ആരോപണങ്ങളില്‍ കരിയുകയോ തളരുകയോ ഇല്ലെന്ന് എ.പി.അനില്‍കുമാര്‍

0
55

എം.മനോജ് കുമാര്‍

തിരുവനന്തപുരം: ആരോപണങ്ങളില്‍ കരിയുകയോ തളരുകയോ ഇല്ലെന്നു മുന്‍ മന്ത്രിയും കോണ്‍ഗ്രസ് എംഎല്‍യുമായ എ.പി.അനില്‍കുമാര്‍ 24 കേരളയോട് പറഞ്ഞു. സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് വന്നശേഷം പ്രതികരിക്കുകയായിരുന്നു അനില്‍കുമാര്‍.

വളരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ അന്നത്തെ കോണ്‍ഗ്രസ് മന്ത്രിയായിരുന്ന എ.പി.അനില്‍കുമാറിനെതിരെയുള്ളത്.

സരിതയെ കേരളത്തിലെ ജനങ്ങള്‍ക്ക് അറിയാവുന്നതാണ്. സരിതയുടെ ആരോപണങ്ങള്‍ തനിയാവര്‍ത്തനങ്ങളാണ്. എല്ലാം സരിത മുന്‍പ് തന്നെ പറഞ്ഞതാണ്. പറഞ്ഞത് പലതും മാറ്റി പറഞ്ഞിട്ടുമുണ്ട്. സരിതയ്ക്ക് എന്ത് വിശ്വാസ്യതയാണ് ഉള്ളത്. സരിതയുടേത് എല്ലാം ആരോപണങ്ങളാണ്. ഈ ആരോപണങ്ങള്‍ എല്ലാം കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്താമോ എന്നത് ചര്‍ച്ച ചെയ്യേണ്ട കാര്യമാണ്- അനില്‍കുമാര്‍ പറഞ്ഞു.

സരിതയുടെ കത്തില്‍ ഉള്ള ആരോപണങ്ങളാണ് പ്രചരിക്കുന്നത്. സരിത എത്ര കത്ത് എഴുതി എന്ന കാര്യം ആര്‍ക്കെങ്കിലും ഓര്‍മ്മയുണ്ടോ? പല കത്തുകളാണ് സരിത എഴുതിയത് എന്ന പേരില്‍ പ്രചരിപ്പിക്കുന്നത്. ഒരു കത്ത് മാധ്യമ പ്രവര്‍ത്തകര്‍ തന്നെ സൂം ചെയ്ത് എടുത്തിട്ടുണ്ട്. പ്രസ് ക്ലബില്‍വെച്ച്. പിന്നെ ഇത് കോണ്‍ഗ്രസിനെതിരെയുള്ള രാഷ്ട്രീയ ആരോപണങ്ങളാണ്. ഇത്തരം ആരോപണങ്ങള്‍ കോണ്‍ഗ്രസ് രാഷ്ട്രീയമായി നേരിടുക തന്നെ ചെയ്യും.

സരിതയ്ക്ക് തന്നെ വിശ്വാസ്യതയില്ല. പിന്നെ സരിതയുടെ കത്തിന് അത്ര വിശ്വാസ്യത കല്‍പ്പിക്കേണ്ട കാര്യമില്ല. പക്ഷെ എല്ലാ ആരോപണങ്ങളും സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ കോണ്‍ഗ്രസ് രാഷ്ട്രീയമായി തന്നെ നേരിടും. പ്രതിപക്ഷ നേതാവ് ഒരു വിട്ടുവീഴ്ചയും സോളാര്‍ ആരോപണങ്ങളെ നേരിടുന്നതില്‍ കാണിച്ചിട്ടില്ല. അത് ഇന്നലെ നിയമസഭയില്‍ തെളിഞ്ഞതുമാണ്. ഓരോരുത്തരായി ആരോപണങ്ങളെ പ്രതിരോധിക്കുന്നില്ല. കോണ്‍ഗ്രസ് പാര്‍ട്ടി ഇത് ഒറ്റക്കെട്ടായി തന്നെ നേരിടും-എ.പി.അനില്‍കുമാര്‍ പറഞ്ഞു.