ഉമ്മന്‍ചാണ്ടിക്കുവേണ്ടി പെയ്ഡ് ക്യാംപെയ്ന്‍; സ്വന്തം നേതാക്കളെ രക്ഷിക്കാന്‍ ഗ്രൂപ്പുകാരുടെ നെട്ടോട്ടം

0
80

എം.മനോജ്‌ കുമാര്‍

തിരുവനന്തപുരം: സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് പരസ്യമായതോടെ കോണ്‍ഗ്രസ് രാഷ്ട്രീയം വിറങ്ങലിച്ച അവസ്ഥയില്‍. സോളാറുമായി ബന്ധപ്പെട്ട്‌ ഉമ്മന്‍ചാണ്ടിയും മുന്‍ കോണ്‍ഗ്രസ് മന്ത്രിമാരും എംഎല്‍എമാരുമൊക്കെ ഉള്‍പ്പെട്ട അഴിമതി-ലൈംഗിക ആരോപണങ്ങള്‍ പരസ്യമായതോടെ എന്ത് ചെയ്യണമെന്നറിയാതെ നിശ്ചലമായ അവസ്ഥയിലാണ് പാര്‍ട്ടി.

ഒരു സന്ദിഗ്ധാവസ്ഥ പാര്‍ടിയെ ചൂഴ്ന്നു നില്‍ക്കുകയാണ്. പതീറ്റാണ്ടുകളായി കേരളത്തില്‍ കോണ്‍ഗ്രസിനെ നയിച്ചുകൊണ്ടിരിക്കുന്ന ഉമ്മന്‍ചാണ്ടി തന്നെ ആരോപണങ്ങളുടെ ശരശയ്യയില്‍ പതിച്ചതാണ് പാര്‍ട്ടിയെ വിറങ്ങലിച്ച് നിര്‍ത്തുന്നത്. ഉമ്മന്‍ചാണ്ടിയും ഒപ്പമുള്ള എ ഗ്രൂപ്പ് നേതാക്കളുമാണ് പ്രധാനമായും സോളാര്‍ അപവാദങ്ങളില്‍പ്പെട്ടത്. പൊതുവേ ഗ്രൂപ്പ് പോരുകള്‍ക്ക് ഒരു അവധിയും നല്‍കാത്ത കോണ്‍ഗ്രസ് നേതാക്കള്‍ പരസ്പരം കണക്ക് തീര്‍ക്കാന്‍ ഈ അവസരം ഉപയോഗിച്ച് തുടങ്ങിയതോടെ കോണ്‍ഗ്രസ് രാഷ്ട്രീയം ഒരു പൊട്ടിത്തെറിയിലേക്ക് നീങ്ങുകയാണ്.

കോണ്‍ഗ്രസ് ഗ്രൂപ്പുകള്‍ ചേരി തിരിഞ്ഞാണ് വിവാദ നേതാക്കളെ രക്ഷിക്കാന്‍ ശ്രമിക്കുന്നത്. ഉമ്മന്‍ചാണ്ടിക്കൊപ്പമുള്ളവര്‍ ഉമ്മന്‍ ചാണ്ടിയെ മാലാഖയെപ്പോലെ വാഴ്ത്തിപ്പാടി, പരിശുദ്ധനാണെന്ന് കൊട്ടിഘോഷിച്ച് ഒപ്പമുണ്ട്. സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് ഇന്നലെ പരസ്യമാകുമെന്നു അറിയുന്നതിനാല്‍ രമേശ്‌ ചെന്നിത്തല കാസര്‍കോട് നിന്നും ആരംഭിച്ച ‘പടയൊരുക്കം’ യാത്ര മുതല്‍ എ ഗ്രൂപ്പ് ഉമ്മന്‍ചാണ്ടി ക്യാംപെയ്ന്‍ ആരംഭിച്ചിട്ടുണ്ട്.

പടയൊരുക്കം യാത്ര ആരംഭിച്ചപ്പോള്‍ മുതല്‍ ഒരു പെയ്ഡ് ക്യാംപെയ്ന്‍ തന്നെ ഉമ്മന്‍ചാണ്ടിക്ക് വേണ്ടി എ ഗ്രൂപ്പ് ആരംഭിച്ചിട്ടുണ്ട്. പടയൊരുക്കം തുടങ്ങിയ വേളയില്‍ ഒരു ഗ്രൂപ്പ് ആളുകള്‍ ഉമ്മന്‍ചാണ്ടിക്ക് ചുറ്റും വളഞ്ഞു നില്‍ക്കുക. മുദ്രാവാക്യം വിളിക്കുക. കോണ്‍ഗ്രസ് രക്ഷകന്‍ ഉമ്മന്‍ചാണ്ടി എന്ന രീതിയില്‍ ഉയര്‍ത്തിക്കാട്ടുക. ഈ ക്യാംപെയ്ന്‍ വിപുലമായ രീതിയില്‍ എ ഗ്രൂപ്പ് മുന്‍പേ തന്നെ തുടങ്ങിയിട്ടുണ്ട്.

ഉമ്മന്‍ചാണ്ടിയെ രക്ഷിക്കുക. ആരോപണത്തില്‍പ്പെട്ട മറ്റുള്ളവരെ ഒഴിവാക്കുക. ഇതാണ് ഇപ്പോള്‍ എ ഗ്രൂപ്പ്‌ പയറ്റുന്നത്. ഇന്നലെ ചാനല്‍ ചര്‍ച്ചയില്‍ ടി.സിദ്ദിഖ് ഉമ്മന്‍ചാണ്ടിയെ വാഴ്ത്തിപ്പാടിയപ്പോള്‍ അവതാരക തന്നെ ചോദ്യം ഉതിര്‍ത്തു. ഉമ്മന്‍ചാണ്ടി മാത്രം രക്ഷിക്കപ്പെട്ടാല്‍ മതിയോ? മറ്റ് നേതാക്കള്‍ ഇല്ലേ. അവര്‍ കുറ്റക്കാരാണ് എന്നാണോ പറയുന്നത്? ഈ ചോദ്യത്തിനു സിദ്ദിഖിന് ഉത്തരമുണ്ടായില്ല. ഈ നിലയിലാണ് ഇപ്പോഴത്തെ കോണ്‍ഗ്രസ് രാഷ്ട്രീയം നീങ്ങുന്നത്.

സരിതയുടെ ആരോണപണങ്ങളില്‍പ്പെട്ട ഓരോരുത്തരെയും അവരവരുടെ ഗ്രൂപ്പുകള്‍  രക്ഷിക്കാന്‍ ശ്രമിക്കുന്നു. ഉമ്മന്‍ചാണ്ടിക്ക് വേണ്ടി നടക്കുന്ന പെയ് ഡ് ക്യാംപെയ്ന്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ കോണ്‍ഗ്രസിലെ ഒരു പ്രമുഖ നേതാവ് 24 കേരളയോടു പറഞ്ഞു. ‘എനിക്കറിയാം ഇത്. പക്ഷെ എത്രകാലം ഈ ക്യാംപെയ്ന്‍ ഉമ്മന്‍ചാണ്ടിക്കോ,  എ ഗ്രൂപ്പ് നേതാക്കള്‍ക്കോ നടത്താന്‍ കഴിയും. പെട്രോള്‍ തീര്‍ന്നാല്‍ കാര്‍ നിന്ന് പോകും’- നേതാവ് പ്രതികരിച്ചു.

ഇന്നലെ നിയമസഭയില്‍ സോളാര്‍ റിപ്പോര്‍ട്ട് വെച്ചപ്പോള്‍ പ്രതിപക്ഷത്ത് നിന്ന് സംസാരിച്ച പ്രതിപക്ഷ  നേതാവ് രമേശ്‌ ചെന്നിത്തല സര്‍ക്കാര്‍ നീക്കങ്ങളെ കശക്കിയെറിയാനൊന്നും
മിനക്കെട്ടില്ല. സാങ്കേതികതയില്‍ ഊന്നിയാണ് ചെന്നിത്തല പ്രതിരോധം തീര്‍ത്തത്. അത് ഫലപ്രദമാവുകയും ചെയ്തില്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് ഉമ്മന്‍ചാണ്ടി സരിതയോട് ചെയ്ത കാര്യങ്ങള്‍ പരസ്യമാക്കാന്‍ രമേശ്‌ ചെന്നിത്തല ആവശ്യപ്പെട്ടതായി സോളാര്‍ കേസിലെ വിവാദ നായിക സരിത ഇന്നലെ പറഞ്ഞിരുന്നു.

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം പുറത്തുവന്നതിനു പിന്നാലെയാണ് സരിത പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേര് വെളിപ്പെടുത്താതെ സഭയില്‍ മുന്നോട്ട് പോകുമ്പോള്‍ സരിത ഉയര്‍ത്തിയ ലൈംഗിക ആരോപണങ്ങളുമായി ബന്ധപ്പെട്ട് ഉമ്മന്‍ചാണ്ടിയുടെ പേര് വെളിപ്പെടുത്തിയത് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയായിരുന്നു. ഇത് മുഖ്യമന്ത്രി തന്നെ സഭയില്‍ ചൂണ്ടിക്കാട്ടുകയും ചെയ്തു.

കോണ്‍ഗ്രസിനെ അമ്പരപ്പിക്കാന്‍ മാത്രമുള്ള കണ്ടെത്തലുകള്‍ സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിലുണ്ട്. ഉമ്മന്‍ചാണ്ടി 2.16 കോടി രൂപ സരിതയില്‍ നിന്ന് കൈപ്പറ്റി. ഉമ്മന്‍ചാണ്ടി ക്ലിഫ് ഹൗസില്‍ വെച്ച്‌ ഒന്നിലേറെ തവണ സരിതയെ ലൈംഗികമായി ചൂഷണം ചെയ്തു. ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനായ തോമസ് കുരുവിളയും ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനും 50 ലക്ഷം രൂപവീതം സരിതയില്‍ നിന്ന് കൈപ്പറ്റി. അന്നത്തെ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉമ്മന്‍ചാണ്ടിയെ രക്ഷിക്കാന്‍ പൊലീസിനെ ഉപയോഗിച്ചു.

മുന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ് സരിതയെ ലൈംഗികമായി പീഡിപ്പിച്ചു. 25 ലക്ഷം രൂപയും കൈപ്പറ്റി. മന്ത്രിയായിരുന്ന എ പി അനില്‍കുമാര്‍ സരിതയെ പലതവണ ചൂഷണം ചെയ്തു. സെക്രട്ടറി നസറുള്ളവഴി ഏഴ് ലക്ഷം രൂപയും വാങ്ങി. മുന്‍ മന്ത്രി അടൂര്‍ പ്രകാശ് ബംഗളൂരുവിലെ ഹോട്ടലില്‍ വെച്ച്‌ സരിതയെ പീഡിപ്പിച്ചു. ഹൈബി ഈഡന്‍ എംഎല്‍എ ഹോസ്റ്റലില്‍ വെച്ചും ഗസ്റ്റ് ഹൌസില്‍ വെച്ചും സരിതയെ പീഡിപ്പിച്ചു. കെ സി വേണുഗോപാലും സരിതയെ ബലാത്സംഗം ചെയ്തു തുടങ്ങി ഒട്ടുവളരെ കണ്ടെത്തലുകളാണ് സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിലുള്ളത്.

ഇതെല്ലാം അഴിമതിയുടെ പരിധിയില്‍ വരും. പ്രത്യേക അന്വേഷണ സംഘം അന്വേഷിച്ച് ഈ കാര്യങ്ങളില്‍ കേസെടുക്കാമെന്ന്‌ നിയമോപദേശത്തില്‍ മുന്‍ സുപ്രീം കോടതി അരിജിത്ത് പസായത് അറിയിച്ചിട്ടുണ്ട്. അത് മാത്രമല്ല ഈ വിവാദക്കൊടുങ്കാറ്റില്‍ എങ്ങിനെ ഉമ്മന്‍ചാണ്ടിയെ കുടുക്കാം എന്ന കാര്യത്തിലും ഇടത് പശ്ചാത്തലം കൂടിയുള്ള ജസ്റ്റിസ് ആയ അരിജിത് പസായത് നിയമോപദേശം നല്കിയിട്ടിട്ടുണ്ട്. ഈ നിയമോപദേശം ഒരു പിടിവള്ളിയായി കരുതിയിട്ടാണ് ഇടത് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്.

ഈ കാര്യം  എ ഗ്രൂപ്പിനും ഉമ്മന്‍ചാണ്ടിക്കും കോണ്‍ഗ്രസ് നേതൃത്വത്തിനും അറിയാം. അതുകൊണ്ടുതന്നെ
വളരെ കരുതിയാണ് കോണ്‍ഗ്രസ് നേതൃത്വം സോളാര്‍ വിവാദക്കൊടുങ്കാറ്റില്‍ മുന്നോട്ട് പോകുന്നത്. ഈ കാലിടറലിലും കോണ്‍ഗ്രസ് നേതാക്കളെ ഭയപ്പെടുത്തുന്നത് പരസ്പരം കണക്കു തീര്‍ക്കാനുള്ള വഴിയായി സോളാര്‍ റിപ്പോര്‍ട്ടിനെ കോണ്‍ഗ്രസ് നേതാക്കള്‍ ഉപയോഗപ്പെടുത്തും എന്നതിലാണ്. അതിന്റെ ലക്ഷണങ്ങള്‍ ചെന്നിത്തല നിയമസഭയില്‍ തന്നെ പരസ്യമാക്കി. സോളാര്‍ കേസില്‍ ബ്ലാക്ക് മെയിലിംഗിന് താന്‍ വിധേയനാക്കപ്പെട്ടതായി ഉമ്മന്‍ചാണ്ടിയും ഇന്നലെ പരസ്യമായി ആരോപിച്ചിട്ടുണ്ട്.

സോളാര്‍ കമ്മിഷന്‍ വിശദാംശങ്ങള്‍ മുഖ്യമന്ത്രി ധൃതിയില്‍ പരസ്യമാക്കിയപ്പോള്‍ അതിലും ധൃതിയിലാണ് സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിലുള്ളത് ഗുരുതര ആരോപണങ്ങള്‍ എന്ന് വി.ഡി.സതീശന്‍ പ്രതികരിച്ചത്. നിയമസഭയില്‍ വെക്കും മുന്‍പാണ്  വെയ്ക്കും മുമ്പായിരുന്നു സതീശന്റെ പ്രതികരണം.
ഈ രീതിയില്‍ പ്രതികരിക്കാന്‍ വി.ഡി.സതീശന് എങ്ങിനെ സോളാര്‍ കമ്മിഷന്‍ വിശദാംശങ്ങള്‍ ലഭിച്ചു എന്നും ചോദ്യം ഉയരുന്നു.

സഭയുടെ മേശപ്പുറത്ത് വയ്ക്കും മുന്‍പ് സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് പുറത്തു പോയോ? ഈ ചോദ്യത്തിനും മറുപടി ലഭിച്ചിട്ടില്ല. സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ ഉള്ളത് ഗുരുതരമായ ആരോപണങ്ങളാണെന്ന്‌ ഇന്നലെ മുന്‍ കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍ പ്രതികരിച്ചിട്ടുണ്ട്.
ആരോപണങ്ങള്‍ മുഴുവന്‍ ഉമ്മന്‍ ചാണ്ടിക്കും ഒരു ഡസന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കുമെതിരെയാണ്. സുധീരന്റെയും വി.ഡി.സതീശന്‍റെയും പ്രതികരണങ്ങള്‍ ഗ്രൂപ്പ് പോരുകള്‍ക്കും പരസ്പരമുള്ള കണക്ക് തീര്‍ക്കലുകള്‍ക്കും ഉള്ള ശ്രമങ്ങളാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ വിലയിരുത്തുന്നു.

കോണ്‍ഗ്രസില്‍ അണഞ്ഞു കിടക്കുന്ന ഗ്രൂപ്പ് പോരുകള്‍ സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ ശക്തി പ്രാപിക്കുകയാണ്. ഈ ഗ്രൂപ്പ് പോരുകള്‍ക്കിടയില്‍ ഫലപ്രദമായി ഒരുകാലത്ത്  ഇടപെട്ടിരുന്ന ഹൈക്കമാന്‍ഡും നിലവില്‍ ദുര്‍ബലമായ അവസ്ഥയിലാണ്. ഹൈക്കമാന്‍ഡിന്റെ
ഭാഗമായി ഡല്‍ഹിയില്‍ നിന്നും ഇടപെട്ടിരുന്ന കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മറ്റി അംഗം എ.കെ.ആന്റണിയുടെ മകന്‍ കൂടി സരിത വിവാദത്തില്‍ ആരോപണവിധേയനാവുകയും ചെയ്തു. ഇത് കോണ്‍ഗ്രസ് പതിച്ചിട്ടുള്ള പരിതാപകരമായ അവസ്ഥയുടെ ആഴം കൂട്ടുന്നു.