിട്ടുണ്ട്. സരിതയെ ശാരീരികമായി ഉപയോഗിച്ചതും അഴിമതിയുടെ പരിധിയില്‍ വരുമെന്ന് നിയമോപദേശത്തില്‍ പസായത് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതുകൊണ്ട് തന്നെ സരിതയെ ലൈംഗികമായി ഉപയോഗിച്ച് എന്ന് സരിത ചൂണ്ടിക്കാട്ടിയ മുഴുവന്‍ നേതാക്കള്‍ക്കുമെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ അവസരം സര്‍ക്കാരിന് കൈവന്നിട്ടുമുണ്ട്.
എന്തായാലും സോളാര്‍ കമ്മിഷന് വഴി ലഭിച്ച രാഷ്ട്രീയ മൈലേജ് നിയമോപദേശകാര്യത്തില് വന്ന വീഴ്ച കാരണം സര്‍ക്കാരിനു നഷ്ടം വന്നു. കാരണം ഉമ്മന്‍ചാണ്ടി കുറ്റക്കാരന്‍ എന്ന് മുഖ്യമന്ത്രി പിണറായി വിജയന് വിധിക്കുമ്പോള്‍ ഉമ്മന്‍ചാണ്ടിക്ക് ചെയ്ത കുറ്റം എന്താണ് എന്ന് അറിയാമായിരുന്നില്ല. കാരണം കമ്മിഷന് റിപ്പോര്‍ട്ട് അപ്പോള്‍ പരസ്യമായിരുന്നില്ല. അത് സാമാന്യ നീതിയുടെ ലംഘനമായി മാറുകയും ചെയ്തു. സോളാര്‍ കമ്മിഷന് റിപ്പോര്ട്ടിന്മേല് എന്ത് നടപടി സ്വീകരിക്കണം എന്നറിയാതെ സര്‍ക്കാര്‍ കുഴപ്പത്തില്‍ ചാടുകയും ചെയ്തതോടെ ചിത്രം പൂര്ണമാകുകയും ചെയ്തു.
ഉമ്മന്‍ചാണ്ടിയും മന്ത്രിമാരും തെറ്റുകാര്‍
തിരുവനന്തപുരം: സോളാര്‍ കമ്മീഷന് റിപ്പോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയുടെ മേശപ്പുറത്ത് വെച്ചു. നാല് വോള്യങ്ങളിലായി 1078 പേജാണ് റിപ്പോര്‍ട്ടിലുള്ളത്. സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിയും മന്ത്രിമാരും തെറ്റുകാരാണെന്ന് കമ്മീഷന് കണ്ടെത്തിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് വിശദീകരിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.
സരിതയുടെ കത്തുകളും മൊഴികളും ഉള്‍പ്പെടുത്തിയതാണ് റിപ്പോര്‍ട്ട്. സരിതയുടെ മൊഴികളില്‍ പറയുന്ന പലരുമായും അവര്‍ നിരന്തരം ഫോണില്‍ ബന്ധപ്പെട്ടിരുന്നതിന് തെളിവുകളുണ്ട്. ലൈംഗിക ആരോപണങ്ങളിലും കഴമ്പുണ്ട്. ഈ ആരോപണങ്ങളും പരിഗണിക്കണമെന്ന് കമ്മീഷന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഉമ്മന്‍ചാണ്ടിയും ആര്യാടനും സരിതയെ സാമ്പത്തികമായും ശാരീരികമായും ചൂഷണം ചെയ്തു
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രിയായിരുന്ന ആര്യാടന് മുഹമ്മദ്, അടൂര്‍ പ്രകാശ്, എ.പി.അനില്‍കുമാര്‍ തുടങ്ങിയവര്‍ സരിതയെ ശാരീരികമായും സാമ്പത്തികമായും ചൂഷണം ചെയ്തെന്ന് സോളാര്‍ കമ്മീഷന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഉമ്മന്‍ചാണ്ടിയുടെ ഓഫീസ് സ്റ്റാഫ് അനധികൃതമായി സരിതയെ സഹായിച്ചു. ഉമ്മന്‍ചാണ്ടി രണ്ട് കോടി 16 ലക്ഷം രൂപ കൈപ്പറ്റുകയും സരിതയെ ശാരീരികമായി ചൂഷണം ചെയ്യുകയുമുണ്ടായി. ആര്യാടന് മുഹമ്മദ് പല തവണ സരിതയെ ശാരീരികമായി ചൂഷണം ചെയ്തു. ഇതിനുപുറമെ 25 ലക്ഷം രൂപ കൈപ്പറ്റി. അടൂര്‍ പ്രകാശ്, എ.പി.അനില്‍കുമാര്‍ എന്നീ മുന്മന്ത്രിമാര് സരിതയെ ശാരീരികമായി ഉപയോഗിച്ചു. അനില്‍കുമാര്‍ ഓഫീസ് സ്റ്റാഫായ നസീറുള്ള വഴി ഏഴ് ലക്ഷം രൂപ കൈപ്പറ്റിയെന്നും ജസ്റ്റിസ് ശിവരാജന് കമ്മീഷന് റിപ്പോര്‍ട്ടില്‍ പറയുന്നു.
തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഉമ്മന്‍ചാണ്ടിയെ രക്ഷിക്കാന്‍ ശ്രമിച്ചു
തിരുവനന്തപുരം: ആഭ്യന്തര മന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെന്ന് സോളാര്‍ കമ്മീഷന് റിപ്പോര്‍ട്ടില്‍ പറയുന്നു. തന്റെ വകുപ്പിന്റെ കീഴിലുള്ള പോലീസ് ഉദ്യോഗസ്ഥരെ ഇതിനായി പ്രേരിപ്പിച്ചെന്നും അതുവഴി മന്ത്രിസ്ഥാനം തിരുവഞ്ചൂര്‍ ദുരുപയോഗം ചെയ്തെന്നും ജസ്റ്റിസ് ശിവരാജന് കമ്മീഷന് കണ്ടെത്തി.
കെ.സി.വേണുഗോപാല്‍ സരിതയെ ബലാത്സംഗം ചെയ്തു; ഹൈബി ഈഡന് ശാരീരികമായി ഉപയോഗിച്ചു
തിരുവനന്തപുരം: മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായി കെ.സി.വേണുഗോപാല്‍ സരിതയെ ബലാത്സംഗം ചെയ്തുവെന്ന് ജസ്റ്റിസ് ശിവരാജന് കമ്മീഷന് കണ്ടെത്തി. ഹൈബി ഈഡന് എംഎല്‍എ പലതവണ സരിതയെ ശാരീരികമായി ചൂഷണം ചെയ്തു. പി.സി.വിഷ്ണുനാഥ് പലതവണ സരിതയെ വിളിക്കുകയും ഫോണിലേയ്ക്ക് മെസേജ് അയയ്ക്കുകയും ചെയ്തെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പത്മകുമാര്‍ ഐപിഎസ് സരിതയെ ശാരീരികമായി ഉപയോഗിച്ചെന്ന് കണ്ടെത്തല്‍
തിരുവനന്തപുരം: പോലീസ് ഉദ്യോഗസ്ഥനായ പത്മകുമാര്‍ സരിതയെ ശാരീരികമായി ഉപയോഗിച്ചതായി സോളാര്‍ കമ്മീഷന് റിപ്പോര്‍ട്ടില്‍ പറയുന്നു. കോണ്‍ഗ്രസ് നേതാവായ എന്‍.സുബ്രമണ്യനും കേന്ദ്രസഹമന്ത്രിയായിരുന്ന പളനിമാണിക്യവും സരിതയെ ശാരീരികമായി ചൂഷണം ചെയ്തെന്നും കമ്മീഷന് കണ്ടെത്തിയിട്ടുണ്ട്. ഇതിനുപുറമെ പളിമാണിക്യം 25 ലക്ഷം രൂപ കൈപ്പറ്റിയതായും ജസ്റ്റിസ് ശിവരാജന് കമ്മീഷന് കണ്ടെത്തിയിട്ടുണ്ട്.
ജോസ്.കെ.മാണി സരിതയെ ശാരീരികമായി ഉപയോഗിച്ചു; ബെന്നി ബെഹന്നാന് ഇടപെട്ടു
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് നേതാവും എംപിയുമായ ജോസ്.കെ.മാണി സരിതയെ ഡല്‍ഹിയില്‍ വെച്ച് സരിതയെ ശാരീരികമായി ഉപയോഗിച്ചെന്ന് സോളാര്‍ കമ്മീഷന് റിപ്പോര്‍ട്ടില്‍ പറയുന്നു. ബെന്നി ബെഹന്നാനും തമ്പാനൂര്‍ രവിയും ഉമ്മന്‍ചാണ്ടിയെ കേസില്‍ നിന്ന് രക്ഷപ്പെടുത്താന്‍ അനധികൃതമായി ഇടപെട്ടെന്നും ജസ്റ്റിസ് ശിവരാജന് കമ്മീഷന് കണ്ടെത്തിയിട്ടുണ്ട്.
സോളാര്‍ കേസിന്റെ തുടരന്വേഷണം: ഡിജിപി രാജേഷ് ദിവാന് ചുമതല
തിരുവനന്തപുരം: സോളാര്‍ കമ്മീഷന് റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട തുടരന്വേഷണ ഉത്തരവ് പുറത്തിറങ്ങി. ഉത്തരമേഖലാ ഡിജിപി രാജേഷ് ദിവാനാണ് അന്വേഷണ ചുമതല നല്‍കിയിരിക്കുന്നത്. രാത്രി വൈകിയാണ് ഉത്തരവിറങ്ങിയത്.
പ്രത്യേക അന്വേഷണസംഘത്തിന്റെ പ്രാഥമിക പരിശോധനയില്‍ തെളിവുകള്‍ ലഭിക്കുന്നവര്‍ക്കെതിരെ മാത്രം കേസെടുത്ത് അന്വേഷിക്കും.
പൊതുജീവിതത്തില്‍ ആദ്യമായി ഒരാള്‍ എന്നെ ബ്ലാക്ക് മെയിലിംഗിന് വിധേയനാക്കി: ഉമ്മന്‍ചാണ്ടി
പ്രത്യേക ലേഖകന്‍
തിരുവനന്തപുരം: അരനൂറ്റാണ്ട് പിന്നിട്ട പൊതുജീവിതത്തില്‍ ആദ്യമായി ഒരാള്‍ തന്നെ ബ്ലാക്ക് മെയിലിംഗിന് വിധേയനാക്കിയെന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സോളാര്‍ കമ്മിഷന് റിപ്പോര്‍ട്ട് സഭയില്‍ സമര്‍പ്പിക്കപ്പെട്ട ശേഷം ഇന്ന് കെപിസിസി ആസ്ഥാനത്ത് വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് ഉമ്മന്‍ചാണ്ടി ഇക്കാര്യം വെളിപ്പെടുത്തിയത്.
എന്നെ ഒരാള്‍ ബ്ലാക്ക് മെയിലിംഗിന് വിധേയമാക്കുകയും ആ ബ്ലാക്ക് മെയിലിംഗില്‍ താന്‍ അകപ്പെടുകയും ചെയ്തു. മാധ്യമ പ്രവര്‍ത്തകര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും ആരാണ് ബ്ലാക്ക് മെയിലിംഗിന് വിധേയമാക്കിയതെന്നു വെളിപ്പെടുത്താന്‍ ഉമ്മന്‍ ചാണ്ടി തയ്യാറായില്ല. വി.എം.സുധീരനാണോ ബ്ലാക്ക് മെയില്‍ ചെയ്തതെന്നു ചോദിച്ചപ്പോള്‍ അത് ഞങ്ങളുടെ സഹപ്രവര്ത്തകന് അല്ലേ എന്ന മറുചോദ്യമാണ് ഉമ്മന്‍ ചാണ്ടി ചോദിച്ചത്.
സോളാര്‍ അന്വേഷണ കമ്മിഷന് റിപ്പോര്‍ട്ടിലെ ആരോപണങ്ങള്‍ അതീവ ഗുരുതരമാണെന്ന് വി.എം.സുധീരന് ചൂണ്ടിക്കാട്ടിയത് ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ആരോപണങ്ങള്‍ അതീവ ഗുരുതരം തന്നേയല്ലേ എന്ന് ഉമ്മന്‍ചാണ്ടി പ്രതികരിച്ചു. താന്‍ ഒരു വാര്‍ത്താസമ്മേളനം വിളിച്ചാല്‍ എത്ര പേര് എത്തും. വിഷയം സോളാര്‍ ആണെന്ന് അറിയുന്നതുകൊണ്ട് മാധ്യമങ്ങള്‍ മുഴുവനായി തന്നെ എത്തിയില്ലേ എന്നും ഉമ്മന്‍ ചാണ്ടി ചോദിച്ചു.
രണ്ടു തവണ മുഖ്യമന്ത്രിയായിരിക്കുകയും പ്രതിപക്ഷ നേതാവായിരിക്കുകയും ചെയ്ട കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയ നേതാവാണ് ഗുരുതരമായ ഈ ആരോപണവുമായി രംഗത്ത് വന്നത്. ആരെന്നു ഉമ്മന്‍ചാണ്ടി പറഞ്ഞില്ലെങ്കിലും കോണ്‍ഗ്രസ് രാഷ്ട്രീയം കലുഷിതമാക്കുന്ന അതിഗുരുതര ആരോപണമാണ് ഉമ്മന്‍ ചാണ്ടി മാധ്യമങ്ങള്‍ക്ക് മുന്‍പാകെ ഉതിര്‍ത്തത്. വരും ദിനങ്ങളില്‍ കേരളാ രാഷ്ട്രീയം ഉമ്മന്‍ചാണ്ടി പറഞ്ഞ ‘ബ്ലാക്ക് മെയിലിങ്’ രാഷ്ട്രീയത്തിനു പിറകെ കറങ്ങിത്തിരിഞ്ഞേക്കും.
സോളാര്‍ കമ്മിഷന് റിപ്പോര്‍ട്ടില്‍ കൂട്ടിച്ചേര്‍ക്കലുകളോ കൃത്രിമമോ നടത്തിയതായി സംശയമുണ്ടെന്ന് ഉമ്മന്‍ചാണ്ടി
പ്രത്യേക ലേഖകന്‍
തിരുവനന്തപുരം: സോളാര്‍ കമ്മിഷന് റിപ്പോര്‍ട്ടില്‍ കൂട്ടിച്ചേര്‍ക്കലുകളോ കൃത്രിമമോ നടത്തിയതായി സംശയമുണ്ടെന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കെപിസിസി ആസ്ഥാനത്ത് വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് സോളാര്‍ കമ്മിഷന് റിപ്പോര്‍ട്ടിനെക്കുറിച്ച് തനിക്കുള്ള സംശയങ്ങള്‍ ഉമ്മന്‍ചാണ്ടി വെളിവാക്കിയത്.
സോളാര്‍ കമ്മിഷന് റിപ്പോര്‍ട്ട് നാല് വോളിയമാണ്. ഒരു വോളിയത്തില്‍ സോളാര്‍ കമ്മിഷന് ഒപ്പിട്ടിട്ടില്ല. ചില പേജുകളില്‍ ഒപ്പിട്ടില്ലാ എന്നത് വിട്ടുകളയാം. ഇവിടെ ഒരു വോളിയത്തില്‍ അപ്പാടെ ഒപ്പിട്ടില്ല. അത് യാദൃശ്ചികം എന്ന് കരുതാന്‍ കഴിയുമോ? എന്തെങ്കിലും കൂട്ടിച്ചേര്‍ക്കലുകള്‍ നടന്നിട്ടില്ലാ എന്ന് എങ്ങിനെ പറയാന്‍ കഴിയും?
ഒപ്പിടാത്ത കാര്യം വിവാദമായപ്പോള്‍ ഒരു ദൂതനെ വിട്ടു സോളാര്‍ കമ്മിഷനെക്കൊണ്ട് സര്‍ക്കാര്‍ ഒപ്പിടുവിക്കുകയായിരുന്നു. അതുമാത്രമോ സോളാര്‍ കമ്മിഷന് റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പിന്തുടര്ന്നത് അതീവ രഹസ്യാത്മകമായ നീക്കങ്ങളാണ്. റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെട്ടു പതിനേഴ് ദിവസമായിട്ടും റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം വെളിയില്‍ വിട്ടില്ല. മാധ്യമങ്ങള്‍ക്ക് പോലും അതിന്റെ ഉള്ളടക്കം നല്‍കിയിട്ടില്ല.
ഒരു പൊതു അന്വേഷണമാണ് സോളാര്‍ ആരോപണങ്ങളുടെ പേരില്‍ നടന്നത്. അത്തരം ഒരു അന്വേഷണ കമ്മിഷന് റിപ്പോര്‍ട്ട് എന്തുകൊണ്ട് പരസ്യമാക്കാന്‍ സര്‍ക്കാര്‍ മടിച്ചു. റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം വെളിയില്‍ വരും മുന്‍പ് തന്നെ കേസ് എടുക്കും എന്ന് പ്രഖ്യാപിച്ചു. ചെയ്ത കുറ്റം എന്തെന്ന് ആര്‍ക്കും വ്യക്തമായിട്ടില്ല. ഏതൊക്കെ വകുപ്പുകള്‍ പ്രകാരം ആര്‍ക്കൊക്കെ നേര്‍ക്ക് കേസ് എന്നുവരെ മുഖ്യമന്ത്രി പറഞ്ഞു. ഒടുവില്‍ സോളാര്‍ കമ്മിഷന് റിപ്പോര്‍ട്ടിന്റെ പേരില്‍ സര്‍ക്കാര്‍ നിയമോപദേശം തേടി. ഇത് ഒരു നിലപാട് മാറ്റമായിരുന്നു.
ആരോപണം അന്വേഷിച്ച് കുറ്റമുണ്ടെങ്കില്‍ കേസ് എടുക്കും എന്നാണു മുഖ്യമന്ത്രി ഇന്നലെ പറഞ്ഞത്. സുപ്രീം കോടതി ജസ്റ്റിസിന്റെ നിയമോപദേശം കിട്ടിയ ശേഷമാണ് ഇന്നലെ മുഖ്യമന്ത്രി നിലപാട് മാറ്റം പ്രഖ്യാപിച്ചത്. ഇപ്പോള്‍ വീണ്ടും ഈ നിലപാട് മാറിയിരിക്കുന്നു. സരിതയുടെ കത്തിന്റെ പേരില്‍ കേസ് എടുക്കും എന്നാണു ഇന്നു പറയുന്നത്. അതായത് കേസിന്റെ കാര്യത്തില്‍ ഇന്നലെ പറഞ്ഞതല്ല സര്‍ക്കാര്‍ ഇന്നു പറയുന്നത്.
എല്‍ഡിഎഫ് സര്‍ക്കാര്‍ എല്ലാ കേസും ഗൗരവമായി എടുക്കുന്നു. യുഡിഎഫ് സര്‍ക്കാര്‍ സമീപനം ഇങ്ങിനെയായിരുന്നില്ല. ലെറ്റര്‍ഹെഡ് കാര്യം വരെ കേസ് ആയി. സരിത വിശ്വാസ്യതയുള്ള സ്ത്രീയാണോ? എത്ര തവണ മൊഴി മാറ്റിയ സ്ത്രീയാണ് സരിത. യുഡിഎഫ് സര്‍ക്കാരിനെ അട്ടിമറിക്കുന്നതിനായി ആരോപണങ്ങള്‍ ഉന്നയിക്കാന്‍ ഇടത് കേന്ദ്രങ്ങള്‍ 10 കോടി രൂപ വാഗ്ദാനം ചെയ്തു എന്ന് പറഞ്ഞത് ഈ സരിത തന്നെയാണ്.
സരിതയുടെ ആരോപണങ്ങള്‍ അന്വേഷിക്കുമ്പോള്‍ ഇടത് സര്‍ക്കാര്‍ സരിത പറഞ്ഞ ഈ ആരോപണങ്ങള്‍ കൂടി അന്വേഷിക്കുമോ? ഒരു ജനാധിപത്യ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ 10 കോടി രൂപ വാഗ്ദാനം ലഭിച്ചു എന്ന് ഈ സരിത തന്നെയാണ് പറഞ്ഞത്. ഗുരുതരമായ ആരോപണമാണ് അന്ന് സരിത ഉയര്‍ത്തിയത്. ആരോപണങ്ങള്‍ എല്ലാം അന്വേഷിക്കണം.
അരനൂറ്റാണ്ടായി പൊതുജനങ്ങള്‍ക്കിടയിലാണ് എന്റെ ജീവിതം. കണ്ണാടിക്കൂട്ടിലല്ല ഞാന്‍ ചിലവഴിച്ചത്. ജനങ്ങള്‍ക്കൊപ്പമാണ്. സരിത ഉന്നയിക്കുന്ന അഴിമതി-ലൈംഗിക ആരോപണങ്ങള്‍ സത്യമാണെങ്കില്‍ പൊതുജനം അത് ആദ്യമേ തിരിച്ചറിഞ്ഞേനെ. ഇതുവരെ അത്തരം ആരോപണങ്ങള്‍ എനിക്ക് നേരിടേണ്ടി വന്നിട്ടില്ല.
നാല് വര്‍ഷമായി ആരോപണങ്ങള്‍ എന്നെ വേട്ടയാടുകയാണ്. ഇപ്പോള്‍ ഉയര്‍ന്നു വന്നിട്ടുള്ള ആരോപണങ്ങള്‍ ഒരു ശതമാനം പോലും ശരിയെന്നു തെളിഞ്ഞാല്‍ ഞാന്‍ പൊതുജീവിതം അവസാനിപ്പിക്കും-ഉമ്മന്‍ചാണ്ടി പറഞ്ഞു.
ഉമ്മന്‍ചാണ്ടിക്കെതിരെ തെളിവു നല്കാന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടതായി സരിത
തിരുവനനന്തപുരം: ഉമ്മന്‍ചാണ്ടിക്കെതിരെ തെളിവ് നല്കാന് രമേശ് ചെന്നിത്തല തന്നോട് ആവശ്യപ്പെട്ടെന്ന്് സരിത എസ് നായര്‍. കഴിഞ്ഞ തെരഞ്ഞെടുപ്പുകാലത്ത് ഫോണിലൂടെയാണ് ചെന്നിത്തല ഇക്കാര്യം ആവശ്യപ്പെട്ടതെന്നും സരിത പറഞ്ഞു. കമ്മീഷന് നല്കിയതിനേക്കാള് കൂടുതല്‍ തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും സരിത തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.
പലരുടെയും മുഖം മൂടി വലിച്ച് കീറാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും മസാല റിപ്പോര്‍ട്ടായി സോളാര്‍ റിപ്പോര്‍ട്ടിനെ കാണരുതെന്നും സരിത പറഞ്ഞു. ഉപഭോക്താക്കളില്‍ നിന്ന് ലഭിച്ച പണം രാഷ്ട്രീയക്കാര്‍ക്ക് കൊടുക്കേണ്ട അവസ്ഥയാണ് തനിക്കുണ്ടായത്. രാഷ്ട്രീയക്കാരെല്ലാം തന്റെ കൈയില്‍ നിന്നും പണം വാങ്ങിയിട്ടുണ്ട്. ആരെയും പ്രതീപ്പെടുത്താന്‍ ഒന്നും ചെയ്തിട്ടില്ലെന്നും സരിത കൂട്ടിച്ചേര്‍ത്തു.
താന്‍ ആരുടേയും കൈയില്‍ നിന്ന് ഞാന്‍ പണം വാങ്ങിയിട്ടില്ല. എല്ലാവരും തന്നെ പറ്റിക്കുകയായിരുന്നു. തന്നോടൊപ്പം നില്ക്കേണ്ടവര് പോലും സ്വന്തം കാര്യം നോക്കി പോവുകയായിരുന്നു. കൂടാതെ തന്നെ മോശപ്പെട്ട സ്ത്രീയായി ചിത്രീകരിച്ചെന്നും സരിത പറഞ്ഞു.
സോളാര്‍ കേസില്‍ തോമസ് ചാണ്ടിക്കുവേണ്ടി ഇടതു സര്‍ക്കാര്‍ ഒത്തുതീര്‍പ്പിന് വഴങ്ങിയെന്ന് കുമ്മനം
തിരുവനന്തപുരം: സോളാര്‍ കേസില്‍ തോമസ് ചാണ്ടിക്കുവേണ്ടി ഇടതു സര്‍ക്കാര്‍ ഒത്തുതീര്‍പ്പിന് വഴങ്ങിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. ആക്ഷന്‍ ടേക്കണ്‍ റിപ്പോര്‍ട്ടാണ് നിയമസഭയില്‍ വയ്ക്കേണ്ടിയിരുന്നതെന്നും എന്നാല്‍ അതല്ല നിയമസഭയില്‍ വച്ചതെന്നും കുമ്മനം വ്യക്തമാക്കി. തോമസ് ചാണ്ടി വിഷയത്തില്‍ കോണ്‍ഗ്രസിന്റെ വായടപ്പിക്കാനുള്ള നടപടിയാണ് ഇപ്പോള്‍ ഇടതു സര്‍ക്കാര്‍ ചെയ്തതെന്നും കുമ്മനം കുറ്റപ്പെടുത്തി.
ഇടതുപക്ഷവും വലതുപക്ഷവും ഒത്തുതീര്‍പ്പിന്റെ രാഷ്ട്രീയക്കളി നടത്തിയെന്നും ഒത്തുതീര്‍പ്പ് രാഷ്ട്രീയമെന്ന വി.ടി.ബല്‍റാമിന്റെ ആരോപണം മറനീക്കി പുറത്തുവന്നുവെന്നും കുമ്മനം ആരോപിച്ചു.
അതേസമയം, സ്ത്രീപീഡകരുടേയും അഴിമതിക്കാരുടേയും കൂടാരമായി മാറിയ കെ.പി.സി.സി പിരിച്ചു വിടണമെന്നും കേരള രാഷ്ടീയത്തിലെ ഏറ്റവും വലിയ അശ്ലീലമായി കോണ്‍ഗ്രസ് മാറിയെന്നും കുമ്മനം പറഞ്ഞു. രാജ്യത്തിന് മുന്നില്‍ കേരളത്തെ അപമാനിച്ച കോണ്‍ഗ്രസ് നേതാക്കള്‍ പൊതു പ്രവര്‍ത്തനം ഉപേക്ഷിച്ച് ജനങ്ങളോട് മാപ്പു പറയണമെന്നും കോണ്‍ഗ്രസിന്റെ പ്രതീകമായ തിരുവനന്തപുരത്തെ ഇന്ദിരാഭവന് അടച്ചു പൂട്ടണമെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു.
സോളാര്‍ കമ്മീഷന്റെ കണ്ടെത്തല്‍ അതീവ ഗുരുതരം: വി.എം.സുധീരന്
തിരുവനന്തപുരം: സോളാര്‍ കമ്മീഷന്റെ കണ്ടെത്തല്‍ അതീവ ഗുരുതരമെന്ന് മുന്‍ കെപിസിസി അദ്ധ്യക്ഷന്‍ വി.എം.സുധീരന് പ്രതികരിച്ചു. സോളാര്‍ തട്ടിപ്പിനെ സംബന്ധിച്ച ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ടിലെ വിവരങ്ങളാണ് അതീവ ഗുരുതരമെന്ന് സുധീരന് പറഞ്ഞത്. ഈ വിഷയത്തില്‍ കൂടുതലൊന്നും പറയുന്നില്ലെന്നും വരും ദിവസങ്ങളില്‍ കൂടുതല്‍ പ്രതികരണങ്ങള്‍ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
സോളാര്‍ തട്ടിപ്പിനെ സംബന്ധിച്ച ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ടില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉള്ളത്. യുഡിഎഫ് നേതാക്കള്‍ അഴിമതിക്ക് കൂട്ടുനിന്നെന്നും സരിതയുടെ ലൈംഗികാരോപണത്തില്‍ വാസ്തവമുണ്ടെന്നും കമ്മീഷന് കണ്ടെത്തിയിട്ടുണ്ട്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നിയമിച്ച കമ്മീഷന് തന്നെയാണ് ഉമ്മന്‍ചാണ്ടിക്കും മറ്റ് അംഗങ്ങള്‍ക്കും എതിരെ ആരോപണങ്ങള്‍ ഉയര്‍ത്തിയിരിക്കുന്നത്.
സോളാര്‍ കമ്മീഷന് റിപ്പോര്‍ട്ട് വായിക്കാന്‍ സൈറ്റില്‍ തിരക്ക്; നിയമസഭാ വെബ്സൈറ്റ് നിശ്ചലം
തിരുവനന്തപുരം: നിയമസഭാ വെബ്സൈറ്റ് നിശ്ചലമായി. സോളാര്‍ കമ്മീഷന് റിപ്പോര്‍ട്ട് വായിക്കാന്‍ ആളുകള്‍ സൈറ്റിലേക്ക് ഇടിച്ചു കയറിയതാണ് ഇതിന് കാരണം. ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള യുഡിഎഫ് നേതാക്കള്‍ക്കെതിരെ ശക്തമായ പരാമര്‍ശങ്ങളുള്ള റിപ്പോര്‍ട്ട് അപ്ലോഡ് ചെയ്തതിന് പിന്നാലെ നിയമസഭാ വെബ്സൈറ്റ് ഏതാണ്ട് പൂര്‍ണമായും നിശ്ചലമാകുകയായിരുന്നു. വലിപ്പം കൂടിയ ഫയല്‍ ആയതിനാലാണ് ഡൗണ്‍ലോഡ് ചെയ്തു തുറന്നുവരാന് താമസമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങളുടെ വിശദീകരണം.
നാലു വാല്യങ്ങളിലായി 1,073 പേജുള്ള റിപ്പോര്‍ട്ട് സഭയില്‍ വെച്ചതിനൊപ്പം വെബ്സൈറ്റിലും പ്രസിദ്ധീകരിക്കുക്കയായിരുന്നു. ഇംഗ്ലീഷിലുള്ള നാലുഭാഗങ്ങളാണ് ആദ്യം പ്രസിദ്ധീകരിച്ചത്. സഭാ സമ്മേളനം തീര്‍ന്ന് ഏറെ നേരത്തിന് ശേഷമാണ് മലയാളം പരിഭാഷ സൈറ്റില്‍ അപ്ലോഡ് ചെയ്തത്. ഇതിന് ശേഷമാണ് സൈറ്റിന്റെ വേഗം കുറഞ്ഞത്.
കൊച്ചുമക്കളെ കുറച്ചു ദിവസത്തേക്ക് പത്ര വായനയില്‍ നിന്നും വാര്‍ത്ത കേള്‍ക്കുന്നതില്‍ നിന്നും വിലക്കിയെന്ന് എം.എം.മണി
തിരുവനന്തപുരം: ഇന്ന് മുതല്‍ കുറച്ച് ദിവസത്തേക്ക് പത്രം വായനയില്‍ നിന്നും വാര്‍ത്ത കേള്‍ക്കുന്നതില്‍ നിന്നും കൊച്ചുമക്കളെ വിലക്കിയിട്ടുണ്ടെന്ന് മന്ത്രി എം.എം.മണി. ഫെയ്സ് ബുക്ക് പോസ്റ്റിലൂടെയാണ് എം.എം.മണി ഇക്കാര്യം അറിയിച്ചത്.
ഇന്ന് നിയമസഭയില്‍ സോളാര്‍ കമ്മീഷന് റിപ്പോര്‍ട്ട് വെച്ച സാഹചര്യത്തിലാണ് മന്ത്രിയുടെ പോസ്റ്റ്. ‘സോളാര്‍ സ്ട്രോക്ക്’ എന്ന ഹാഷ് ടാഗോടെയാണ് മന്ത്രിയുടെ പോസ്റ്റ്.
സോളാര്‍ റിപ്പോര്‍ട്ടിലൂടെ ജസ്റ്റിസ് ശിവരാജന് മഞ്ഞ ജേര്‍ണലിസത്തിന് പഠിക്കുകയാണോ?: എന്‍.എസ് മാധവന്
തിരുവനന്തപുരം: സോളാര്‍ റിപ്പോര്‍ട്ടിലൂടെ ജസ്റ്റിസ് ശിവരാജന് മഞ്ഞ ജേര്‍ണലിസത്തിന് പഠിക്കുകയാണോയെന്ന് എഴുത്തുകാരന് എന്‍.എസ് മാധവന്. അന്വേഷണത്തിലൂടെ വ്യക്തത വരുത്താത്ത അവഹേളനപരമായ കാര്യങ്ങള്‍ ജസ്റ്റിസ് ശിവരാജന് മുന്നോട്ട് വെക്കുന്നുവെന്നും അദ്ദേഹം ആരോപിക്കുന്നു. സോളാര്‍ റിപ്പോര്‍ട്ടില്‍ സരിതയുടെ കത്ത് ചേര്‍ത്തതുമായി ബന്ധപ്പെട്ടാണ് മാധവന്റെ അഭിപ്രായ പ്രകടനം.
അഴിമതി ഒരുപക്ഷേ നടന്നിരിക്കാമെന്ന് എന്‍എസ് മാധവന് ട്വിറ്ററില്‍ കുറിച്ചു. എന്നാല്‍ ലൈംഗിക പീഡനം നടന്നിട്ടുണ്ടോ എന്നതില്‍ അദ്ദേഹം സംശയം പ്രകടിപ്പിച്ചു. സരിതയുടെ കത്ത് മുന്നോട്ടുവച്ച് ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെടുകയാണ് കമ്മീഷന് ചെയ്തിരിക്കുന്നത്. അന്വേഷണത്തിലൂടെ വ്യക്തത വരുത്താത്ത, അവഹേളനപരമായ അനുബന്ധങ്ങള്‍ അനാവശ്യവും അതുകൊണ്ടുതന്നെ അപകീര്‍ത്തികരവുമാണ്. ജസ്റ്റിസ് ശിവരാജന് മഞ്ഞ ജേണലിസത്തിനു പഠിക്കുകയാണോയെന്ന് മാധവന് ട്വീറ്ററില്‍ ചോദിച്ചു.
സോളാര്‍ കേസിന്റെ നാള്‍വഴി
കേരളരാഷ്ട്രീയത്തില്‍ ഏറെ വിവാദമുണ്ടാക്കിയ സംഭവമാണ് സോളാര്‍ കേസ്. ഒരു അംഗീകാരവുമില്ലാത്ത ടീം സോളാര്‍ എന്ന കമ്പനി സൗരോര്‍ജ പദ്ധതിയുടെ പേരില്‍ നിരവധിയാളുകളില്‍ നിന്നും പണം തട്ടിയെന്ന വാര്‍ത്തകളാണ് ആദ്യം പുറത്തുവന്നത്.
2013 മാര്‍ച്ച് -ഏപ്രില്‍ മാസങ്ങളിലാണ് സോളാര്‍ ആരോപണം ഉയര്‍ന്നുവരുന്നത്. സരിത എസ് നായര്‍, ബിജു രാധാകൃഷ്ണന് എന്നീ കമ്പനി ഡയറക്ടര്‍മാരുടെ നേതൃത്വത്തിലായിരുന്നു തട്ടിപ്പ്. മുഖ്യമന്ത്രിയുടെ ഓഫീസിനെയും തട്ടിപ്പിന് ഉപയോഗിച്ചു എന്നതിന് തെളിവുകള്‍ പുറത്തുവന്നതോടെ വിവാദങ്ങള്‍ക്ക് വീര്യം കൂടി. സരിത ഉമ്മന്‍ചാണ്ടിയോട് സംസാരിക്കുന്ന ചിത്രം പുറത്തുവന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് 1.9 കോടി കോഴ നല്‍കിയെന്ന് സോളാര്‍ അന്വേഷണ കമ്മീഷനുമുന്നില്‍ സരിത മൊഴി നല്കി.മുഖ്യമന്ത്രിയുടെ പഴ്സണല്‍ സ്റ്റാഫ് അംഗങ്ങളായിരുന്ന ജിക്കുമോന്, ജോപ്പന്, സലിംരാജ് എന്നിവരുടെ പേരും ഇതുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്നു.
ജൂണ്‍ 16 ക്രൈബ്രാഞ്ച് അന്വേഷണം തുടങ്ങി പിറ്റേന്ന് തന്നെ ബിജു രാധാകൃഷ്ണനും അറസ്റ്റിലായി. കേസില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം നടത്തിയ സെക്രട്ടേറിയറ്റ് വളയല്‍ സമരത്തിന് തുടര്‍ച്ചയായി ഓഗസ്റ്റ് 13ന് സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. 2014 മാര്‍ച്ച് 3നാണ് ജസ്റ്റിസ് ശിവരാജന് അധ്യക്ഷനായ കമ്മിഷന് കൊച്ചിയില്‍ സിറ്റിങ് തുടങ്ങിയത്. ഉമ്മന്‍ചാണ്ടിയെ രണ്ടുവട്ടമായി 50മണിക്കുറിലേറെ വിസ്തരിച്ച കമ്മീഷന് മൂന്നുവര്‍ഷവും 11 മാസവും നീണ്ട കാലയളവിനിടെ 343 സിറ്റിങ് നടത്തി സരിത ബിജു രാധാകൃഷ്ണന് എന്നിവരടക്കം 214 പേരെയാണ് ഈ കാലയളവില്‍ വിസ്തരിച്ചത്.
ഇക്കഴിഞ്ഞ സെപ്തംബര്‍ 26നാണ് കമ്മീഷന് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് കൈമാറിയത്. ഒക്ടോബര്‍ 12ന് വേങ്ങര ഉപതെരഞ്ഞെുപ്പ് ദിവസം കമ്മീഷന് റിപ്പോര്‍ട്ടിലെ പ്രസക്തഭാഗങ്ങളും ആക്ഷന്‍ ടേക്കണ്‍ റിപ്പോര്‍ട്ടും സര്‍ക്കാര്‍ പുറത്തുവിട്ടു. മുന്‍മുഖ്യമന്ത്രി ഉമ്മന്ചാണ്ടിയടക്ക ം 14 പേര്‍ക്കെതിരെ സരിത ഉന്നയിച്ച ലൈംഗികാരോപണങ്ങള്‍ അന്വേഷിക്കാനും തീരുമാനിച്ചു. അന്വേഷണം പ്രഖ്യാപിച്ചിട്ടും ജുഡീഷ്യല്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിടാന്‍ തയ്യറാകാത്ത സര്‍ക്കാര്‍ നിലപാടിനെതിരായ പ്രതിപക്ഷ വിമര്‍ശനത്തിനൊടുവിലാണ് സര്‍ക്കാര്‍ അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയുടെ മേശപ്പുറത്ത് വയ്ക്കുന്നത്.
- 2013 സെപ്റ്റംബര്‍ 27 – സോളാര്‍ കേസില്‍ ജുഡീഷ്യല്‍ കമ്മീഷന് രൂപീകരിച്ച് സര്‍ക്കാര്‍ വിജ്ഞാപനം
- 2013 ജൂണ്‍ 2 – സോളാര്‍ തട്ടിപ്പില്‍ സരിത എസ് നായര്‍ അറസ്റ്റില്‍
- ജൂണ്‍ 4 – സോളാര്‍ കേസ് അന്വേഷിക്കാന്‍ കോടതി ഉത്തരവ്
- ജൂണ്‍ 13 – മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ പ്രതിപക്ഷ ആരോപണം
- 2013 ജൂണ്‍ 16 – ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവ്
- ജൂണ്‍ 17 – ബിജു രാധാകൃഷ്ണന് തമിഴ്നാട്ടില്‍ അറസ്റ്റില്‍, എല്‍ഡിഎഫ് മുഖ്യമന്ത്രിയെ ബഹിഷ്കരിച്ചു
- ഓഗസ്റ്റ് 12 – പ്രതിപക്ഷത്തിന്റെ സെക്രട്ടേറിയറ്റ് വളയല്‍ സമരം
- ഓഗസ്റ്റ് 13 – മുഖ്യമന്ത്രി ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു
- 2014 മാര്‍ച്ച് 3 – സോളാര്‍ കമ്മീഷന് കൊച്ചിയില്‍ സിറ്റിങ് തുടങ്ങി
- മെയ് 5 – തെളിവു നല്കാന് 140 നിയമസഭാംഗങ്ങള്‍ക്കും കമ്മീഷന്റെ നോട്ടീസ്
- ഒക്ടോബര്‍ 10 – ശാലുമേനോനെ കമ്മീഷന് വിസ്തരിച്ചു
- ഒക്ടോബര്‍ 14 – സോളാര്‍ കേസ് വഞ്ചനാകേസായി പരിഗണിക്കണമെന്ന് സര്‍ക്കാര്‍ കമ്മീഷനില്‍
- നവംബര്‍7 – മുഖ്യമന്ത്രിയെയും മുഖ്യന്ത്രിയുടെ ഓഫിസിനെയും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്താന്‍ സോളാര്‍ അന്വേഷണ കമ്മീഷന് തീരുമാനിച്ചു
- 2015 ഏപ്രില്‍ 21 – കേരളത്തില്‍ നടന്ന സോളാര്‍ തട്ടിപ്പിന്റെ കേന്ദ്രം ആന്റൊ ആന്റണി എംപിയാണെന്ന് പിസി ജോര്‍ജ് എംഎല്‍എ. സോളാര്‍ കമ്മീഷനില്‍
- ഏപ്രില്‍ 25 – ഉമ്മന്‍ചാണ്ടിക്ക് സരിതയുമായി നല്ല ബന്ധമെന്ന് കെബി ഗണേഷ്കുമര്‍ സോളാര്‍ കമ്മീഷനില്‍
- സെപ്റ്റംബര്‍ 15 – സോളാര്‍ വിഷയത്തില്‍ കേരളാ കോണ്‍ഗ്രസ് ബി നേതാക്കളായ ആര് ബാലകൃഷ്ണപിള്ളയും, കെബി ഗണേഷ്കുമാര് എംഎല്‍എയും ബന്ധപ്പെട്ടിരുന്നെന്ന് സരിതയുടെ അഭിഭാഷകന് അഡ്വക്കേറ്റ് ഫെനി ബാലകൃഷ്ണന്
- ഡിസംബര്‍ 10 – മുഖ്യന്ത്രിയും മന്ത്രിമാരും സരിതയെ ലൈംഗികമായി ഉപയോഗിച്ചു എന്ന് ബിജു രാധാകൃഷ്ണന്. ബിജു രാധാകൃഷ്ണനുമായി തെളിവുകള്‍ ശേഖരിക്കാനായുള്ള സോളാര്‍ കമ്മീഷന്റെ കോയമ്പത്തൂര്‍ യാത്ര
- 2016 ഫെബ്രുവരി 2 – കോണ്‍ഗ്രസ് നേതാക്കളുമായി ഫോണില്‍ സംസാരിക്കുന്ന ശബ്ദരേഖ സരിത സോളാര്‍ കമ്മീഷനില്‍ ഹാജരാക്കി തുടര്‍ന്ന് 24ന് 12 ഓഡിയോ ഫയലുകളടങ്ങിയ പെന്‍ഡ്രൈവ് തെളിവായി സരിത സോളാര്‍ കമ്മീഷന് കൈമാറി.
- ഫെബ്രുവരി 14- മുഖ്യന്ത്രി ഉമ്മന്‍ചാണ്ടിയെ സോളാര്‍ കമ്മീഷന് 14മണിക്കൂറോളം തിരുവനന്തപുരത്ത് വിസ്തരിച്ചു
- ജൂണ്‍ 13 – സോളാര്‍ വിഷയത്തില്‍ സഹായം തേടി ബിജുരാധാകൃഷ്ണനും സരിത എസ് നായരും തന്നെ സമീപിച്ചിട്ടില്ലെന്ന് മുന്‍മന്ത്രി അടൂര്‍ പ്രകാശ് സോളാര്‍ കമ്മീഷനില്‍.
- ജൂണ്‍ 15 – സരിത എസ് നായരെയും ബിജു രാധാകൃഷ്ണനെയും നേരില്‍ കണ്ടിട്ടില്ലെന്ന് ഹൈബി ഈഡന് എംഎല്‍എ സോളാര്‍ കമ്മീഷനില്‍
- ജൂണ്‍25 – മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയുടെ ഓഫിസില്‍ നിന്ന് ശുപാര്ശയുണ്ടായിരുന്നതിനാലാണ് ടീം സോളാര്‍ കമ്പനിയുടെ എറണാകളം എനര്‍ജി മാര്‍ട്ട് ഉദ്ഘാടനം ചെയ്തതെന്ന് കെ ബി ഗണേഷ്കുമാര്
- ജൂണ്‍ 28 – തനിക്ക് ആദ്യം 25ലക്ഷവും പിന്നെ 10ലക്ഷവും കോഴ നല്‍കിയെന്ന സരിതയുടെ മൊഴി കള്ളമെന്ന് കെസി വേണുഗോപാല്‍
- ജൂണ്‍ 29 -ടീം സോളാര്‍ കമ്പനിയില്‍ നിന്ന് 35 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന സരിതയുടെ ആക്ഷേപം അടിസ്ഥാനരഹിതമെന്ന് മുന്‍മന്ത്രി ആര്യാടന് മുഹമ്മദ്
- 2017 ജനുവരി 12 -പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടിയെ വിസ്തരിക്കാന്‍ അനുമതി നല്‍കണമെന്ന ആവശ്യവുമായി സരിത സോളാര്‍ കമ്മീഷനില്‍.
- ജൂണ്‍ 23 – സരിത പൊലീസ് കസ്റ്റഡിയിലെഴുതിയ കത്ത് സോളാര്‍ കമ്മീഷനില്‍
- 2017 ജനുവരി 30 -സരിതയ്ക്കൊപ്പം ശ്രീധരന് നായരെ കണ്ടിട്ടില്ലെന്ന നിലപാടില്‍ ഉറച്ച് ഉമ്മന്‍ചാണ്ടി. ഉമ്മന്‍ചാണ്ടിയെ പിന്നീട് ആറുദിവസം കമ്മീഷന് വിസ്തരിച്ചു
- ജൂലൈ 27 -അന്തിമറിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി കമ്മീഷന്റെ കാലാവധി രണ്ടുമാസം കൂടി നീട്ടി
- സെപ്റ്റംബര്‍ 26-സോളാര്‍ കമ്മീഷന് റിപ്പോര്‍ട്ട് തയ്യാര്‍
- നവംബര്‍ 9-സോളാര്‍ കമ്മീഷന് റിപ്പോര്‍ട്ട് സഭയില്‍ വെച്ചു